തിരഞ്ഞെടുപ്പ് ഗോദയില്‍ ക്രൈസ്തവ വോട്ടുകള്‍ തൂത്തുവാരാന്‍ പിണറായിയുടെ 'മാസ്റ്റര്‍ സ്‌ട്രോക്ക്'; പെന്തക്കോസ്ത് സഭകള്‍ക്ക് ചരിത്രപരമായ അംഗീകാരം; 'അന്യരല്ല' ഇനി ക്രൈസ്തവര്‍ തന്നെ! നിവേദനം നല്‍കി അഞ്ചാം നാള്‍ അതിവേഗ തീരുമാനം; ടി.വി അനുപമ അടങ്ങുന്ന ഐ.എ.എസ് സമിതി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഇറങ്ങുന്നു; ദശകങ്ങളുടെ അവഗണനയ്ക്ക് വിരാമം

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും

Update: 2026-03-10 15:27 GMT

തിരുവനന്തപുരം: പതിറ്റാണ്ടുകളായി കേരളത്തിലെ പെന്തക്കോസ്ത് വിശ്വാസികള്‍ ഉയര്‍ത്തുന്ന നീതിക്കായുള്ള പോരാട്ടം ഒടുവില്‍ വിജയത്തിലേക്ക്. പെന്തക്കോസ്ത് സഭകളെ ഔദ്യോഗികമായി ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. വെറും പ്രഖ്യാപനത്തിലൊതുക്കാതെ, ഈ വിഭാഗം നേരിടുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണാന്‍ മൂന്ന് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഉന്നതതല കമ്മിറ്റിയെയും നിയോഗിച്ചു.

ദശകങ്ങളുടെ അവഗണനയ്ക്ക് അന്ത്യം

കേരളത്തിലെ വലിയൊരു ജനവിഭാഗമായിട്ടും ആരാധനാലയം നിര്‍മ്മിക്കാനോ, മരിച്ചാല്‍ സ്വന്തം സെമിത്തേരിയില്‍ അടക്കം ചെയ്യാനോ അനുവാദമില്ലാതെ വലയുകയായിരുന്നു പെന്തക്കോസ്ത് വിശ്വാസികള്‍. മാര്‍ച്ച് അഞ്ചിന് പെന്തക്കോസ്ത് ലീഡേഴ്‌സ് കൗണ്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് മന്ത്രിസഭ അതിവേഗത്തില്‍ ഈ തീരുമാനം എടുത്തത്. തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി എല്ലാ വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് തീരുമാനം.

നിലവിലുള്ള സെമിത്തേരികള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുക, പാസ്റ്റര്‍മാര്‍ക്കും സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ഏര്‍പ്പെടുത്തുക, സര്‍ക്കാര്‍ ബോര്‍ഡുകളിലും ന്യൂനപക്ഷ കമ്മീഷനിലും പെന്തക്കോസ്ത് പ്രതിനിധികളെ ഉള്‍പ്പെടുത്തുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ആനുപാതികമായി ലഭ്യമാക്കുക, ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ സത്വരമായ നിയമ നടപടികള്‍ സ്വീകരിക്കുക എന്നിവയായിരുന്നു പെന്തക്കോസ്ത് ലീഡേഴ്‌സ് കൗണ്‍സിലിന്റെ ആവശ്യങ്ങള്‍.

ഐ.എ.എസ് സംഘം കളത്തിലിറങ്ങുന്നു

പെന്തക്കോസ്ത്, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ (SCCC) എന്നിവരുടെ ആവലാതികള്‍ കേള്‍ക്കാന്‍ ബിശ്വനാഥ സിന്‍ഹ, ടി.വി. അനുപമ, ജെറോമിക് ജോര്‍ജ് എന്നിവരടങ്ങിയ കമ്മിറ്റിക്കാണ് ചുമതല. ഇവരുടെ ശുപാര്‍ശകള്‍ നടപ്പിലാകുന്നതോടെ പെന്തക്കോസ്ത് സഭകളുടെ സാമൂഹികവും നിയമപരവുമായ പദവിയില്‍ വന്‍ മാറ്റമുണ്ടാകും.

ഒത്തൊരുമയോടെ സഭാ നേതൃത്വം

ഐപിസി, ശാരോന്‍, ചര്‍ച്ച് ഓഫ് ഗോഡ്, ഹെവന്‍ലി ഫീസ്റ്റ് തുടങ്ങി പ്രമുഖ പെന്തക്കോസ്ത് സഭകളുടെയെല്ലാം ഭാരവാഹികള്‍ ഒരേ സ്വരത്തില്‍ ആവശ്യങ്ങള്‍ ഉന്നയിച്ചത് സര്‍ക്കാരിന് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കി. പാസ്റ്റര്‍ ഫിലിപ്പ് പി. തോമസ്, ഫിന്നി ജേക്കബ്, മാത്യു കുരുവിള തുടങ്ങിയ പ്രമുഖ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച.

Tags:    

Similar News