'ചുരുങ്ങിയത് 500 കോടിയെങ്കിലും ഞങ്ങൾക്ക് നൽകണം'; തകർന്നു കിടക്കുന്ന റോഡുകൾ നന്നാക്കാം, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാം; 'ധുരന്ധ'റിന്റെ നേടിയ ലാഭത്തിന്‍റെ 80 ശതമാനം വിഹിതം വേണമെന്ന് പാക്കിസ്ഥാനിലെ ല്യാരി നിവാസികൾ; കാരണം ഇതാണ്

Update: 2026-03-29 15:32 GMT

കറാച്ചി: ബോളിവുഡ് ചിത്രം 'ധുരന്ധർ: ദ റിവഞ്ച്' ആഗോളതലത്തിൽ വൻ വിജയം കൈവരിക്കവെ, ചിത്രത്തിന്റെ ലാഭവിഹിതം ആവശ്യപ്പെട്ട് പാകിസ്താനിലെ ല്യാരി നിവാസികൾ രംഗത്ത്. രൺവീർ സിങ് നായകനായ ചിത്രം ഇതിനോടകം ആയിരം കോടിയിലധികം രൂപ കലക്ട് ചെയ്ത പശ്ചാത്തലത്തിലാണ് വരുമാനത്തിന്റെ 80 ശതമാനം തങ്ങളുടെ പ്രദേശത്തിന്റെ വികസനത്തിനായി നൽകണമെന്ന ആവശ്യവുമായി കറാച്ചിയിലെ ല്യാരിയിലുള്ളവർ രംഗത്തെത്തിയത്.

ല്യാരിയിലെ ക്രിമിനൽ സംഘങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻ്റലിജൻസ് ഓഫീസറുടെ കഥയാണ് 'ധുരന്ധർ 2' പറയുന്നത്. തങ്ങളുടെ പ്രദേശത്തിന്റെ പേരും പശ്ചാത്തലവും സിനിമയ്ക്കായി ഉപയോഗിച്ച സാഹചര്യത്തിൽ, അതിന്റെ സാമ്പത്തിക നേട്ടത്തിൽ പ്രദേശവാസികൾക്കും അവകാശമുണ്ടെന്നാണ് ഇവരുടെ വാദം. ഇതുസംബന്ധിച്ച വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സിനിമയുടെ ലാഭവിഹിതം ലഭിക്കുകയാണെങ്കിൽ തകർന്നു കിടക്കുന്ന റോഡുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാമെന്ന് പ്രദേശവാസികൾ വീഡിയോയിൽ പറയുന്നു. "ചിത്രം ആയിരം കോടി സമ്പാദിക്കുന്നുണ്ടെങ്കിൽ ചുരുങ്ങിയത് 500 കോടിയെങ്കിലും ല്യാരിയിലെ ജനങ്ങൾക്ക് നൽകണം. വരുമാനത്തിന്റെ പകുതിയെങ്കിലും ലഭിച്ചാൽ ഇവിടുത്തെ റോഡുകൾ നന്നാക്കാം," വീഡിയോയിൽ ഒരാൾ ആവശ്യപ്പെടുന്നു. ലാഭത്തിന്റെ 70 മുതൽ 80 ശതമാനം വരെ നൽകുന്നത് ന്യായമായ വിഹിതമായിരിക്കുമെന്നും ഇവർ അവകാശപ്പെടുന്നു.

ല്യാരി നിവാസികളുടെ ഈ വിചിത്രമായ ആവശ്യത്തോട് സംവിധായകൻ ആദിത്യ ധറോ ചിത്രത്തിന്റെ നിർമ്മാതാക്കളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, സിനിമയുടെ കളക്ഷൻ ഓരോ ദിവസവും കുതിച്ചുയരുന്നതിനൊപ്പം ല്യാരിയിൽ നിന്നുള്ള ഈ ആവശ്യങ്ങൾക്കും സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സിനിമകളിൽ ചിത്രീകരിക്കപ്പെടുന്ന സ്ഥലങ്ങൾക്കും അവിടുത്തെ ജനങ്ങൾക്കും ആ ചിത്രത്തിന്റെ സാമ്പത്തിക വിജയത്തിൽ അവകാശമുണ്ടോ എന്നതിനെക്കുറിച്ച് വലിയ രീതിയിലുള്ള ചർച്ചകൾക്കും ഈ സംഭവം തുടക്കമിട്ടിട്ടുണ്ട്. സിനിമയിലെ പ്രാതിനിധ്യം, ഉടമസ്ഥാവകാശം തുടങ്ങിയ വിഷയങ്ങളിൽ സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും ഇപ്പോൾ വാദപ്രതിവാദങ്ങൾ സജീവമാണ്.

ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം ല്യാരി പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. രൺവീർ സിങിന് പുറമെ അർജുൻ രാംപാൽ, ആർ. മാധവൻ, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, രാകേഷ് ബേദി തുടങ്ങിയ വൻ താരനിരതന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഒന്നാം ഭാഗം 1300 കോടി രൂപയാണ് നേടിയത്. രണ്ടാം ഭാഗമാകട്ടെ ഇതിനോടകം അന്താരാഷ്ട്ര തലത്തിൽ 1100 കോടിയിലധികം രൂപയും ഇന്ത്യയിൽ 750 കോടിയിലധികം രൂപയും സ്വന്തമാക്കി കുതിപ്പ് തുടരുകയാണ്.

Tags:    

Similar News