എഫ്‌സിആര്‍എ ബില്‍ ഭരണഘടനാവിരുദ്ധവും പൗരന്‍മാരുടെ അവകാശത്തിനും വിരുദ്ധം; പുതിയ ബില്ല് ആശങ്കയുണ്ടാക്കുന്നത്; സ്വത്തുകള്‍ കണ്ടുകിട്ടാനുള്ള വ്യവസ്ഥ ആശങ്ക ഉണ്ടാക്കുന്നു; സന്നദ്ധ സംഘടനകളെയും ക്രൈസ്തവ സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കും; കേന്ദ്രസര്‍ക്കാറിനെതിരെ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
എഫ്‌സിആര്‍എ ബില്‍ ഭരണഘടനാവിരുദ്ധവും പൗരന്‍മാരുടെ അവകാശത്തിനും വിരുദ്ധം
തൃശൂര്‍:എഫ്‌സിആര്‍എ പുതിയ ബില്ല് ഭരണഘടനാ വരുദ്ധവും വ്യക്തികളുടേയും പൗരന്‍മാരുടേയും അവകാശത്തിന് വിരുദ്ധവുമാണെന്ന് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. പുതിയ ബില്ല് ആശങ്കയുണ്ടാക്കുന്നതാണ്. സ്വത്തുകള്‍ കണ്ടുകിട്ടാനുള്ള വ്യവസ്ഥ ആശങ്ക ഉണ്ടാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
എഫ്‌സിആര്‍എ അനുമതിയുള്ള സ്ഥാപനങ്ങളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള പുതിയ വ്യവസ്ഥകള്‍ അങ്ങേയറ്റം ആശങ്കാജനകമാണ്. ഇത് സന്നദ്ധ സംഘടനകളെയും ക്രൈസ്തവ സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്ക് നൂറ്റാണ്ടുകളായി ലഭിക്കുന്ന വിദേശ സഹായം സ്‌കൂളുകള്‍, അനാഥാലയങ്ങള്‍ തുടങ്ങിയവ വഴി രാഷ്ട്രനിര്‍മാണത്തിനാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ചെറിയ കാരണങ്ങള്‍ പറഞ്ഞ് പല സ്ഥാപനങ്ങളുടെയും എഫ്‌സിആര്‍എ അനുമതി റദ്ദാക്കുന്നത് ശരിയല്ല.
പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ തുടങ്ങിയ വിശുദ്ധ ദിനങ്ങളില്‍ പരീക്ഷകള്‍ നിശ്ചയിച്ചതില്‍ സഭയ്ക്കുള്ള കടുത്ത പ്രതിഷേധം അദ്ദേഹം രേഖപ്പെടുത്തി. പ്രാര്‍ത്ഥനയോടെ ചെലവഴിക്കേണ്ട ദിവസങ്ങളില്‍ കുട്ടികള്‍ക്ക് പരീക്ഷ എഴുതേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണ്. ക്രൈസ്തവ സമൂഹത്തോടുള്ള ഇത്തരം അവഗണനകള്‍ക്കെതിരെ അധികൃതര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം എഫ്‌സിആര്‍എ ഭേദഗതി ബില്‍ സുതാര്യതക്ക് വേണ്ടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എഫ്‌സിആര്‍എ ഭേദഗതി ബില്‍ ആരെയും ബാധിക്കില്ല. നിയമ ഭേദഗതി ഒരു വിഭാഗത്തിനും എതിരല്ലെന്നും തെറ്റ് ചെയ്താല്‍ മാത്രമാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. പാലായില്‍ തോല്‍ക്കാന്‍ പോകുന്നത് കൊണ്ടാണ് പള്ളികള്‍ ഏറ്റെടുക്കുമെന്ന് ജോസ് കെ. മാണി പറയുന്നത്.
വിദേശ സംഭാവനയില്‍ സുതാര്യത ഉറപ്പാക്കാനാണ് ബില്‍. കിരണ്‍ റിജിജുമായി സംസാരിച്ചിരുന്നു. പേടി വേണ്ടെന്ന് റിജിജു അറിയിച്ചിട്ടുണ്ട്. അതേസമയം അമിത് ഷായുമായും താന്‍ സംസാരിച്ചു. സഭകള്‍ക്ക് ആശങ്ക വേണ്ടെന്നും ദുരുപയോഗം തടയാന്‍ മാത്രമാണ് ഭേദഗതിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
എഫ്‌സിആര്‍എ നിയമ ഭേദഗതി എന്‍ജിഒകള്‍ക്ക് വരുന്ന വിദേശ നിക്ഷേപം നിയന്ത്രിക്കാന്‍ ഉദേശിച്ചുള്ളതാണ് എന്നും അതില്‍ ക്രൈസ്തവ സഭകള്‍ക്ക് യാതൊരു ആകുലതയും ആശങ്കയും ആവശ്യമില്ലന്ന് അഡ്വ.ഷോണ്‍ ജോര്‍ജ്ജും പ്രതികരിച്ചു. ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളുമെല്ലാം കൃത്യമാണ്. എന്തെങ്കിലും വിധത്തിലുള്ള തിരിമറികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കും അക്കൗണ്ടുകള്‍ക്കും മാത്രമേ ആശങ്കപ്പെടെണ്ട കാര്യമുള്ളൂ.
