ശശി തരൂരിനൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമിച്ചത് സിപി മാത്യുവിന് ഇഷ്ടമായില്ല! ഭിന്നശേഷിക്കാരനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് ഇടുക്കി ഡിസിസി പ്രസിഡന്റ്; പ്രവര്‍ത്തകനെ രക്ഷിക്കാന്‍ എത്തിയ പ്രാദേശിക നേതാക്കള്‍ക്ക് നേരെയും ആക്രോശം; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധം ശക്തം
ശശി തരൂരിനൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമിച്ചത് സിപി മാത്യുവിന് ഇഷ്ടമായില്ല!
ഇടുക്കി: കുമളിയില്‍ ശശി തരൂര്‍ എംപി പങ്കെടുത്ത പരിപാടിക്കിടെ ഭിന്നശേഷിക്കാരനായ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വലിയ പ്രതിഷേധം ഇരമ്പുകയാണ്. വണ്ടിപ്പെരിയാര്‍ മുന്‍ മണ്ഡലം പ്രസിഡന്റും ഭിന്നശേഷിക്കാരനുമായ പ്രവര്‍ത്തകനാണ് മര്‍ദ്ദനമേറ്റത്.
ശശി തരൂരിനൊപ്പം ഒരു സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതായിരുന്നു ഇദ്ദേഹം ചെയ്തതാണ് സി പി മാത്യുവിന് ഇഷ്ടപ്പെട്ടാതിരുന്നത്. പ്രകോപിതനായ സി പി മാത്യു പ്രവര്‍ത്തകനെ തള്ളിമാറ്റുകയായിരുന്നു. തള്ളലില്‍ നിലതെറ്റിയ പ്രവര്‍ത്തകനെ രക്ഷിക്കാന്‍ എത്തിയ മറ്റ് പ്രാദേശിക നേതാക്കള്‍ക്ക് നേരെയും ഡിസിസി പ്രസിഡന്റ് ആക്രോശിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരെ മാത്രമല്ല, വിനോദസഞ്ചാരത്തിന് എത്തിയവരേയും കോണ്‍ഗ്രസ് സംഘം വെറുതെ വിട്ടില്ല.
തരൂരിന്റെ വാഹനവ്യൂഹത്തിന് കടന്നുപോകാന്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ തടഞ്ഞതിനെച്ചൊല്ലി വലിയ തര്‍ക്കമാണ് കുമളിയില്‍ നടന്നത്. ടൂറിസ്റ്റ് വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തു. ജില്ലാ നേതൃത്വത്തിന്റെ ഇത്തരം നടപടികള്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമെന്നും ആക്ഷേപമുണ്ട്.
അതേസമയം സ്വന്തം അണികളോടും മാന്യമായി പെരുമാറാന്‍ അറിയാത്ത നേതാക്കള്‍ നാടിന് അപമാനമാണെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നു.