സജിതയെ കൊന്നപ്പോള്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഒന്നും പ്രതിയല്ല; ജാമ്യത്തില്‍ ഇറങ്ങി നടത്തിയ ഇരട്ടക്കൊലയില്‍ കുറ്റവാളിയെന്ന് കോടതിയും വിധിച്ചില്ല; ഈ രണ്ടു പോയിന്റില്‍ പൊത്തുണ്ടിയിലെ ആദ്യ കൊല അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വം അല്ലാതെയായി; ചെന്തമാരയ്‌ക്കെതിരെയുള്ളത് നീതിബോധമുള്ള ജഡ്ജിന്റെ സാമൂഹിക നീതി ഉറപ്പാക്കും വിധി ന്യായം
പാലക്കാട്: ആദ്യം സജിതയെ കൊന്നു. പിന്നീട് സജിതയുടെ ഭര്‍ത്താവിനേയും ഭര്‍ത്താവിന്റെ അമ്മയേയും. എന്നിട്ടും സജിതയെ കൊന്നത് അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായില്ല? അതിന് കൃത്യമായ മറുപടി പറയുകയാണ് പ്രോസിക്യൂട്ടര്‍. സജിതയെ കൊന്ന കേസിന്റെ വിചാരണയാണ് പൂര്‍ത്തിയായത്. ഇതില്‍ ചെന്താമര കുറ്റക്കാരനാണെന്ന് തെളിഞ്ഞു. എന്നാല്‍ രണ്ടാമത് നടന്ന ഇരട്ടക്കൊലയില്‍ കോടതിയില്‍ വിചാരണ പോലും നടന്നിട്ടില്ല. അന്തിമമായി ചെന്താമരയെ കുറ്റക്കാരനെന്ന് ഈ കേസില്‍ ശിക്ഷിച്ചതുമില്ല. അതുകൊണ്ട് തന്നെ സജിതയെ കൊല്ലം മുമ്പ് കുറ്റകൃത്യങ്ങളില്‍ പെടാത്ത ചെന്താമരയെ കൊടും കുറ്റവാളിയായി കാണാന്‍ സജിതാ കേസില്‍ വിചാരണ നടന്ന കോടതിയ്ക്ക് കഴിയില്ല. ഈ സാഹചര്യത്തിലാണ് ഇരട്ട ജീവപര്യന്തം. ജീവപര്യന്തം എന്നാല്‍ ജീവിതാവസാനം വരെ ശിക്ഷ എന്നാണ് അര്‍ത്ഥം. അത് 14 കൊല്ലമായും മറ്റും നിശ്ചയിക്കുന്നത് സര്‍ക്കാരാണ്. അതായത് സജിതയുടെ ഭര്‍ത്താവിനേയും അമ്മയേയും കൊന്ന കേസില്‍ അര്‍ത്ഥ ശങ്കയ്ക്കിടയില്ലാതെ ചെന്താമര കുറ്റക്കാരനെന്ന് ആ വിചാരണ കാലത്ത് പ്രോസിക്യൂഷന് തെളിയിക്കാനായാല്‍ അത് നിര്‍ണ്ണായകമാകും. ആ കേസില്‍ ചെന്താമരയ്ക്ക് തൂക്കു കയര്‍ കിട്ടുകയും ചെയ്യാം. ആ കുറ്റകൃത്യം തെളിഞ്ഞാല്‍ അത് അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമാകും. ഈ സാഹചര്യത്തിലാണ് സജിത കൊലക്കേസിലെ വിധിയില്‍ രണ്ടു പെണ്‍കുട്ടികളും പൂര്‍ണ്ണ തൃപ്തി രേഖപ്പെടുത്തുന്നത്.
പ്രതിയ്ക്ക് പരോള്‍ നല്‍കരുതെന്ന് പറയാനുള്ള അധികാരം വിചാരണ കോടതിക്കില്ല. അതുകൊണ്ടാണ് ഇയാള്‍ ഇനിയും കൊല ചെയ്യുമെന്ന് കോടതി പറയുന്നത്. പരോള്‍ നല്‍കുമ്പോള്‍ സാക്ഷികള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഒരുക്കണമെന്നും പറയുന്നു. ഫലത്തില്‍ പരോള്‍ നല്‍കുന്നതിലെ പ്രതിസന്ധികള്‍ ഉയര്‍ത്തിക്കാട്ടുകായണ് കോടതി. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി കെന്നത്ത് ജോര്‍ജാണ് വിധി പ്രസ്താവിച്ചത്. അധികാര പരിധിയില്‍ നിന്നുള്ള നിയമം ഉയര്‍ത്തി പിടിക്കുന്ന വിധിന്യായം. സജിതാ വധക്കേസില്‍ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തവും അഞ്ച് വര്‍ഷം തടവുമാണ് വിധിച്ചത്. മൂന്നേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കേസിനെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണാനാവില്ലെന്നുംകോടതി വ്യക്തമാക്കി. പ്രതിയുടെ മാനസിക നില ഭദ്രമെന്നും കോടതി നിരീക്ഷിച്ചു. മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകില്ലെന്ന് പ്രോസിക്യൂട്ടര്‍ എംജെ വിജയകുമാര്‍ പറഞ്ഞു.
