ശബരിമല വിമാനത്താവള പദ്ധതിയില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി; ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍ക്കാരിന് ഉടമാവകാശമില്ലെന്ന് പാലാ സബ്കോടതി; അയന ചാരിറ്റബിള്‍ ട്രസ്റ്റ് കൈവശം വെച്ചിരിക്കുന്ന 2570 ഏക്കര്‍ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞു സര്‍ക്കാറില്‍ വന്നുചേര്‍ന്നെന്ന് വാദം അംഗീകരിക്കാതെ കോടതി; വിമാനത്താവളം വരണമെങ്കില്‍ ഉടമകള്‍ക്ക് പണം നല്‍കിയേ ഭൂമി എടുക്കാനാവൂ
ശബരിമല വിമാനത്താവള പദ്ധതിയില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി
കോട്ടയം: സംസ്ഥാന സര്‍ക്കാറിന് തിരിച്ചടിയായി ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കലിലെ കോടതി വിധി. നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍ക്കാരിന് ഉടമാവകാശമില്ലെന്ന് പാലാ സബ്കോടതി വിധിച്ചു. സര്‍ക്കാര്‍ ഹര്‍ജി തള്ളിയ കോടതി ഭൂമിയുടെ ഉടമസ്ഥാവകാശം അയന ചാരിറ്റബിള്‍ ട്രസ്റ്റിനാണെന്നു വ്യക്തമാക്കി. ഇപ്പോള്‍ അയന ചാരിറ്റബിള്‍ ട്രസ്റ്റ് കൈവശം വെച്ചിരിക്കുന്ന 2570 ഏക്കര്‍ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞതാണെന്നും ഇത് സര്‍ക്കാരില്‍ നിഷിപ്തമാകുമെന്നും കാണിച്ച് കോട്ടയം കലക്ടറാണ് കോടതിയെ സമീപിച്ചത്. ഇതിന്റെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.
2018ല്‍ രാജമാണിക്യം കമ്മിറ്റി, ചെറുവള്ളി അടക്കമുള്ള എസ്റ്റേറ്റുകളുടെ പാട്ടക്കാലാവധി തീര്‍ന്നതാണെന്നും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ശുപാര്‍ശ നല്‍കിയിരുന്നു. സര്‍ക്കാര്‍ ഏറ്റെടുക്കല്‍ വിജ്ഞാപനവും നടത്തി. എന്നാല്‍ ഭൂമിയുടെ മുന്‍ ഉടമകളായ ഹാരിസണ്‍ മലയാളം ഹൈക്കോടതിയെ സമീപിച്ചു. ഭൂമി ഏറ്റെടുക്കല്‍ കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാനാണ് നിര്‍ദേശിച്ചത്. പിന്നീട് സുപ്രീംകോടതിയും സമാനനിരീക്ഷണം നടത്തി. ഇതോടെയാണ് സര്‍ക്കാര്‍ പാലാ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകവെയാണ് ഇത്തരത്തില്‍ തിരിച്ചടി നേരിട്ടത്. ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന 2,263 ഏക്കര്‍ സ്ഥലത്തിന്റെ കാര്യത്തില്‍ ഈ വിധി ഏറെ നിര്‍ണായകമാണ്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലായി. ഇനി അയന ചാരിറ്റബിള്‍ ട്രസ്റ്റില്‍നിന്നു സര്‍ക്കാര്‍ ഈ സ്ഥലം വാങ്ങുകയോ അല്ലെങ്കില്‍ ട്രസ്റ്റ് വിട്ടുനല്‍കുകയോ ചെയ്യേണ്ടിവരും.
എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് ഈ സ്ഥലം. 1910-ലെ സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രകാരം ഈ സ്ഥലം സര്‍ക്കാര്‍ വക പാട്ടം വിഭാഗത്തില്‍പ്പെട്ടതാണെന്ന് സര്‍ക്കാര്‍ വാദിച്ചത്. നിലവില്‍ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം അയന ചാരിറ്റബിള്‍ ട്രസ്റ്റിനാണ്. അവരുടെ മുന്‍ഗാമികളായ ഹാരിസണ്‍ നിയമവിരുദ്ധമായി ഭൂമി അയനയ്ക്ക് വിറ്റെന്നും ഭൂമി സര്‍ക്കാരിന്റെയാണെന്നുമാണ് റവന്യൂ വകുപ്പ് വാദം. 2263 ഏക്കര്‍ ഭൂമിക്ക് എല്ലാ രേഖകളും കൈവശമുണ്ടെന്നായിരുന്നു ട്രസ്റ്റിന്റെ വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനവും അനുബന്ധ റിപ്പോര്‍ട്ടുകളും കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിമാനത്താവളത്തിനായി എരുമേലി മണിമല വില്ലേജിലെ ചെറുവള്ളി എസ്റ്റേറ്റും സമീപപ്രദേശങ്ങളും ഉള്‍പ്പെടെ 2570 ഏക്കര്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ പ്രാഥമിക വിജ്ഞാപനമായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്.വലിയ വിമാനങ്ങള്‍ ഇറങ്ങുന്ന വിമാനത്താവളങ്ങള്‍ക്ക് പോലും 1,200 ഏക്കര്‍ ഭൂമി മതിയാകുമെന്നിരിക്കെ ഇവിടെ എന്തിനാണ് ഇത്രയധികം ഭൂമിയെന്ന് കോടതി ചോദിച്ചു.
വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം രണ്ടാമതും ഹൈക്കോടതി റദ്ദാക്കിയിരുന്നു. എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ 2263 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടെ 2570 ഏക്കര്‍ ഏറ്റെടുക്കാനായിരുന്നു വിജ്ഞാപനം.2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം, ഒരു പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ അത് ആ പദ്ധതിക്ക് ആവശ്യമുള്ള ഏറ്റവും കുറഞ്ഞ അളവ് മാത്രമായിരിക്കണം. എന്നാല്‍ ഇത്രയും വലിയ വിസ്തൃതിയില്‍ ഭൂമി ഏറ്റെടുക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കാന്‍ സാമൂഹിക ആഘാത പഠനത്തിനോ വിദഗ്ധ സമിതിക്കോ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.
ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനത്തിനു മുന്നോടിയായി തയ്യാറാക്കിയ സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ടും വിദഗ്ധ സമിതി റിപ്പോര്‍ട്ടും സര്‍ക്കാര്‍ ഉത്തരവും ഭാഗികമായി റദ്ദാക്കി.കുറഞ്ഞ ഭൂമി വ്യവസ്ഥ സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പരാമര്‍ശമില്ലാത്തത് സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ടിനേക്കാള്‍ മോശമാണെന്നും കോടതി വിമര്‍ശിച്ചു.പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തെക്കാള്‍ അത് നടപ്പിലാക്കാന്‍ സ്വീകരിച്ച നടപടിക്രമങ്ങളിലാണ് സുപ്രധാനമായ തെറ്റുകള്‍ സംഭവിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.
കൊച്ചി വിമാനത്താവളം 1300 ഏക്കറിലും തിരുവനന്തപുരം വിമാനത്താവളം വെറും 700 ഏക്കറിലും പ്രവര്‍ത്തിക്കുമ്പോള്‍ ശബരിമല പദ്ധതിക്കായി 2570 ഏക്കര്‍ ഭൂമി ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭാവിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇത്രയധികം ഭൂമി ഏറ്റെടുക്കുന്നതെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും അത് സംബന്ധിച്ച കൃത്യമായ പദ്ധതികളോ ആവശ്യമായ സ്ഥലത്തിന്റെ വ്യക്തമായ കണക്കോ ബോധിപ്പിക്കാന്‍ സാധിച്ചില്ലെന്നും കോടതി പറഞ്ഞു.
ഈ സാഹചര്യത്തില്‍ വിമാനത്താവളത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി എത്രയാണെന്ന് നിശ്ചയിക്കുന്നതിനായി വീണ്ടും സാമൂഹിക ആഘാത പഠനം നടത്താനും കോടതി നിര്‍ദ്ദേശിച്ചു. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥരായ അയന ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. അതേസമയം ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട് പാലാ കോടതിയുടെ വിധി സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പ്രതികരിച്ചു. നടപടിക്രമങ്ങളിലെ വീഴ്ചയാണ് ഇപ്പോള്‍ ഉന്നയിക്കപ്പെട്ടതെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചല്ല വിധിയെന്നും അദ്ദേഹം പറഞ്ഞു.
