'സംവാദത്തിന് തയ്യാര്‍, മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം; പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും; ബാക്കി ജനം തീരുമാനിക്കട്ടെ! സംവാദത്തിന് തയ്യാറായി പ്രതിപക്ഷ നേതാവ്; തെരഞ്ഞെടുപ്പു പ്രചരണം ഉച്ഛസ്ഥായിയില്‍ നില്‍ക്കവേ വി ഡി സതീശന്‍ - പിണറായി സംവാദം നടക്കുമോ? പ്രചരണം സെക്കന്റ് ഗിയറിലേക്ക് കയറുമ്പോള്‍..
'സംവാദത്തിന് തയ്യാര്‍, മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചരണം ശക്തമായി മുന്നേറവേ രാഷ്ട്രീയ കേന്ദ്രങ്ങളെ ചൂടുപിടിപ്പിച്ച് വികസന സംവാദത്തിന് കളമൊരുങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള സംവാദത്തിനാണ് സാധ്യതയേറിയത്. സംവാദത്തിന് തയ്യാര്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കിയത്. പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് താനെത്തുമെന്നും ബാക്കി ജനം തീരുമാനിക്കട്ടെയെന്നും സതീശന്‍ വ്യക്തമാക്കി.
സംവാദത്തിന് വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രംഗത്ത് വന്നിരുന്നു. എല്‍ഡിഎഫ് റിപ്പോര്‍ട്ട് കാര്‍ഡ് പങ്കുവെച്ച് എന്നാല്‍ ഇതില്‍ സംവാദമാകാം എന്നാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി. സര്‍ക്കാരിന്റെ എ പ്ലസ് നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു കൊണ്ട് ഇതില്‍ സംവാദമാകാമോ എന്ന ചോദ്യമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയിട്ടുള്ളത്. പ്രതിപക്ഷ നേതാവിന്റെ സംവാദ വെല്ലുവിളി വളരെ നല്ല കാര്യമാണെന്നും ഏറ്റവും വലിയ സംവാദത്തിന്റെ സ്ഥലം നിയമസഭയാണെന്നും എന്നാല്‍, അവിടെനിന്ന് പ്രതിപക്ഷം ഒളിച്ചോടുകയായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
നിയമസഭയില്‍ ചോദിച്ചാല്‍ മറുപടി കിട്ടുമെന്ന് അറിയാം. എന്നാല്‍, എന്താണ് സഭയില്‍ പ്രതിപക്ഷം കാട്ടിക്കൂട്ടിയത്? കേരളത്തിന്റെ വികസനത്തിന് പ്രതിപക്ഷം എന്ത് പങ്കാണ് വഹിച്ചത്. കേന്ദ്രം കേരളത്തെ അവഗണിച്ചപ്പോള്‍ ശബ്ദം ഉയര്‍ത്തിയോ? ഇക്കാര്യങ്ങള്‍ക്ക് എല്ലാം മറുപടി ഉണ്ടെങ്കില്‍ സംവാദത്തിന് തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ച വീടുകളുടെ അത്രയും പോലും 10 കൊല്ലം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ പണിതിട്ടില്ലെന്നാണ് സതീശന്റെ അവകാശവാദം. വിവിധ വകുപ്പുകള്‍ വഴി നടപ്പിലാക്കിയ ഈ പദ്ധതികളുടെ കൃത്യമായ കണക്കുകള്‍ എല്‍ഡിഎഫ് മന്ത്രിമാര്‍ തന്നെ നിയമസഭയില്‍ നല്‍കിയ മറുപടികളിലുണ്ട്. വികസന കാര്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഏത് വേദിയും തുറന്ന സംവാദത്തിന് താന്‍ തയാറാണെന്നും അദ്ദേഹം ഇന്നലെ വെല്ലുവിളിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചത്. സമയവും സ്ഥലവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. നുണേശന്‍ ആണോ നുണറായി ആണോ കൂടുതല്‍ യോജിക്കുന്നതെന്ന് നോക്കാമെന്നും വി.ഡി.സതീശന്‍ പറഞ്ഞിരുന്നു. ഭവനപദ്ധതിയെ കുറിച്ച് മുഖ്യമന്ത്രി യമണ്ടന്‍ നുണയാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജനങ്ങളോട് വെറുതെ ഓരോന്ന് പറഞ്ഞ് ശ്രദ്ധ തിരിക്കുന്ന രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞെന്നും കരുത്തും ധൈര്യവും ഉണ്ടെങ്കില്‍ തന്റെ ഒപ്പം വന്ന് സംവാദം നടത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പക്ഷം. ഇരട്ടത്താപ്പിന്റെ മറ്റൊരു പേരാണ് സിപിഐഎം. ഇരട്ടത്താപ്പാണ് സിപിഐഎമ്മിന്റെ പ്രത്യയശാസ്ത്രം. 10 വര്‍ഷം തങ്ങള്‍ എന്ത് ചെയ്തു എന്നത് പറയാന്‍ ബിജെപി തയ്യാറാണ്. തന്റെ പൊട്ട മലയാളത്തില്‍ സംവാദത്തിന് തയാറാണെന്നും തന്റെ മലയാളത്തിനൊപ്പം വസ്തുതയും വിവരങ്ങളും സത്യവുമാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
