എഫ്‌സിആര്‍എ ഭേദഗതി ബില്‍ സഭയെ വീര്‍പ്പുമുട്ടിക്കുന്നത്; ബിജെപിക്ക് ഈ വിഷയത്തില്‍ ഇരട്ടത്താപ്പ് നയം; അനുനയത്തിന് ഒരു ശ്രമവും നടന്നിട്ടില്ല, ഇത് ബാധിക്കുക ന്യൂനപക്ഷങ്ങളെ; ബില്‍ പുന പരിശോധിക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍; ബില്‍ ഒരു മത വിഭാഗത്തെയും ലക്ഷ്യമിട്ടല്ല; യുഡിഎഫും സിപിഎമ്മും നുണ പ്രചാരണം നിര്‍ത്തണമെന്ന് കിരണ്‍ റിജിജു

എഫ്‌സിആര്‍എ ഭേദഗതി ബില്‍ സഭയെ വീര്‍പ്പുമുട്ടിക്കുന്നത്

Update: 2026-03-30 07:18 GMT

കോട്ടയം/ന്യൂഡല്‍ഹി: എഫ്സിആര്‍എ ഭേദഗതിക്ക് എതിരെ ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. തീരുമാനം പുനഃപരിശോധിക്കണമെന്നും സഭയുടെ സാമൂഹിക പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും കാതോലിക്ക ബാവ മാധ്യമങ്ങളോട് പറഞ്ഞു.

നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമാണ്. അത് കൃത്യമായി പാലിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നത്. പുതിയ നിയമം ആശങ്കയാണ്. സഭയെ വലിയ നിലയില്‍ ബുദ്ധിമുട്ടിക്കുന്നതാണ് പുതിയ നിയമം. സഭകള്‍ ഇതുവരെ ചെയ്തതും ചെയ്ത് കൊണ്ടിരിക്കുന്നതും മുടങ്ങുന്ന സ്ഥിതിയാണ്. നിലവില്‍ സഭയുടെ പല കാര്യങ്ങളും ബ്ലോക്ക് ചെയ്ത് അവസ്ഥയിലാണ്. രാജീവ് ചന്ദ്രശേഖര്‍ വന്ന് കണ്ടപ്പോള്‍ വിഷയം പറഞ്ഞുവെന്നും എന്നാല്‍ പരിഹാരം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

എഫ്സിആര്‍എ നിയമം അടിയന്തിരമായി പിന്‍വലിക്കണം. ന്യൂനപക്ഷ സമീപനങ്ങളില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമാണോ ഈ നീക്കം എന്ന് സംശയിക്കുന്നു. ബിജെപിക്ക് ഈ വിഷയത്തില്‍ ഇരട്ടതാപ്പ് ആണോ എന്ന് സംശയം. സഭ സന്ദര്‍ശിക്കുന്ന നേതാക്കളെ നല്ല നിലയില്‍ സ്വീകരിച്ചു. എന്നിട്ട് സഭയെ വീര്‍പ്പുമുട്ടിക്കുന്ന അവസ്ഥയിലേക്ക് പോകുന്നു. ആശങ്കപ്പെടണ്ടാ എന്ന ബിജെപി നേതാക്കളുടെ വാക്കിന് അര്‍ത്ഥം ഇല്ല. ആശങ്ക വേണ്ടാ എന്ന് ജോര്‍ജ് കുര്യന്‍ പറയുന്നു.

പക്ഷെ അതിന്റെ ഒരു സൂചനയും ലഭിക്കുന്നില്ല. മോദിയെ ഡല്‍ഹിയില്‍ വെച്ച് നേരില്‍ കണ്ട് ആശങ്ക അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ബില്ലുമായി മുന്നോട്ട് പോയാല്‍ തുറന്ന പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും മറ്റ് സഭകളുമായി കൂടിയാലോചന നടത്തുമെന്നും ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ.

അതേസമയം എഫ്‌സിആര്‍എ ഭേദഗതി ബില്‍ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെച്ചല്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു. യുഡിഎഫും സിപിഎമ്മും നുണ പ്രചാരണം നിര്‍ത്തണമെന്നും കിരണ്‍ റിജിജു പറഞ്ഞു. ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ടിഎംസി അതിക്രമം വ്യാപകമെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയശേഷം പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. വിദേശ ഫണ്ടുകള്‍ മറ്റൊന്നിനും ഉപയോഗിക്കാതിരിക്കാന്‍ വേണ്ടിയാണ് നിയമം.

ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ആണ് നിയമം എന്നത് ശുദ്ധ അസംബന്ധമാണ്. നിയമവിരുദ്ധ ഫണ്ടിംഗ് തടയുക മാത്രമാണ് ലക്ഷ്യമെന്നും നിയമവിരുദ്ധ നടപടികള്‍ തടയേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കിരണ്‍ റിജിജു പറഞ്ഞു. ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടുകള്‍ ഉപയോഗിച്ചുവെന്ന പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.ഇതുകൊണ്ട് മാത്രമാണ് ചില നടപടികള്‍ എടുക്കുന്നതെന്നും ഒരു മത വിഭാഗത്തിനും എതിരല്ലെന്നും കിരണ്‍ റിജിജു പറഞ്ഞു.

