എംടിയുടെ മക്കളും ദീദി ദാമോദരനും നേര്‍ക്കുനേര്‍! എംടിയുടെ ആദ്യഭാര്യ പ്രമീള നായരുടെ ജീവിതം പറഞ്ഞ 'എംറ്റി സ്പേസി'നെ ചൊല്ലി പോര് മുറുകുന്നു; തേജോവധം ചെയ്യുന്ന പുസ്തകം പിന്‍വലിക്കണമെന്ന് കുടുംബം; മകള്‍ സിതാര സ്വന്തം മകളാണെന്ന് എഴുതി നല്കാന്‍ തയ്യാറാകാതിരുന്ന അച്ഛനാണ് എം ടിയെന്ന് ദീദി; വിവാദം കത്തുമ്പോള്‍

എംടിയുടെ മക്കളും ദീദി ദാമോദരനും നേര്‍ക്കുനേര്‍!

Update: 2026-01-23 10:13 GMT

കോഴിക്കോട്: എം.ടി.വാസുദേവന്‍ നായര്‍ വിടവാങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. എം.ടിയുടെ സ്വകാര്യ ജീവിതത്തെയും ആദ്യഭാര്യ പ്രമീളയുടെ ജീവിതത്തെയും ആസ്പദമാക്കി പുറത്തിറങ്ങിയ 'എംറ്റി സ്‌പേസ്: ബാഷ്പീകൃതയുടെ ആറാം വിരല്‍' എന്ന പുസ്തകം മലയാള സാഹിത്യ-സാംസ്‌കാരിക ലോകത്ത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഏതാനും ആഴ്ചകളായി ചര്‍ച്ചാവിഷയമായ വിവാദം, എംടിയുടെ മക്കള്‍, രചയിതാക്കള്‍ക്ക് എതിരെ രംഗത്തെത്തിയതോടെ പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്. തിരക്കഥാകൃത്ത് ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേര്‍ന്ന് രചിച്ച ഈ പുസ്തകം, എം.ടിയുടെയും കുടുംബത്തിന്റെയും അന്തസ്സിന് കളങ്കമുണ്ടാക്കുന്നതാണെന്ന് ആരോപിച്ചാണ് അദ്ദേഹത്തിന്റെ മക്കളായ സിതാരയും, അശ്വതി നായരും രംഗത്തെത്തിയത്.

പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വസ്തുതാവിരുദ്ധവും അസത്യവുമാണെന്നാണ് എം.ടിയുടെ മക്കള്‍ വാദിക്കുന്നത്. പ്രമീള നായര്‍ മരിച്ച് 26 വര്‍ഷങ്ങള്‍ക്ക് ശേഷവും, എം.ടി. വാസുദേവന്‍ നായരുടെ വിയോഗത്തിന് ശേഷവും ഇത്തരമൊരു പുസ്തകം പുറത്തിറക്കിയത് ബോധപൂര്‍വമായ തേജോവധമാണെന്ന് അവര്‍ ആരോപിക്കുന്നു. കുപ്രസിദ്ധിയിലൂടെ പുസ്തകം വിറ്റഴിക്കാനും ശ്രദ്ധ നേടാനുമുള്ള രചയിതാക്കളുടെ കുത്സിത ശ്രമമാണിതെന്നും, പുസ്തകം ഉടനടി പിന്‍വലിച്ചില്ലെങ്കില്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കുടുംബം വ്യക്തമാക്കി. സാംസ്‌കാരിക കേരളം ഈ പുസ്തകത്തെ തള്ളിക്കളയണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

സിതാരയുടെയും അശ്വതിയുടെയും കുറിപ്പിന്റെ പൂര്‍ണരൂപം:

