സ്പോട്ട് ബുക്കിങ്ങിലൂടെ ഒരു ദിവസം 20,000 പേരെ മാത്രം കടത്തിവിടും; കൂടുതലായി എത്തുന്നവര്‍ക്ക് അടുത്ത ദിവസം ദര്‍ശനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും; ഭക്തര്‍ക്ക് തങ്ങാന്‍ നിലയ്ക്കലില്‍ സൗകര്യം; വരി തെറ്റിച്ച് പതിനെട്ടാം പടിക്കലേക്ക് പോകാന്‍ ആരെയും അനുവദിക്കുന്നില്ല; കര്‍ശന നിയന്ത്രണങ്ങള്‍ക്ക് പോലീസ്; വിര്‍ച്യല്‍ ക്യു ബുക്കിംഗ് ഇല്ലാതെ പോയാല്‍ തടയല്‍ ഉറപ്പ്; ശബരിമലയില്‍ പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ
ശബരിമല: ശബരിമലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഇന്നു രാവിലെ മുതല്‍ സന്നിധാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായി പൊലീസ് അറിയിച്ചു. നിലയ്ക്കലും പമ്പയിലുമാണ് പ്രധാനമായും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തീര്‍ഥാടകരെ നിലയ്ക്കല്‍ മുതല്‍ നിയന്ത്രിച്ചാണ് പമ്പയിലേക്ക് പോകാന്‍ അനുവദിക്കുന്നത്. രാത്രിയില്‍ എത്തിയ തീര്‍ഥാടകരുടെ മുഴുവന്‍ വാഹനങ്ങളും നിലയ്ക്കല്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കി. അവരോട് തിരക്കൊഴിയുന്നതിന് അനുസരിച്ച് മാത്രം പമ്പയിലേക്ക് പോയാല്‍ മതിയെന്ന് നിര്‍ദേശം നല്‍കി. ഹൈക്കോടതിയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയും കരുതലെടുക്കും.
സ്പോട്ട് ബുക്കിങ്ങിലൂടെ ഒരു ദിവസം 20,000 പേരെ മാത്രം കടത്തിവിടാനാണ് നിര്‍ദേശം. കൂടുതലായി എത്തുന്നവര്‍ക്ക് അടുത്ത ദിവസം ദര്‍ശനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. ഭക്തര്‍ക്ക് തങ്ങാന്‍ നിലയ്ക്കലില്‍ സൗകര്യമൊരുക്കും. മരക്കൂട്ടം, ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്സുകളില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുന്നുണ്ട്. ക്യൂ കോംപ്ലക്‌സുകളില്‍ എല്ലായിടത്തും ഭക്തര്‍ക്ക് കുടിവെള്ളവും ലഘുഭക്ഷണവും ചുക്കു കാപ്പിയും ഒരുക്കിയിട്ടുണ്ട്. ഇന്ന പുലര്‍ച്ചയോടെ എന്‍ഡിആര്‍എഫിന്റെ ആദ്യ സംഘം സന്നിധാനത്ത് എത്തി. തൃശൂരില്‍ നിന്നുള്ള 35 അംഗ സംഘമാണ് എത്തിയത്. ചെന്നൈയില്‍ നിന്നുള്ള രണ്ടാം സംഘം ഇന്ന് രാത്രിയോടെ എത്തുമെന്നാണ് വിവരം. ചൊവാഴ്ച രാത്രി ഹരിവരാസനം ചൊല്ലി നട അടച്ചപ്പോള്‍ പതിനെട്ടാംപടി കയറാനുള്ള നിര മരക്കൂട്ടം വരെ നീണ്ടിരുന്നു. അവരെ രാത്രി നട അടച്ച ശേഷവും പതിനെട്ടാംപടി കയറ്റി തിരക്ക് കുറച്ചു. ഇന്ന് പുലര്‍ച്ചെ 3ന് നട തുറന്ന ശേഷം വടക്കേ നടയിലൂടെ അവര്‍ക്ക് ദര്‍ശനത്തിന് അവസരം നല്‍കി. പതിനെട്ടാംപടി കയറാനുള്ള ക്യൂ നിലവില്‍ ശരംകുത്തി വരെ മാത്രമാണ്. സന്നിധാനവും പമ്പയും പൂര്‍ണമായും പൊലീസിന്റെ നിയന്ത്രണത്തിലാണ്. വരി തെറ്റിച്ച് പതിനെട്ടാം പടിക്കലേക്ക് പോകാന്‍ ആരെയും അനുവദിക്കുന്നില്ല.
