'മകളെ കൊല്ലുമെന്ന് പലതവണ ഭീഷണിപ്പെടുത്തി; വീട്ടില്‍ക്കയറി ആക്രമിച്ചു; ഫോട്ടോ മോര്‍ഫ്ചെയ്ത് പ്രചരിപ്പിച്ചു; പ്രശാന്തിനെതിരെ എട്ടുതവണയോളം ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കി; മുന്നറിയിപ്പ് നല്‍കി വിടുക മാത്രമാണ് ചെയ്തത്'; വെളിപ്പെടുത്തലുമായി ആസിഡ് ആക്രമണത്തിനിരയായ യുവതിയുടെ അമ്മ
വെളിപ്പെടുത്തലുമായി ആസിഡ് ആക്രമണത്തിനിരയായ യുവതിയുടെ അമ്മ

കോഴിക്കോട്: ചെറുവണ്ണൂരില്‍ മുന്‍ ഭാര്യ പ്രബിഷയ്ക്ക് നേരെ ആസിഡൊഴിച്ച സംഭവത്തില്‍ പ്രതി പ്രശാന്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി ഇരയുടെ മാതാവ് സ്മിത. പ്രബിഷയുടെ മുന്‍ഭര്‍ത്താവ് പ്രശാന്തിനെതിരെ എട്ടുതവണയോളം ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കിയിരുന്നെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ പോലീസ് മുന്നറിയിപ്പ് നല്‍കി വിടുക മാത്രമാണ് ചെയ്തത്. പ്രബിഷയെ പ്രശാന്ത് നിരന്തരം ഉപദ്രവിച്ചിരുന്നു. പ്രശാന്ത് ലഹരിക്കടിമയാണ്. ലഹരിക്ക് അടിമയായി അക്രമം നടത്തുന്ന പ്രശാന്തിനെ ജയിലില്‍ത്തന്നെ നിര്‍ത്തിയിരുന്നെങ്കില്‍ മകള്‍ക്ക് ഈ ഗതിയുണ്ടാകില്ലായിരുന്നുവെന്നും അമ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപിച്ചു.
പ്രബിഷയോടും മക്കളോടും പ്രതി പ്രശാന്തിന് വൈരാഗ്യമുണ്ടായിരുന്നു. ഏഴു വര്‍ഷം മുമ്പ് മൂത്ത മകനെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ പ്രതി ശ്രമിച്ചുവെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു. അന്ന് അയല്‍വാസി തട്ടിമാറ്റിയതിനാല്‍ അപകടം ഉണ്ടായില്ല. രണ്ടുദിവസം മുമ്പും പ്രബിഷയെ ആക്രമിക്കാന്‍ പ്രശാന്ത് ബൈക്കില്‍ പിന്തുടര്‍ന്ന് എത്തിയെന്നും പ്രബിഷയുടെ അമ്മ പറഞ്ഞു. മൂത്തമകനെ പ്രശാന്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിക്കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് പ്രബിഷയുടെ അമ്മ പറഞ്ഞു. സ്‌കൂളിലെ അധ്യാപകര്‍ പരാതി നല്‍കാന്‍ ഒരുങ്ങിയപ്പോള്‍ അവരേയും ഭീഷണിപ്പെടുത്തി. പ്രബിഷയുടെ ചിത്രം മോര്‍ഫ് ചെയ്ത് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്തുവെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.
'ലഹരിക്ക് അടിമയായി അക്രമം നടത്തുന്ന പ്രശാന്തിനെ ജയിലില്‍ത്തന്നെ നിര്‍ത്തിയിരുന്നെങ്കില്‍ എന്റെ മകള്‍ക്ക് ഈ ഗതിയുണ്ടാകില്ലായിരുന്നു. ഒരു വര്‍ഷം മുന്‍പ് വീട്ടില്‍ക്കയറി അതിക്രമം നടത്തി എന്നെയും മകളെയും ആക്രമിച്ചിരുന്നു. ബാലുശ്ശേരി പോലീസെടുത്ത കേസില്‍ മൂന്ന് മാസം ജയിലില്‍ കഴിഞ്ഞ് പുറത്തിറങ്ങിയതാണ്. പോലീസ് ഇടപെട്ട് ശക്തമായ ശിക്ഷ നല്‍കാന്‍ നടപടിയെടുത്തിരുന്നെങ്കില്‍ മകള്‍ക്ക് ഈ വേദന സഹിക്കേണ്ടി വരില്ലായിരുന്നു. പ്രശാന്ത് മദ്യത്തിന്റേയും കഞ്ചാവിന്റേയും ലഹരിക്ക് അടിമയായി മകള്‍ പ്രബിഷയെ നിരന്തരം ഉപദ്രവിച്ചിരുന്നു. അതിക്രമം സഹിക്കവയ്യാതെ കുറേക്കാലം സുരക്ഷാ ഭവനിലായിരുന്നു താമസം. ഒടുവിലാണ് വിവാഹബന്ധം കുടുംബ കോടതിയിലൂടെ വേര്‍പെടുത്തിയത്. പ്രശാന്തിനൊപ്പം പ്രബിഷ ചെല്ലാത്തതാണ് വൈരാഗ്യത്തിന് കാരണം.' സ്മിത പറഞ്ഞു.