അതേസമയം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രൈസ്തവ സഭകള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ നിയമത്തിനെതിരെ രംഗത്തെത്തിയത് രാഷ്ട്രീയ മുന്നണികള്‍ക്ക് വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്ല് സംസ്ഥാനത്ത് പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി മാറുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും എതിരെ കേന്ദ്രം നടത്തുന്ന നീക്കമാണിതെന്ന് ആരോപിച്ച് യുഡിഎഫും എല്‍ഡിഎഫും രംഗത്തെത്തി.

വിദേശ ധനസഹായം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കും ട്രസ്റ്റുകള്‍ക്കും മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ് പുതിയ ഭേദഗതി. ബില്ല് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ലൈസന്‍സ് പുതുക്കാന്‍ വൈകുകയോ പുതുക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ സംഘടനകളുടെ ആസ്തികള്‍ കേന്ദ്ര സര്‍ക്കാരിന് ഏറ്റെടുക്കാന്‍ അധികാരം നല്‍കുന്ന വ്യവസ്ഥയിലാണ് പ്രതിപക്ഷ നേതാവ് പ്രധാനമായും ആശങ്ക പ്രകടിപ്പിച്ചത്. വിദ്യഭ്യാസ, ആരോഗ്യ, സാമൂഹിക സേവന മേഖലകളില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങളെ ഈ നീക്കം ഗുരുതരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതും ഭരണപരമായ അധിക ബാധ്യതകള്‍ അടിച്ചേല്‍പ്പിക്കുന്നതുമാണ് പുതിയ ഭേദഗതികള്‍. സേവന താല്പര്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളെ ദോഷകരമായി ബാധിക്കാത്ത രീതിയില്‍ നിയമം പരിഷ്‌കരിക്കണമെന്നും സതീശന്‍ കത്തില്‍ ആവശ്യപ്പെട്ടു.

പുതിയ ബില്ല് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കടന്നാക്രമണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. എന്‍ജിഒകള്‍, ട്രസ്റ്റുകള്‍, സൊസൈറ്റികള്‍ എന്നിവയുടെ ലൈസന്‍സ് റദ്ദാക്കിയാല്‍ കേന്ദ്രത്തിന്റെ അനുമതിയില്ലാതെ ആസ്തികള്‍ കൈമാറാനോ വില്‍ക്കാനോ കഴിയില്ലെന്ന വ്യവസ്ഥ അപകടകരമാണ്. ഇത്തരത്തില്‍ ഏറ്റെടുക്കുന്ന ആസ്തികള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന അതോറിറ്റികള്‍ക്ക് കൈമാറാനും പൊതു ആവശ്യങ്ങള്‍ക്കായി സ്ഥിരമായി ഏറ്റെടുക്കാനും നിയമം അധികാരം നല്‍കുന്നു.

ന്യൂനപക്ഷ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇത്തരത്തില്‍ പിടിച്ചെടുക്കാന്‍ ഈ നിയമം വഴിയൊരുക്കുമെന്ന് സിപിഎം പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. സിവില്‍ സൊസൈറ്റി സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായി ഇടപെടാനുള്ള കേന്ദ്ര നീക്കം അംഗീകരിക്കാനാവില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി.

സിറോ മലബാര്‍ സഭ ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയിലും ബില്ലിനെതിരെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. പതിറ്റാണ്ടുകളായി വിദേശ ഫണ്ട് ഉപയോഗിച്ച് കുഗ്രാമങ്ങളില്‍ പോലും സ്‌കൂളുകളും ആശുപത്രികളും നിര്‍മ്മിച്ച് സഭ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളെ ദേശവിരുദ്ധമായി ചിത്രീകരിക്കുന്നത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ തന്നെ കര്‍ശനമായ നിയമങ്ങള്‍ നിലനില്‍ക്കെ പുതിയ ഭേദഗതികളുടെ ആവശ്യമെന്താണെന്ന് അദ്ദേഹം ചോദിച്ചു. ലൈസന്‍സ് പുതുക്കിയില്ലെങ്കില്‍ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുമെന്ന വ്യവസ്ഥ ചാരിറ്റി പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കും. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയും കത്തോലിക്കാ ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയും ഇതേ ആശങ്കകള്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രൈസ്തവ സഭകള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ നിയമത്തിനെതിരെ രംഗത്തെത്തിയത് രാഷ്ട്രീയ മുന്നണികള്‍ക്ക് വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. വിദേശ ഫണ്ടുകളുടെ പേരില്‍ സ്ഥാപനങ്ങളെ വേട്ടയാടാനാണ് കേന്ദ്ര നീക്കമെന്ന ആരോപണം വരും ദിവസങ്ങളില്‍ പ്രചാരണ വേദികളില്‍ സജീവമാകും.

Tags:    

Similar News