'ദീദി ദാമോദരന്‍ എച്ച്മുക്കുട്ടി എന്നിവര്‍ ചേര്‍ന്ന് എഴുതുകയും 'ബുക്ക് വേം' പ്രസിദ്ധീകരിക്കുകയും ചെയ്ത 'എംറ്റി സ്‌പേസ് ബാഷ്പീകൃതയുടെ ആറാം വിരല്‍' എന്ന പുസ്തകം വായിച്ചപ്പോഴാണ് ഈ കുറിപ്പ് എഴുതേണ്ടി വന്നത്. പ്രമീള നായരേയും അവരുടെ ജീവിതത്തെയും കുറിച്ച് എന്ന വ്യാജേന എഴുതിയ ഈ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വസ്തുതകള്‍ക്ക് നിരക്കാത്തതും അസത്യവുമാണ്. പ്രമീള നായര്‍ മരിച്ച് 26 വര്‍ഷങ്ങള്‍ക്ക് ശേഷവും എം ടി വാസുദേവന്‍ നായര്‍ എന്ന ഞങ്ങളുടെ അച്ഛന്‍ മരിച്ച് ഒരു വര്‍ഷത്തിന് ശേഷവും രചിക്കപ്പെട്ട ഈ പുസ്തകം അച്ഛനെയും ഞങ്ങളുടെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുവാനും തേജോവധം ചെയ്യുവാനും ഉദ്ദേശിച്ച്, അതുവഴി ആര്‍ജ്ജിക്കുന്ന 'കുപ്രസിദ്ധിയിലൂടെ' പുസ്തകം വിറ്റു പോവാനും രചയിതാക്കള്‍ക്ക് ശ്രദ്ധ കിട്ടുവാനും നടത്തിയ ഒരു കുല്‍സിത ശ്രമത്തിന്റെ ഭാഗമാണ്.

പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള മിക്ക കാര്യങ്ങളും പറഞ്ഞു കേട്ടുള്ള അറിവുകള്‍ വെച്ചാണ് എന്ന് ആര്‍ക്കും മനസിലാവും. ഈ പുസ്തകത്തിലെ പല പരാമര്‍ശങ്ങളും എം ടിയെ കുറിച്ചുള്ള ആരോപണങ്ങളും തികച്ചും അടിസ്ഥാനരഹിതമാണ്. ഈ കൃത്യം മൂലം മക്കള്‍ എന്ന നിലയില്‍ ഞങ്ങളും ഞങ്ങളുടെ കുടുംബങ്ങളും അനുഭവിക്കുന്ന മനോവിഷമങ്ങളും അപമാനവും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. പ്രശസ്തിക്കും ധനസമ്പാദനത്തിനും വേണ്ടി അന്തരിച്ച വ്യക്തികളെ തേജോവധം ചെയ്യുകയല്ല വേണ്ടത് എന്ന് ഓര്‍മിപ്പിക്കുന്നു. അതോടൊപ്പം ഈ പുസ്തകത്തില്‍ എഴുതപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ അര്‍ദ്ധ സത്യങ്ങളും കളവും വളച്ചൊടിക്കലുമാണെന്നു പ്രിയപ്പെട്ട വായനക്കാരെ അറിയിക്കുന്നു. അത് കൊണ്ട് തന്നെ സാംസ്‌കാരിക മേഖല ഈ പുസ്തകത്തെ തള്ളി കളയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. ഈ പുസ്തകം ഉടനടി പിന്‍വലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം യുക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അറിയിക്കുന്നു', എന്നാണ് പ്രസ്താവന


Full View

എന്നാല്‍, ഈ ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് ദീദി ദാമോദരന്‍ വിശദീകരണവുമായി എത്തിയത്. താന്‍ പുസ്തകത്തില്‍ സ്വന്തമായി ഒന്നും പറഞ്ഞിട്ടില്ലെന്നും, മുന്‍പ് എം.ടിയുടെ ജീവചരിത്രത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ ഉദ്ധരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ദീദിയുടെ മറുപടി. ആരോപണം ഉന്നയിക്കുന്നവര്‍ പുസ്തകം വായിക്കാതെയാണ് പ്രതികരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രമീള നായരുടെ ജീവിതത്തെ മുന്‍നിര്‍ത്തി എഴുതിയ ഈ കൃതി ഇപ്പോള്‍ വസ്തുതയും ആവിഷ്‌കാര സ്വാതന്ത്ര്യവും തമ്മിലുള്ള വലിയൊരു സംവാദത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്.

എന്നാല്‍, ഈ ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് ദീദി ദാമോദരന്‍ വിശദീകരണവുമായി എത്തിയത്. താന്‍ പുസ്തകത്തില്‍ സ്വന്തമായി ഒന്നും പറഞ്ഞിട്ടില്ലെന്നും, മുന്‍പ് എം.ടിയുടെ ജീവചരിത്രത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ ഉദ്ധരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ദീദിയുടെ മറുപടി. ആരോപണം ഉന്നയിക്കുന്നവര്‍ പുസ്തകം വായിക്കാതെയാണ് പ്രതികരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രമീള നായരുടെ ജീവിതത്തെ മുന്‍നിര്‍ത്തി എഴുതിയ ഈ കൃതി ഇപ്പോള്‍ വസ്തുതയും ആവിഷ്‌കാര സ്വാതന്ത്ര്യവും തമ്മിലുള്ള വലിയൊരു സംവാദത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്.

