'എന്തുപറ്റി..നിങ്ങൾ ഓക്ക അല്ലേ?; ഞാൻ പൊട്ടിക്കരഞ്ഞു പോയി..!'; ആ ട്രാഫിക് പോലീസുകാരന്റെ ഒരൊറ്റ ചോദ്യത്തിൽ എന്റെ എല്ലാ ടെൻഷനും പമ്പ കടന്നു; പിന്നെ നടന്നത് വിചിത്ര സംഭവങ്ങൾ; ഹൃദ്യമായി ഒരു കുറിപ്പ്
ചെന്നൈ: ഓരോ ദിവസവും വലിയ പ്രതിസന്ധികളിലൂടെയാണ് മനുഷ്യർ കടന്നുപോകുന്നത്. പലവിധ സമ്മര്‍ദ്ദങ്ങളാണ് ദിനവും നേരിടുന്നത്. അതിനിടയിൽ ചിലർ നമ്മുടെ ജീവിതത്തിൽ അപ്രത്യക്ഷമായി കടന്നുവരുന്നത് കുറച്ചെങ്കിലും ആശ്വാസമേകും. അത്തരമൊരു ഹൃദയം തൊടുന്ന ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഒരു ട്രാഫിക് പോലീസുകാരന്റെ ലളിതമായ ഒരേയൊരു ചോദ്യം നൽകിയ ആശ്വാസത്തെ കുറിച്ച് വിവരിക്കുകയാണ് ചെന്നൈ സ്വദേശിയായ യുവതി.
മനസ്സ് മുഴുവൻ ടെൻഷൻ അടിച്ചാണ് നഗരത്തിലൂടെ കാറോടിച്ച് പോയത്. ഇടയ്ക്ക് ട്രാഫിക് പോലീസുകാരൻ കൈ കാണിച്ചപ്പോൾ വണ്ടി ഇത്തിരി പേടിച്ചാണ് നിര്‍ത്തിയത്. പക്ഷെ അദ്ദേഹത്തിന്റെ ചോദ്യം അവരുടെ സമ്മര്‍ദ്ദങ്ങളെ അലിയിച്ചുകളഞ്ഞു. 'എന്തുപറ്റി, താങ്കൾ ഓക്ക അല്ലേ?' എന്ന ആ പോലീസുകാരന്റെ ചോദ്യത്തിന് മുന്നിൽ തനിക്ക് കരച്ചിലടക്കാനായില്ലെന്നും യുവതി കുറിക്കുകയും ചെയ്തിട്ടുണ്ട്.
ചെന്നൈ ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ സ്ഥാപകയാണ് ജനനി പോർക്കോടി. ഇവര്‍ ലിങ്ക്ഡ്ഇനിലാണ് ജനനി ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. സമ്മർദ്ദപൂരിതമായ ആഴ്ചയിൽ ട്രാഫിക് പോലീസുകാരനുമായുള്ള ഒരു ചെറിയ കൂടിക്കാഴ്ച എങ്ങനെ തനിക്ക് ആശ്വാസം നൽകിയെന്ന് ജനനി പറയുന്നു.
ജനനിയുടെ വാക്കുകൾ...
'കഴിഞ്ഞയാഴ്ച ഞാൻ ഒരു ട്രാഫിക് പോലീസുകാരന്റെ മുന്നിൽ ഞാൻ കരഞ്ഞുപോയി. വാഹനമോടിക്കുകയായിരുന്നു, പറഞ്ഞറിയിക്കാനാവാത്ത വിധം സമ്മര്‍ദ്ദത്തിലായിരുന്നു ഞാൻ. ജോലിയും, സമ്മർദ്ദവും, പ്രതീക്ഷകളും എല്ലാം ഒന്നൊന്നായി കുമിഞ്ഞിരുന്നു. ഇതിനിടെ ഒരു ട്രാഫിക് പോലീസുകാരൻ എന്നെ തടഞ്ഞു, എന്തായിരുന്നു കാരണം എന്ന് പോലും എനിക്കോർമ്മയില്ല.'എന്തുപറ്റി? നിങ്ങൾ ഓക്കെയാണോ?' എന്ന് അദ്ദേഹം ചോദിച്ചത് തൻ്റെ എല്ലാ സമ്മർദ്ദങ്ങളെയും അലിയിച്ചുകളഞ്ഞു. അവിടെ വച്ച് ഞാൻ പൊട്ടിക്കരഞ്ഞു.
അനുകമ്പയുടെ ആ നിമിഷം തന്നെ കൂടുതൽ "സ്വയം നിയന്ത്രിക്കാൻ' പ്രാപ്തയാക്കി. ആത്മാർത്ഥമായ കരുതലോടെയുള്ള ഒരാളുടെ ചോദ്യം കേട്ടാണ് ഞാൻ കരഞ്ഞത്. അപ്രതീക്ഷിതമായ ആ ദയ, ആഴ്ചകളായി ഞാൻ ഉള്ളിലൊതുക്കിയ എല്ലാ വികാരങ്ങളെയും പുറത്തുവിടാൻ എന്നെ സഹായിച്ചു, വിചിത്രമെന്നു പറയട്ടെ, ആ കരച്ചിൽ എന്റെ മനസിന് ഭാരം കുറയക്കാൻ സഹായിച്ചു. ശേഷം എനിക്ക് വലിയ ആശ്വാസം തോന്നി,' ജനനി പറയുന്നു.
'നമ്മൾ എത്ര ശക്തരാവാൻ ശ്രമിച്ചാലും, നമ്മളെല്ലാവരും ദുർബലരാണ്. തളർന്നുപോവുന്നത് തെറ്റല്ല. വികാരങ്ങളെ അനുഭവിക്കുന്നത് തെറ്റല്ല. ആരെങ്കിലും ബുദ്ധിമുട്ടുന്നത് കണ്ടാൽ, ഒരു നല്ല വാക്ക് ശരിക്കും മാറ്റമുണ്ടാക്കും. നമ്മളോട് തന്നെയും പരസ്പരവും ദയയോടെ പെരുമാറാം.' പോസ്റ്റിൽ ജനനി പറഞ്ഞു. ഇപ്പോൾ യുവതിയുടെ ഈ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.