പ്രശാന്ത് കഴിഞ്ഞ ആഴ്ച വീട്ടിലെത്തി അവിടെ നടക്കുന്ന സംഭാഷണങ്ങള്‍ ഒളിഞ്ഞുകേട്ടു. വീടിന്റെ എയര്‍ഹോളിലൂടെ മകളുടെ ഫോട്ടോ എടുത്തു. മുമ്പ് നിരവധി തവണ പൊലീസില്‍ പരാതി നല്‍കി മടുത്തുവെന്നും യുവതിയുടെ മാതാവ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു. കൊല്ലുമെന്ന് പലതവണ പ്രശാന്ത് ഭീഷണിപ്പെടുത്തിയിരുന്നു.
ഞായറാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം. നടുവേദനയ്ക്ക് ചികിത്സയ്ക്കായി 18-നാണ് പ്രബിഷ ആശുപത്രിയിലെത്തിയത്. ഒരുകാര്യം സംസാരിക്കാനുണ്ടെന്നുപറഞ്ഞ് പ്രശാന്ത് വാര്‍ഡിനുമുന്നിലെ വരാന്തയിലേക്ക് പ്രബിഷയെ വിളിക്കുകയായിരുന്നു. കൈയില്‍ സ്റ്റീല്‍കുപ്പിയില്‍ കരുതിയിരുന്ന ആസിഡ് പ്രബിഷയുടെ മുഖത്തേക്കും ശരീരത്തിലേക്കും ഒഴിച്ചു. പൊള്ളലേറ്റ് നിലവിളിയോടെ പിന്‍തിരിഞ്ഞോടവേ ശരീരത്തിന്റെ പിന്‍ഭാഗത്തേക്കും ആസിഡൊഴിച്ചു. രക്ഷപ്പെടാനായി വാര്‍ഡിലെ ബാത്ത്റൂമിലേക്ക് പ്രബിഷ ഓടിക്കയറി.
ഈസമയം പ്രശാന്ത് റോഡരികില്‍ നിര്‍ത്തിയ സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. ആശുപത്രി ജീവനക്കാരും ഓടിയെത്തിയവരും പ്രബിഷയെ ഉടനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. ശരീരത്തിന്റെ 20 ശതമാനത്തോളം ഭാഗത്ത് പൊള്ളലേറ്റതായും അപകടനില തരണംചെയ്തതായുമാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. മാറാട് കോടതി മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി പ്രബിഷയുടെ മൊഴി രേഖപ്പെടുത്തി.
സംഭവം കണ്ടുനിന്ന ആശുപത്രിയിലെ ജീവനക്കാരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. മുഖത്തും നെഞ്ചിലും സാരമായി പൊള്ളലേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ബേണ്‍ ഐസിയുവില്‍ ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം മേപ്പയ്യൂര്‍ സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതി പ്രശാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വിവാഹമോചനത്തിന് മുമ്പ് യുവതിയും വീട്ടുകാരും നല്‍കിയ പരാതികളില്‍ ബാലുശേരി പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ നിരവധി തവണ പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയിട്ടും തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് പ്രവിഷയുടെ അമ്മ പ്രതികരിച്ചിരുന്നു.
മൂന്നുവര്‍ഷം മുന്‍പാണ് കുടുംബക്കോടതിവഴി ഇവര്‍ ബന്ധം വേര്‍പിരിഞ്ഞത്. ഇവരുടെ 14-ഉം 11-ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ അച്ഛനൊപ്പമാണ്. ഒരുവര്‍ഷം മുന്‍പ് വീട്ടില്‍ക്കയറി പ്രബിഷയെയും അമ്മയെയും അടിച്ച് പരിക്കേല്‍പ്പിച്ചതിന് പ്രശാന്തിനെതിരേ ബാലുശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായുണ്ടായ നടുവേദനയ്ക്കാണ് ആയുര്‍വേദചികിത്സ നടത്തിയതെന്നും പറയുന്നു. രണ്ടുദിവസം മുന്‍പ് പ്രശാന്ത് പ്രബിഷയെ കാണാനെത്തിയിരുന്നു. കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ ജീവനക്കാരിയാണ് പ്രബിഷ. പ്രശാന്ത് തൃശ്ശൂരില്‍ ടാക്‌സി ഡ്രൈവറാണ്.