പ്രണയനൈരാശ്യത്തിൽ 20 ദിവസത്തെ ഇടവേളയിൽ മകനും കാമുകിയും ആത്മഹത്യ ചെയ്തു; സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട മകന്റെ ആഗ്രഹപ്രകാരം വീട്ടിൽ ക്ഷേത്രമുയർന്നു; 22 വർഷമായി മുടങ്ങാതെ നടക്കുന്ന വിവാഹം; ശ്രീരാമനവമി ദിനത്തിലെ ചടങ്ങ് കാണാൻ ജനങ്ങൾ ഒഴുകിയെത്തും; ആ 'കല്യാണ വിശേഷം' ഇങ്ങനെ

Update: 2026-03-29 16:07 GMT

മഹബൂബാബാദ്: മരണം വേർപെടുത്തിയ മകനും അവന്റെ പ്രിയതമയ്ക്കും വേണ്ടി കഴിഞ്ഞ 22 വർഷമായി ഒരു അച്ഛനും അമ്മയും കല്യാണം നടത്തുന്നു. കേൾക്കുമ്പോൾ അതിശയം തോന്നാം, പക്ഷേ തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിലെ ലാലു-സുക്കമ്മ ദമ്പതികൾക്ക് ഇത് വെറുമൊരു ചടങ്ങല്ല, തങ്ങളുടെ മകനോടുള്ള തീരാത്ത സ്നേഹത്തിന്റെ പ്രായശ്ചിത്തമാണ്.

2003-ലായിരുന്നു ആ നാടിനെ നടുക്കിയ ദുരന്തം. ലാലുവിന്റെയും സുക്കമ്മയുടെയും മകൻ രാംകോട്ടി ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ ബന്ധത്തെ എതിർത്തതോടെ മനംനൊന്ത് രാംകോട്ടി ആത്മഹത്യ ചെയ്തു. പ്രിയപ്പെട്ടവന്റെ വിയോഗം താങ്ങാനാവാതെ 20 ദിവസങ്ങൾക്കുള്ളിൽ ആ പെൺകുട്ടിയും ജീവിതം അവസാനിപ്പിച്ചു.

മകന്റെ വേർപാടിൽ തകർന്നുപോയ സുക്കമ്മയ്ക്ക് ഒരിക്കൽ രാംകോട്ടി സ്വപ്നത്തിൽ ദർശനം നൽകിയെന്നും, തങ്ങൾക്കായി ഒരു ക്ഷേത്രം പണിത് വിവാഹം നടത്തിത്തരണമെന്ന് ആവശ്യപ്പെട്ടെന്നുമാണ് കുടുംബം വിശ്വസിക്കുന്നത്. ഇതോടെ വീടിനുള്ളിൽത്തന്നെ ഇരുവരുടെയും വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് ദമ്പതികൾ ഒരു ചെറിയ പ്രാർത്ഥനാലയം നിർമ്മിച്ചു.

എല്ലാ വർഷവും ശ്രീരാമനവമി ദിനത്തിലാണ് വിഗ്രഹങ്ങൾ തമ്മിലുള്ള ഈ പ്രതീകാത്മക വിവാഹം നടക്കുന്നത്. ശ്രീരാമന്റെയും സീതാദേവിയുടെയും വിവാഹം നടന്ന ദിനമെന്ന വിശ്വാസത്തിലാണ് ഈ ദിവസം തന്നെ ചടങ്ങിനായി തിരഞ്ഞെടുത്തത്. പരമ്പരാഗതമായ എല്ലാ വിവാഹ ആചാരങ്ങളും പാലിച്ചാണ് 'കല്യാണോത്സവം' നടക്കുന്നത്. പൂജകളും പ്രത്യേക പ്രാർത്ഥനകളും അന്നേ ദിവസം ഉണ്ടാകും.

ആദ്യകാലങ്ങളിൽ വീട്ടുകാർ മാത്രം നടത്തിയിരുന്ന ഈ ചടങ്ങ് ഇന്ന് നാട്ടുകാരുടെ കൂടെ പങ്കാളിത്തത്തോടെ ഒരു വലിയ ഉത്സവമായി മാറിയിരിക്കുകയാണ്. അയൽ ഗ്രാമങ്ങളിൽ നിന്നുപോലും നിരവധി പേർ ഈ അപൂർവ്വ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ എത്തുന്നു. പ്രണയത്തിന് വേണ്ടി ജീവൻ വെടിഞ്ഞവർക്ക്, മരണാനന്തരമെങ്കിലും ഒരുമിച്ചുണ്ടാകാൻ നൽകുന്ന ഈ സ്മരണാഞ്ജലി ഗ്രാമവാസികൾക്കും ഇന്ന് വൈകാരികമായ ഒന്നാണ്. ജീവിക്കാനായില്ലെങ്കിലും മരണശേഷം അവർ ഒന്നിച്ചുണ്ടാകട്ടെ എന്ന ആഗ്രഹമാണ് ഓരോ വർഷവും ഈ മാതാപിതാക്കളെക്കൊണ്ട് ഈ ചടങ്ങ് നടത്തിക്കുന്നത്. 

Tags:    

Similar News