ഇറാനെ ചാരമാക്കാന്‍ ട്രംപിന്റെ 'സീക്ക് ആന്‍ഡ് ഡിസ്‌ട്രോയ്'; ബ്രിട്ടനിലെ ആര്‍എഎഫ് ഫെയര്‍ഫോര്‍ഡില്‍ പറന്നിറങ്ങിയത് അമേരിക്കയുടെ ബോംബര്‍ നിര! മിസൈലുകള്‍ ലോഡ് ചെയ്തു, ടാര്‍ഗെറ്റുകള്‍ ഉറപ്പിച്ചു; 'ഇന്ന് രാത്രി തീപാറും' എന്ന് മുന്നറിയിപ്പ്; ഇറാന്റെ ഹൃദയഭാഗങ്ങളില്‍ പ്രഹരമേല്‍പ്പിക്കാന്‍ നീക്കം

Update: 2026-03-10 16:37 GMT

ലണ്ടന്‍/വാഷിംഗ്ടണ്‍: ഇറാനെതിരെയുള്ള സൈനിക നീക്കം (Operation Epic Fury) കടുപ്പിച്ചുകൊണ്ട് അമേരിക്ക തങ്ങളുടെ ഏറ്റവും കരുത്തുറ്റ ബോംബര്‍ വിമാനങ്ങള്‍ ബ്രിട്ടനിലെ ആര്‍എഎഫ് (RAF) ഫെയര്‍ഫോര്‍ഡില്‍ വിന്യസിച്ചു. 'സീക്ക് ആന്‍ഡ് ഡിസ്‌ട്രോയ്' ഉള്‍പ്പെടെയുള്ള മൂന്ന് ബി-1 (B-1) ബോംബറുകള്‍ കൂടി എത്തിയതോടെ, അമേരിക്കയുടെ ആകെ ബോംബര്‍ ശേഖരത്തിന്റെ നാലിലൊന്ന് ഭാഗവും ഇപ്പോള്‍ ഇറാനെ ലക്ഷ്യമിട്ട് സജ്ജമായിക്കഴിഞ്ഞു. നിലവില്‍ 11 ബി-1 ബോംബറുകളും 3 ബി-52 സ്ട്രാറ്റോഫോര്‍ട്ടസ് വിമാനങ്ങളും ഉള്‍പ്പെടെ 14 അതിമാരക വിമാനങ്ങളാണ് ബ്രിട്ടനില്‍ നിലയുറപ്പിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച ഇറാനിലെ ഏറ്റവും ശക്തമായ ആക്രമണങ്ങള്‍ നടക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പ്രഖ്യാപിച്ചു. 'ഇന്നത്തെ ദിവസം ഇറാനിനുള്ളില്‍ നമ്മുടെ ഏറ്റവും ശക്തമായ ആക്രമണങ്ങള്‍ നടക്കും. ഏറ്റവും കൂടുതല്‍ പോര്‍വിമാനങ്ങളും ബോംബറുകളും ഉപയോഗിച്ച്, മുമ്പത്തേക്കാളും കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ ആക്രമണങ്ങള്‍ തന്നെ നടക്കും,' അദ്ദേഹം പറഞ്ഞു. കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇറാന്റെ ഹൃദയഭാഗങ്ങളില്‍ പ്രഹരമേല്‍പ്പിക്കാനാണ് നീക്കം. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ആയുധങ്ങളും സൈനികരുമായി 25 സപ്പോര്‍ട്ട് വിമാനങ്ങളാണ് ബ്രിട്ടനിലെത്തിയത്. മിസൈലുകളും ബോംബുകളും നിറച്ച് വിമാനങ്ങള്‍ ഏതു നിമിഷവും പറന്നുയരാന്‍ സജ്ജമാണ്. യുദ്ധം രണ്ടാഴ്ച മുതല്‍ രണ്ട് മാസം വരെ നീണ്ടുനില്‍ക്കുമെന്നാണ് നേരത്തെ കരുതിയിരുന്നതെങ്കിലും, നിലവിലെ വിന്യാസം സൂചിപ്പിക്കുന്നത് പോരാട്ടം ഇനിയും നീളാന്‍ സാധ്യതയുണ്ടെന്നാണ്.

യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന് ശക്തമായ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് മൂന്ന് ബി-1 ബോംബര്‍ വിമാനങ്ങള്‍ കൂടി ഇന്ന് യുകെയിലെ ആര്‍എഎഫ് ഫെയര്‍ഫോര്‍ഡില്‍ പറന്നിറങ്ങി. 'സീക്ക് ആന്‍ഡ് ഡിസ്‌ട്രോയ്' എന്ന് പേരുള്ളതുള്‍പ്പെടെ മൂന്ന് ബി-1 ബോംബര്‍ വിമാനങ്ങള്‍ കൂടി ഇന്ന് ഉച്ചകഴിഞ്ഞ് പ്രദേശത്ത് എത്തിയത്. അമേരിക്കയുടെ ആകെ ബി-1 വിമാന ശേഖരത്തിന്റെ ഏകദേശം നാലിലൊന്ന് ഭാഗവും ഇപ്പോള്‍ യുകെയിലെ ഈ സൈനിക കേന്ദ്രത്തിലാണുള്ളത്.

'നമ്മള്‍ അവരെ ശക്തമായി ആക്രമിക്കാന്‍ തുടങ്ങിയിട്ടു പോലുമില്ലെന്നും, 'ഏറ്റവും വലിയ ആക്രമണം' വരാനിരിക്കുന്നതേയുള്ളൂ' എന്നും ട്രംപ് കഴിഞ്ഞ ദിവസങ്ങളില്‍ അവകാശപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ട്രംപിനെ 'ഇല്ലാതാക്കുമെന്ന' ഭീഷണിയാണ് ഇറാന്‍ ഇന്ന് മുഴക്കിയത്. ഇന്ന് ഉച്ചകഴിഞ്ഞ് വരെയുള്ള കണക്കുകള്‍ പ്രകാരം, യുഎസ് വ്യോമസേനയുടെ 45 ബി-1 ബോംബറുകളില്‍ 11 എണ്ണം ഇപ്പോള്‍ ആര്‍എഎഫ് ഫെയര്‍ഫോര്‍ഡിലെ റണ്‍വേയിലുണ്ട്. ഇതിനുപുറമെ, ഇന്നലെ മൂന്ന് ബി-52 സ്ട്രാറ്റോഫോര്‍ട്ടസ് വിമാനങ്ങളും ഗ്ലോസ്റ്റര്‍ഷയറില്‍ ഇറങ്ങിയിരുന്നു. ഇതോടെ, ടെഹ്റാനെ ആക്രമിക്കാന്‍ പാകത്തില്‍ അമേരിക്കയുടെ ഏറ്റവും കരുത്തുറ്റ 14 ബോംബര്‍ വിമാനങ്ങളാണ് ബ്രിട്ടനില്‍ സജ്ജമായിരിക്കുന്നത്.

കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ ജീവനക്കാരെയും ആയുധശേഖരത്തെയും അവശ്യവസ്തുക്കളെയും വഹിച്ചുകൊണ്ടുള്ള 25 സപ്പോര്‍ട്ട് വിമാനങ്ങളും ഇവിടെയെത്തിയിട്ടുണ്ട്. ബോംബുകള്‍ സൂക്ഷിക്കുന്ന അറകള്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ ഇന്ന് ഗ്രൗണ്ട് ക്രൂ വിമാനങ്ങളില്‍ നടത്തി. ബോംബറുകളില്‍ നിറയ്‌ക്കേണ്ട മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പരിശോധിക്കുന്ന അതീവ ശ്രദ്ധ ആവശ്യമുള്ള ജോലികള്‍ തൊട്ടടുത്തുള്ള സേനാ ഉദ്യോഗസ്ഥരും നിര്‍വഹിച്ചു. ആര്‍എഎഫ് ഫെയര്‍ഫോര്‍ഡിലെ നീക്കങ്ങളും വന്‍തോതിലുള്ള ജെറ്റ് ബോംബറുകളുടെ വിന്യാസവും വരും ദിവസങ്ങളില്‍ ഇറാനില്‍ കൂടുതല്‍ ശക്തവും തുടര്‍ച്ചയുമായ വ്യോമാക്രമണങ്ങള്‍ക്കുള്ള കളമൊരുങ്ങിക്കഴിഞ്ഞു എന്ന സൂചനയാണ് നല്‍കുന്നത്. യുദ്ധം രണ്ട് ആഴ്ച മുതല്‍ രണ്ട് മാസം വരെ നീണ്ടുനില്‍ക്കാമെന്നായിരുന്നു യുഎസിന്റെ പ്രാഥമിക കണക്കുകള്‍. എന്നാല്‍, ഇപ്പോള്‍ ബ്രിട്ടനിലുള്ള ബി-1, ബി-52 ബോംബറുകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഇനിയും യുദ്ധം നീണ്ടേക്കാം എന്നാണ് വിവരം. എന്നാല്‍ ഇറാനില്‍ ഒന്നും ബാക്കിയില്ലെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