ഇന്നലെ തിരക്ക് കൂടിയതോടെ എരുമേലി പമ്പ പാതയില്‍ പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. ഇന്ന് വഴിയില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടില്ല. പമ്പ - നിലയ്ക്കല്‍ റൂട്ടില്‍ ഭൂരിപക്ഷവും കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാക്കി. പമ്പയിലേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ മിനിറ്റില്‍ 3 മുതല്‍ 5 വരെ ബസുകള്‍ അയച്ച സ്ഥാനത്ത് ഇന്ന് നിയന്ത്രിച്ച് മാത്രമാണ് ബസുകള്‍ പോകാന്‍ അനുവദിക്കുന്നത്. ദര്‍ശനം കഴിഞ്ഞ് പമ്പയില്‍ എത്തിയ തീര്‍ഥാടകരെ നിലയ്ക്കല്‍ എത്തിക്കാന്‍ ബസുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
ശബരിമലയിലെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം സംബന്ധിച്ചുളള ഒരുക്കങ്ങള്‍ കൃത്യമായി നടത്താത്തതില്‍ ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ച് ഹൈക്കോടതി നിലപാട് കടുപ്പിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ ഉണ്ടാകണമെന്ന് കോടതി നിര്‍ദേശിച്ചു. ആറ് മാസം മുന്‍പെങ്കിലും തീര്‍ത്ഥാടനം സംബന്ധിച്ചുളള ഒരുക്കങ്ങള്‍ നടത്തേണ്ടതായിരുന്നില്ലേയെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് എ രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് വിമര്‍ശിച്ചത്.ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിനുപുറമെ ശുചിമുറി സൗകര്യത്തിന്റെ കാര്യത്തിലടക്കം വിമര്‍ശനം ഉയരുന്നുണ്ട്.
'നിലയ്ക്കല്‍ മുതല്‍ സന്നിധാനവും പതിനെട്ടാം പടിയും അടക്കമുള്ള സ്ഥലങ്ങള്‍ ഇത്തരത്തില്‍ അഞ്ചോ ആറോ ആയി തിരിക്കണം. ഓരോ സ്ഥലത്തും ഒരേസമയം എത്ര പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് തീരുമാനിക്കണം. ഇതിനായി ഒരു വിദഗ്ധ സംഘത്തെ രൂപപ്പെടുത്തണം. ഇത് സാധാരണ ഉത്സവം നടത്തുന്ന രീതിയില്‍ പറ്റില്ല. മാസങ്ങള്‍ക്ക് മുന്‍പുതന്നെ ഒരുക്കങ്ങള്‍ തുടങ്ങണം.പൊലീസിന് ആളുകളെ നിയന്ത്രിക്കാന്‍ മാത്രമേ പറ്റൂ. കാര്യങ്ങള്‍ ശാസ്ത്രീയമായി തീരുമാനിക്കാന്‍ സംവിധാനം ഉണ്ടാവണം. കുഞ്ഞുങ്ങളടക്കമാണ് അവിടെ ബുദ്ധിമുട്ടുന്നത്. അതിന് പരിഹാരമുണ്ടാകണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ഉള്‍ക്കൊള്ളാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് ഇത്രയുമധികം ആളുകളെ പ്രവേശിപ്പിക്കുന്നത്? ഇത്ര വലിയ തിരക്കുമൂലം അപകടങ്ങളുണ്ടാകാം. ശബരിമലയില്‍ എത്തുന്നവരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കാനാവില്ല. അവര്‍ ഭക്തരാണ്. അതുകൊണ്ടുതന്നെ അവര്‍ വരും. അവിടെ ഒരുക്കങ്ങള്‍ നടത്തേണ്ടത് ഉത്തരവാദിത്തപ്പെട്ടവരാണ്. ഇത്രയധികം ആളുകള്‍ വരുന്ന ഉത്സവ കാലത്തെ ഒരുക്കങ്ങള്‍ക്കായി ആവശ്യമായ ഏകോപനമുണ്ടായിട്ടില്ല'-കോടതി വിമര്‍ശിച്ചു. ഹൈക്കോടതിയുടെ വിമര്‍ശനത്തില്‍ ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍ പ്രതികരിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ ആശങ്ക മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡിലെ ജീവനക്കാരുടെ ഏകോപനത്തില്‍ പാളിച്ചയുണ്ടായെന്നും പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