ദീദി ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ്

എംറ്റി സ്‌പേസ് രണ്ടാം പതിപ്പ്

എംറ്റി സ്‌പേസ് ബാഷ്പീകൃതയുടെ ആറാം വിരല്‍ എന്ന പുസ്തകം രണ്ടാം പതിപ്പായി എന്ന സന്തോഷം പങ്കുവെയ്ക്കട്ടേ. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി... സ്‌നേഹം.

വലിയ ബുക്ക് ഷോപ്പുകളില്‍ ഈ പുസ്തകം വില്പനയ്ക്ക് വരില്ല. വലിയ പ്രസാധകര്‍ ആരും തന്നെ ഈ പുസ്തകം പുറത്തിറക്കാന്‍ തയാറായിരുന്നില്ല.

കേരളത്തിന്റെ പൊതുബോധത്തെ ഇത്രമേല്‍ സ്ത്രീവിരുദ്ധമാക്കിയതില്‍ എം ടി സാഹിത്യവും സിനിമകളും വഹിച്ച പങ്ക് ഇന്ന് മനസ്സിലാകുന്നില്ലെങ്കില്‍ നാളെകളില്‍ എന്തായാലും മനസ്സിലാകും. പ്രമീളാനായരുമായുള്ള വിവാഹമോചനത്തിനു ശേഷം എംടി എഴുതിയത് ഏകദേശം മുഴുവനായും തന്നെ അവരെ പലതരത്തില്‍ ഇകഴ്ത്തിക്കാണിക്കാനായിരുന്നു. സ്വന്തം വ്യക്തിത്വത്തിലെ ഗുരുതരമായ പ്രശ്‌നങ്ങള്‍ അവരുടെ തലയില്‍ കെട്ടിവെച്ച് നല്ലപിള്ള ചമയാന്‍ എം ടി ധാരാളമായി പരിശ്രമിച്ചിട്ടുണ്ട്. അല്പത്തങ്ങളും കടന്നുകയറ്റങ്ങളും നടത്തി മനുഷ്യരെയും നീതിന്യായ വ്യവസ്ഥയേയും നിസ്സാരമാക്കിയിട്ടുണ്ട്. വലിയ കളവുകള്‍ പറഞ്ഞിട്ടുണ്ട്. മൗനമായിരുന്നിട്ടുണ്ട്. മനുഷ്യരെ ഉപകരണങ്ങളാക്കിയിട്ടുണ്ട്. എല്ലാം സ്വന്തത്തെ സംരക്ഷിക്കാന്‍ മാത്രമായിരുന്നു.

പ്രമീളാനായരുടെ സാഹിത്യജീവിതത്തെ എം ടിയും അദ്ദേഹത്തിന്റെ വാഴ്ത്തുപാട്ടുകാരും ചേര്‍ന്ന് അവസാനിപ്പിച്ചതാണ്. അവരെഴുതിയ പുസ്തകങ്ങള്‍ കിട്ടാനില്ലാത്തതു പോലേ, അവര്‍ ചെയ്ത വിവര്‍ത്തനങ്ങളും കിട്ടാനില്ല. ഒരു നല്ല ഫോട്ടോ പോലും കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ അവരുടേതായിട്ടില്ല. മകള്‍ സിതാര സ്വന്തം മകളാണെന്ന് എഴുതി നല്കാന്‍ തയ്യാറാകാതിരുന്ന അച്ഛനാണ് എം ടി. യഥാര്‍ത്ഥത്തില്‍ ആ അമ്മയേയും മകളേയും എം ടിയും ഒപ്പം നിന്ന സകല മനുഷ്യരും ചേര്‍ന്ന് ബാഷ്പീകരിക്കുകയായിരുന്നു.

എം ടി സാഹിത്യം എന്നെ അതിശയിപ്പിക്കാത്തത് യഥാര്‍ത്ഥ്യത്തെ പലതരത്തില്‍ മൂടി വെയ്ക്കാനും വികൃതമാക്കാനും ഉള്ള ബോധപൂര്‍വമായ പരിശ്രമം അതില്‍ ആവശ്യത്തിലധികമായതുകൊണ്ടാണ്.

