പൗരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളില്‍ ശക്തമായ നിലപാട്; ജമ്മു കശ്മീരിനു പ്രത്യേക പദവി റദ്ദാക്കിയ കേസില്‍ പ്രത്യേക വിധിന്യായം; സുപ്രീം കോടതിയുടെ 51ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന; സത്യവാചകം ചൊല്ലിക്കൊടുത്ത് രാഷ്ട്രപതി

2025 മെയ് 13 വരെ ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും

Update: 2024-11-11 06:21 GMT

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ 51ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന(64) സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ രാവിലെ പത്തിനു നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. 2025 മെയ് 13 വരെ ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും. ആറു മാസമേ കാലാവധി ലഭിക്കൂ.

രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് പദവി ഇന്ദിര ഗാന്ധി നിഷേധിച്ച ജസ്റ്റിസ് എച്ച് ആര്‍ ഖന്നയുടെ സഹോദരി പുത്രനാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. അമ്മാവനായ ജസ്റ്റിസ് എച്ച്.ആര്‍.ഖന്നയ്ക്കു നിഷേധിക്കപ്പെട്ട ചീഫ് ജസ്റ്റിസ് പദവിയിലേക്കാണ് അനന്തരവന്‍ 47 വര്‍ഷങ്ങള്‍ക്കു ശേഷമെത്തുന്നത്.

അന്യായമായി തടങ്കലില്‍ വയ്ക്കുന്നതിന് എതിരെ പൗരനുള്ള അവകാശം സര്‍ക്കാരിനു റദ്ദു ചെയ്യാമെന്ന എഡിഎം ജബല്‍പുര്‍ കേസിലെ ഭൂരിപക്ഷാഭിപ്രായത്തില്‍ വിയോജന വിധിയെഴുതിയ ഏക ജഡ്ജിയായിരുന്നു ജസ്റ്റിസ് എച്ച്.ആര്‍.ഖന്ന. ഇന്ദിര ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്‌ക്കെതിരായ ആ വിധിയെഴുത്തിനു പിന്നാലെ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ സീനിയോറിറ്റി മറികടന്നു ജൂനിയറായ എം.എച്ച്.ബെയ്ഗിനെ ചീഫ് ജസ്റ്റിസാക്കി. പിന്നാലെ അദ്ദേഹം ജഡ്ജി പദവിയില്‍നിന്ന് രാജിവച്ചു.

ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അച്ഛന്‍ ദേവ്രാജ് ഖന്ന ഡല്‍ഹി ഹൈക്കോടതി ജഡ്ജിയും അമ്മ സരോജ് ലേഡി ശ്രീറാം കോളജിലെ അധ്യാപികയുമായിരുന്നു. 2019 ജനുവരിയിലാണ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുന്നത്. അതിന് മുമ്പ് 14 വര്‍ഷം ഡല്‍ഹി ഹൈക്കോടതി ജഡ്ജി ആയിരുന്നു.

മറ്റു ഹൈക്കോടതി ജഡ്ജിമാരുടെ സീനിയോറിറ്റി മറികടന്ന് സഞ്ജീവ് ഖന്നയെ 2019ല്‍ സുപ്രീം കോടതി ജഡ്ജിയാക്കിയതും വിവാദമായിരുന്നു. പൗരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകളില്‍ ശക്തമായ നിലപാട് എടുത്തിട്ടുണ്ട് ജസ്റ്റിസ് സഞ്ജീവ് ഖന്ന. അരവിന്ദ് കേജ്രിവാളിന് മദ്യനയക്കേസില്‍ ജാമ്യം അനുവദിച്ചത് ജസ്റ്റിസ് ഖന്നയുടെ ബെഞ്ചായിരുന്നു.

ചീഫ് ജസ്റ്റിസിന്റെ ഓഫിസും വിവരാവകാശ പരിധിയില്‍ വരുമെന്നും ഒന്നിച്ചുപോകാന്‍ കഴിയാത്തവിധം തകര്‍ന്ന വിവാഹബന്ധം സുപ്രീം കോടതിക്ക് സവിശേഷാധികാരം ഉപയോഗിച്ച് അസാധുവാക്കാമെന്നുമുള്ള വിധികള്‍ പുറപ്പെടുവിച്ചു. ജമ്മു കശ്മീരിനു പ്രത്യേക പദവി റദ്ദാക്കിയ കേസില്‍ പ്രത്യേക വിധിന്യായമെഴുതി. നിയമന ശുപാര്‍ശ നല്‍കിയ കാലത്തെ കൊളീജിയം അധ്യക്ഷനും ചീഫ് ജസ്റ്റിസുമായിരുന്ന രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാതിക്രമ പരാതി തള്ളിയത് ജസ്റ്റിസ് ഖന്നയുടെ ബെഞ്ചാണ്.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിരമിച്ചതിനെ തുടര്‍ന്ന് സുപ്രീം കോടതി കൊളീജിയത്തിലുണ്ടായ ഒഴിവിലേക്ക് ജസ്റ്റിസ് അഭയ് എസ് ഓക എത്തും. 2021 ഓഗസ്റ്റില്‍ സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് ഓക, അതിന് മുമ്പ് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. മഹാരാഷ്ട്രയിലെ താനെ സ്വദേശിയാണ് ജസ്റ്റിസ് അഭയ് എസ് ഓക. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സൂര്യകാന്ത്, ഹൃഷികേശ് റോയ്, അഭയ് എസ് ഓക എന്നിവര്‍ അടങ്ങുന്നതാണ് പുതിയ സുപ്രീം കോടതി കൊളീജിയം. സുപ്രീം കോടതിയില്‍ നിലവില്‍ ജഡ്ജിമാരുടെ രണ്ട് ഒഴിവുകളാണ് ഉള്ളത്. ആ ഒഴിവുകള്‍ നികത്താനുള്ള ശുപാര്‍ശ തയ്യാറാക്കാന്‍ സുപ്രീം കോടതി കൊളീജിയം ഉടന്‍ യോഗം ചേരും.

ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസ് ആയിരിക്കുന്ന കാലയളവില്‍ ആണ് ജസ്റ്റിസ് സി.ടി രവികുമാര്‍ സുപ്രീം കോടതിയില്‍ നിന്ന് വിരമിക്കുന്നത്. സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടില്ലെങ്കില്‍ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ വിരമിക്കുന്നതും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ കാലയളവില്‍ ആയിരിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ കാലയളവില്‍ സുപ്രീം കോടതി ജഡ്ജിമാരുടെ നാല് ഒഴിവുകള്‍ ആണ് നികത്താന്‍ സാധ്യത. ജസ്റ്റിസ് ഹിമ കോഹ്ലി, ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരുടെ ഒഴിവുകള്‍ക്ക് പുറമെ ജനുവരിയില്‍ ജസ്റ്റിസുമാരായ സി.ടി രവികുമാറും ഹൃഷികേശ് റോയിയും വിരമിക്കും.

സുപ്രീം കോടതിയില്‍ നിലവില്‍ കേരള ഹൈക്കോടതി മാതൃ ഹൈക്കോടതിയായുള്ള ഏക ന്യായാധിപന്‍ ജസ്റ്റിസ് സി.ടി രവികുമാറാണ്. 2025 ജനുവരി അഞ്ചിന് ജസ്റ്റിസ് രവികുമാര്‍ വിരമിക്കും. രാജ്യത്തെ വിവിധ ഹൈക്കോടതി ചീഫ് ജസ്റ്റിസിമാരില്‍ കേരള ഹൈക്കോടതി മാതൃ ഹൈകോടതിയായ ന്യായാധിപന്‍ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രനാണ്. സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടില്ല എങ്കില്‍ അടുത്ത വര്‍ഷം ഏപ്രില്‍ 24 ന് വിരമിക്കും.

കേരള ഹൈക്കോടതിയില്‍ നിന്നുള്ള ജഡ്ജിമാരില്‍ ആരെങ്കിലുമൊക്കെ സമീപ മാസങ്ങളില്‍ തന്നെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെടാന്‍ ആണ് സാധ്യത. പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രനാണ് സീനിയോറിറ്റിയില്‍ ഒന്നാമനായ കേരള ജഡ്ജി. 2011 നവംബറില്‍ ആണ് കേരള ഹൈകോടതി ജഡ്ജിയായി ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ നിയമിതനാകുന്നത്. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, എ കെ ജയശങ്കര്‍ നമ്പ്യാര്‍, അനില്‍ കെ. നരേന്ദ്രന്‍ എന്നിവരാണ് സീനിയോറിറ്റിയില്‍ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുള്ള കേരള ജഡ്ജിമാര്‍. ഈ മൂന്ന് പേരും കേരള ഹൈക്കോടതി ജഡ്ജിമാരാകുന്നത് 2014 ജനുവരി 23 ന് ആണ്. ഇവരില്‍ ആരെങ്കിലുമൊക്കെ സമീപകാലത്ത് തന്നെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടേക്കാം. ഈ പട്ടികയിലെ ചില പേരുകള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മാരായും പരിഗണിക്കപ്പെട്ടേക്കാം.

കര്‍ണാടക ഹൈക്കോടതിയിലെ കൊളീജിയത്തില്‍ അംഗമായ കേരളത്തില്‍ നിന്നുള്ള ജസ്റ്റിസ് അനു ശിവരാമന്റെ പേരും ചര്‍ച്ചകളില്‍ സജീവമായി ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. 2015 ഏപ്രിലില്‍ ആണ് ജസ്റ്റിസ് അനു ശിവരാമന്‍ കേരള ഹൈക്കോടതി ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്. സാധാരണ ഹൈക്കോടതി ജഡ്ജിയായി പത്ത് വര്‍ഷം പൂര്‍ത്തിയായവരെയാണ് സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ പരിഗണിക്കുന്നത്. അതിനാല്‍ അടുത്ത വര്‍ഷം ഏപ്രിലിന് ശേഷമേ ജസ്റ്റിസ് അനു ശിവരാമന്റെ പേര് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളൂ. എന്നാല്‍ വനിതയെന്ന പരിഗണനയില്‍ മാനദണ്ഡങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടായാലും അത്ഭുതപെടാനില്ലെന്ന് സുപ്രീം കോടതി വൃത്തങ്ങള്‍ പറഞ്ഞു.

Tags:    

Similar News