ചില എന്‍ജിഒകള്‍ വഴി നമ്മുടെ നാട്ടിലേക്ക് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം എത്തുന്നുണ്ട്. അത്തരം സംഘടനകളെ നിയന്ത്രിക്കാന്‍ നിയമം വരുമ്പോള്‍ അത് ക്രൈസ്തവ സഭാ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുന്നതിന് വേണ്ടിയാണ് എന്ന പ്രചാരണം നടത്തുന്നത് കോണ്‍ഗ്രസും ഇടത്പക്ഷവുമാണ്. നിയമം സംബന്ധിച്ച് ന്യൂനപക്ഷങ്ങള്‍ക്കായില്‍ അനാവശ്യ ഭീതി പടര്‍ത്തി തെറ്റിദ്ധാരണ പടര്‍ത്താനാണ് ഇവരുടെ ശ്രമം. നേരത്തേ പൗരത്വ ഭേദഗതി നിയമവും വഖഫ് ഭേദഗതി നിയമവും വന്ന സമയത്തും ഇത്തരത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസും ഇടത്പക്ഷവും ഉള്‍പ്പെട്ട ഇന്‍ഡ്യാ മുന്നണി അനാവശ്യ ഭീതി പടര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ നിയമങ്ങളൊന്നും ഒരു ന്യൂനപക്ഷത്തിന് നേരേയുമുളള കടന്ന് കയറ്റമില്ലാ എന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതുപോലെ തന്നെയാണ് എഫ്‌സിആര്‍എ ഭേദഗതി നിയമവും.
ഈ അടുത്തകാലത്ത് മണിപ്പൂരില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട അമേരിക്കന്‍ പൗരന്‍ മണിപ്പൂര്‍ കാലാപവുമായി ബന്ധപ്പെട്ട് എഫ് സി ആര്‍ എ അക്കൗണ്ടുകളിലൂടെ ഇന്ത്യയിലേക്ക് കലാപത്തിനായി പണം എത്തിച്ചു എന്ന വിവരം പുറത്ത് വന്നിട്ടുള്ളതാണ്. അതുപോലെ തന്നെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ പണം സ്വീകരിക്കുന്ന ഏജന്‍സികളെ നിയന്ത്രിക്കേണ്ടതായിട്ടുണ്ട്. അതിനപ്പുറം ഇപ്പോള്‍ മാന്യമായി മുന്നോട്ട് പോകുന്ന സ്ഥാപനങ്ങളെയും അക്കൗണ്ടുകളെയും നിയന്ത്രിക്കാനുള്ളതല്ലാ എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിട്ടുണ്ട് എന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
അതേസമയം വിഷയത്തില്‍ കേന്ദ്രത്തിനും ബിജെപിക്കുമെതിരെ ആരോപണം ശക്തമാക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും. അരമനകളില്‍ കേക്കുമായെത്തി ബിഷപ്പുമാരുടെ കൈമുത്തിയ ബിജെപി - ആര്‍എസ്എസ് നേതാക്കളുടെ തനിനിറം ക്രിസ്ത്യന്‍ മത മേലധ്യക്ഷര്‍ക്ക് എഫ്സിആര്‍എ ഭേദഗതി ബില്ലിലൂടെ മനസിലായിട്ടുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണ് അവരന്നെ് എല്ലാവര്‍ക്കും ഇതിലൂടെ മനസിലായിട്ടുണ്ടാകും.
വിദേശ സംഭാവന നിയന്ത്രിക്കുന്ന എഫ്സിആര്‍എ ബില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ക്രിസ്ത്യന്‍ സഭകളുടെയും മുസ്ലിം ട്രസ്റ്റുകളുടെയും നിയന്ത്രണത്തിലുള്ള ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ്. വോട്ട് മാത്രം ലാക്കാക്കിയെത്തുന്ന മോദിക്കും അമിത്ഷായ്ക്കും കടുത്ത ന്യൂനപക്ഷ വിരോധമാണെന്ന് കാസര്‍കോട് പ്രസ്‌ക്ലബില്‍ മിറ്റ് ദ പ്രസില്‍ പറഞ്ഞു.