ഭാര്യയുമായി പിരിയേണ്ടി വന്നതിന്റെ ദേഷ്യത്തിലായിരുന്നു കൊലപാതകം. 2019 ഓഗസ്റ്റ് 31-നാണ് ലോറി ഡ്രൈവറായിരുന്ന ചെന്താമര നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയന്‍ കോളനിയില്‍ സജിതയെ കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാന്‍ കാരണം സജിതയും കുടുംബവുമാണെന്ന് സംശയിച്ചായിരുന്നു ആക്രമണം. നീണ്ട മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബവഴക്കിന് കാരണമെന്ന് ഏതോ മന്ത്രവാദി ചെന്താമരയോട് പറഞ്ഞതോടെ സജിതയെ സംശയിക്കുകയായിരുന്നു. അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ സജിതയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ പ്രതി ചെന്താമരയുടെ ഭാര്യ ഉള്‍പ്പെടെ 67 സാക്ഷികളാണ് ഉണ്ടായിരുന്നത്. കേസില്‍ നിര്‍ണായകമായത് സജിതയുടെ വീട്ടില്‍ കണ്ട ചെന്താമരയുടെ കാല്‍പാടുകളാണ്. സജിത കൊലക്കേസില്‍, ജാമ്യത്തിലിറങ്ങിയ ശേഷം ജനുവരിയിലാണ് ചെന്താമര സജിതയുടെ ഭര്‍ത്താവ് സുധാകരന്‍, ഭര്‍തൃമാതാവ് ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതി കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാദ്ധ്യതയുണ്ടെന്നും നന്നാകുമെന്ന പ്രതീക്ഷയില്ലെന്നും കോടതി നിരീക്ഷിച്ചു. ചെന്താമര പിഴ അടക്കുമെന്ന് പ്രതീക്ഷയില്ല. ജാമ്യം നല്‍കേണ്ട സാഹചര്യമുണ്ടായാല്‍ സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.വിധി കേട്ടിട്ടും പ്രതിയുടെ മുഖത്ത് ഭാവഭേദങ്ങളൊന്നുമുണ്ടായിരുന്നില്ല. വിധിയില്‍ സന്തോഷമുണ്ടെന്ന് നെന്മാറ എംഎല്‍എ കെ ബാബു പ്രതികരിച്ചു. പ്രത്യേകതരം മാനസികാവസ്ഥയാണ് ചെന്താമരയുടേതെന്നും ഈ വിധി പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രതിക്ക് പരോള്‍ പോലും നല്‍കരുതെന്നും വധശിക്ഷ വിധിക്കണമെന്നും പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ ചെന്താമര രണ്ടുപേരെക്കൂടി കൊലപ്പെടുത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇരട്ടക്കൊല ഈ കേസുമായി കൂട്ടിക്കുഴക്കരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വ കേസല്ലെന്നും വാദിച്ചിരുന്നു.
2019 ഓഗസ്റ്റ് 31നാണ് അയല്‍വാസിയായിരുന്ന പോത്തുണ്ടി തിരുത്തംപാടം ബോയന്‍ കോളനിയില്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര വെട്ടിക്കൊന്നത്. തുടര്‍ന്ന് പോത്തുണ്ടി വനമേഖലയില്‍ ഒളിച്ചുകഴിയുകയായിരുന്ന ചെന്താമരയെ രണ്ടുദിവസത്തെ തെരച്ചിലിനൊടുവിലാണ് പിടികൂടിയത്. 2020ലാണ് ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്. 2025 ഓഗസ്റ്റ് നാലിന് സാക്ഷിവിസ്താരം ആരംഭിച്ചു. റിമാന്‍ഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷം 2025 ജനുവരി 27ന് സജിതയുടെ ഭര്‍ത്താവ് സുധാകരന്‍ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.