'യുദ്ധം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. അവര്‍ക്ക് നാവികസേനയില്ല, ആശയവിനിമയ സംവിധാനങ്ങളില്ല, വ്യോമസേനയുമില്ല. അവരുടെ മിസൈലുകള്‍ വളരെ കുറച്ചു മാത്രമേ അവശേഷിക്കുന്നുള്ളൂ. അവരുടെ ഡ്രോണുകള്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ എല്ലായിടത്തും തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സൈനികപരമായി അവിടെ ഇനി ഒന്നുമില്ലായെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

ഈ യുദ്ധത്തെക്കുറിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ട്രംപ് ഇന്നലെ ഒരു മണിക്കൂര്‍ സംസാരിച്ചു. മോസ്‌കോ ഈ സംഭാഷണത്തെ 'തുറന്നതും കാര്യമാത്രപ്രസക്തവുമായ' ഒന്നായാണ് വിശേഷിപ്പിച്ചത്. ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തപ്പോള്‍, പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി: 'അവര്‍ക്ക് പ്രയോഗിക്കാന്‍ ഉണ്ടായിരുന്നതെല്ലാം അവര്‍ പ്രയോഗിച്ചു കഴിഞ്ഞു. ഇനി എന്തെങ്കിലും വിഡ്ഢിത്തത്തിന് മുതിരാതിരിക്കുന്നതാണ് അവര്‍ക്ക് നല്ലത്, അല്ലാത്തപക്ഷം ആ രാജ്യത്തിന്റെ അന്ത്യമായിരിക്കും അത്.'

'ചില തിന്മകളെ ഇല്ലാതാക്കാന്‍ അത് അത്യാവശ്യമാണെന്ന് കരുതിയതുകൊണ്ടാണ് ഞങ്ങള്‍ ഒരു ചെറിയ ദൗത്യത്തിന് ഇറങ്ങിയത്. ഇത് വളരെ വേഗം അവസാനിക്കുന്ന ഒരു ഹ്രസ്വകാല ദൗത്യമായിരിക്കുമെന്ന് നിങ്ങള്‍ കാണുമെന്ന് ഞാന്‍ കരുതുന്നു. പല രീതിയിലും നമ്മള്‍ ഇതിനകം വിജയിച്ചു കഴിഞ്ഞു, എന്നാല്‍ അത് പൂര്‍ണ്ണമല്ല. ഈ നീണ്ടുനിന്ന അപകടത്തെ എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ നമ്മള്‍ അന്തിമ വിജയം ലക്ഷ്യമാക്കി മുന്നോട്ട് പോകും. ഇതുകഴിയുന്നതോടെ ലോകം കൂടുതല്‍ സുരക്ഷിതമായിരിക്കും, അത് വളരെ വേഗം തന്നെ സംഭവിക്കുമെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയുടെ നടപടി മുന്‍കരുതല്‍ നടപടിയാണെന്ന വാദം ട്രംപ് ആവര്‍ത്തിച്ചു. അദ്ദേഹം പറഞ്ഞു: 'ഒരു ആഴ്ചയ്ക്കുള്ളില്‍ അവര്‍ നമ്മളെ ആക്രമിക്കാന്‍ പോവുകയായിരുന്നു. അവര്‍ തയ്യാറായിരുന്നു. ആരും കരുതിയതിലും എത്രയോ അധികം മിസൈലുകള്‍ അവരുടെ പക്കലുണ്ടായിരുന്നു. നമ്മളെയും മധ്യേഷ്യയെ മുഴുവനും ഇസ്രായേലിനെയും അവര്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും ട്രംപ് പറഞ്ഞു. 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' ആരംഭിച്ചതിന് ശേഷം 5,000-ലധികം ഇറാനിയന്‍ ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തുകയും 50 കപ്പലുകള്‍ നശിപ്പിക്കുകയും ചെയ്തതായി യുഎസ് സൈന്യം അറിയിച്ചു.

Tags:    

Similar News