Deedi T


Full View

വസ്തുതകളും വിയോജിപ്പുകളും

'എംറ്റി സ്‌പേസ്: ബാഷ്പീകൃതയുടെ ആറാം വിരല്‍' എന്ന പുസ്തകം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് എം.ടി. വാസുദേവന്‍ നായരുടെ ആദ്യഭാര്യയായിരുന്ന പ്രമീളയുടെ ജീവിതമാണ്. എം.ടിയുടെ തണലില്‍ മറഞ്ഞുപോയ അല്ലെങ്കില്‍ സാഹിത്യലോകം വേണ്ടത്ര ശ്രദ്ധിക്കാതെ പോയ ഒരു വ്യക്തിത്വത്തെ പുറത്തുകൊണ്ടുവരാനുള്ള ശ്രമമായാണ് രചയിതാക്കളായ ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ഇതിനെ അവതരിപ്പിക്കുന്നത്. എന്നാല്‍, വ്യക്തിപരമായ സ്വകാര്യതയെയും ചരിത്രപരമായ സത്യസന്ധതയെയും പുസ്തകം ലംഘിക്കുന്നു എന്നാണ് കുടുംബത്തിന്റെ പ്രധാന പരാതി.

എം.ടിയുടെ ജീവിതത്തിലെ ചില ഏടുകളെ പ്രമീളയുടെ കാഴ്ചപ്പാടിലൂടെ പുനര്‍നിര്‍മ്മിക്കാനാണ് പുസ്തകം ശ്രമിക്കുന്നത്. എന്നാല്‍ ഇത് കേവലം ഭാവനയല്ലെന്നും, മറിച്ച് എം.ടിയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹത്തിന്റെ മക്കള്‍ കരുതുന്നു. 'അര്‍ദ്ധസത്യങ്ങളും കളവും വളച്ചൊടിക്കലുമാണ്' പുസ്തകത്തിലുള്ളതെന്നാണ് സിതാരയുടെയും അശ്വതിയുടെയും പക്ഷം.

ഒരു പൊതുവ്യക്തിത്വത്തിന്റെ ജീവിതം എഴുതപ്പെടുമ്പോള്‍ കുടുംബാംഗങ്ങളുടെ സ്വകാര്യത എത്രത്തോളം മാനിക്കപ്പെടണം എന്ന ചോദ്യം ഈ വിവാദം ഉയര്‍ത്തുന്നുണ്ട്. എം.ടിയുടെ ജീവചരിത്രത്തില്‍ നേരത്തെ വന്ന കാര്യങ്ങള്‍ തന്നെയാണ് താന്‍ എഴുതിയതെന്ന് ദീദി ദാമോദരന്‍ വ്യക്തമാക്കുമ്പോള്‍, പഴയ കാര്യങ്ങളെ ദുരുദ്ദേശപരമായി പുനരവതരിപ്പിച്ചു എന്നാണ് മക്കളുടെ ആരോപണം. എം.ടിയുടെ വിയോഗത്തിന് പിന്നാലെ ഇത്തരമൊരു പുസ്തകം പുറത്തുവന്നത് കുടുംബത്തെ കൂടുതല്‍ വേദനിപ്പിച്ചിട്ടുണ്ട്. മരിച്ചവര്‍ക്ക് മറുപടി പറയാന്‍ കഴിയില്ലെന്നിരിക്കെ, അവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന രചനകള്‍ ധാര്‍മ്മികമല്ലെന്ന വാദമാണ് ഇവിടെ ഉയരുന്നത്.

സോഷ്യല്‍ മീഡിയയിലും സാഹിത്യ ചര്‍ച്ചകളിലും, ഒരു വിഭാഗം എഴുത്തുകാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുമ്പോള്‍, മറ്റൊരു വിഭാഗം ഒരു വലിയ എഴുത്തുകാരന്റെ കുടുംബത്തിനുണ്ടായ മാനസിക പ്രയാസത്തെ ഗൗരവമായി കാണുന്നു. പുസ്തകം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കുടുംബം ഉറച്ചുനില്‍ക്കുന്നതിനാല്‍, വരും ദിവസങ്ങളില്‍ ഇത് ഒരു നിയമപോരാട്ടത്തിലേക്ക് നീങ്ങാനുള്ള സാധ്യതയുമുണ്ട്.

Tags:    

Similar News