'യുഎസുമായി നേരിട്ട് ചര്‍ച്ച നടന്നിട്ടില്ല; മധ്യസ്ഥര്‍ വഴി എത്തുന്നത് നീതികരിക്കാനാവാത്ത ആവശ്യങ്ങള്‍; യുഎസ് നയതന്ത്രം തുടര്‍ച്ചയായി മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു; ഞങ്ങളുടെ നിലപാട് വ്യക്തവും; പാക്കിസ്ഥാന്റെ ചര്‍ച്ചാവേദികള്‍ അവരുടേത് മാത്രമാണ്'; യുദ്ധത്തില്‍ മധ്യസ്ഥനാകാന്‍ വന്ന പാക്കിസ്ഥാന്റെ മുഖത്തടിച്ച് ഇറാന്റെ മറുപടി! ഷഹബാസ് ഷരീഫിനും സംഘത്തിനും വന്‍ നാണക്കേട്

Update: 2026-03-30 13:35 GMT

ഇസ്ലാമാബാദ്: പശ്ചിമേഷ്യയില്‍ ആളിപ്പടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ യുഎസും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് നേരിട്ട് ആതിഥേയത്വം വഹിക്കാമെന്ന പാക്കിസ്ഥാന്‍ വാഗ്ദാനത്തെ തള്ളി ഇറാന്‍ രംഗത്തെത്തി. തന്ത്രപ്രധാനമായ നയതന്ത്ര നീക്കങ്ങളിലൂടെ മേഖലയില്‍ സമാധാനം കൊണ്ടുവരാമെന്ന ഇസ്ലാമാബാദിന്റെ അവകാശവാദങ്ങളെ പാടെ നിരാകരിക്കുന്നതാണ് ടെഹ്റാന്റെ പുതിയ നിലപാട്. യുഎസുമായി നേരിട്ട് യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ലെന്നും മധ്യസ്ഥര്‍ വഴി എത്തുന്ന നിര്‍ദ്ദേശങ്ങള്‍ നീതിരഹിതവും അന്യായവുമാണെന്നുമാണ് ഇറാന്റെ പക്ഷം. മുംബൈയിലെ ഇറാന്റെ കോണ്‍സുലേറ്റ് ജനറല്‍ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് പാക്കിസ്ഥാന്റെ മധ്യസ്ഥ ശ്രമങ്ങളെ ഇറാന്‍ തള്ളിക്കളഞ്ഞത്.

യുഎസുമായി നേരിട്ട് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും മധ്യസ്ഥരിലൂടെ എത്തുന്നത് അതിരുവിട്ടതും അന്യായവുമായ ആവശ്യങ്ങള്‍ മാത്രമാണെന്നും മുംബൈയിലെ ഇറാന്റെ കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞു. പാക്കിസ്ഥാന്റെ ചര്‍ച്ചാവേദികള്‍ അവരുടെ മാത്രം വിഷയമാണെന്നും ഇറാന്‍ അവയിലൊന്നും പങ്കെടുത്തിട്ടില്ലെന്നും കോണ്‍സുലേറ്റ് ജനറല്‍ പ്രസ്താവനയില്‍ അറിയിച്ചു. 'യുഎസുമായി നേരിട്ട് ചര്‍ച്ച നടന്നിട്ടില്ല. മധ്യസ്ഥര്‍ മുഖാന്തരം എത്തുന്നത് അതിരുവിട്ടതും നീതികരിക്കാനാവാത്തതുമായ ആവശ്യങ്ങളാണ്. യുഎസ് നയതന്ത്രം തുടര്‍ച്ചയായി മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ നിലപാട് വ്യക്തമാണ്. പാക്കിസ്ഥാന്റെ ചര്‍ച്ചാവേദികള്‍ അവരുടേത് മാത്രമാണ്. ഞങ്ങള്‍ പങ്കെടുത്തിട്ടില്ല. യുദ്ധം അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രാദേശിക അഭ്യര്‍ഥനകള്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍, ഓര്‍ക്കണം ആരാണ് ഇത് ആരംഭിച്ചതെന്ന്', കോണ്‍സുലേറ്റ് ജനറല്‍ പ്രസ്താവനയില്‍ അറിയിച്ചു.

സൗദി അറേബ്യ, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ഇസ്ലാമാബാദില്‍ നടത്തിയ ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഇഷാഖ് ദാര്‍ മധ്യസ്ഥതയ്ക്കുള്ള സന്നദ്ധത അറിയിച്ചത്. യുഎസ് ഭരണകൂടവുമായും ഇറാനിലെ മുതിര്‍ന്ന മന്ത്രിമാരുമായും താനും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫും ചര്‍ച്ചകള്‍ നടത്തിയതായും ഇഷാഖ് ദാര്‍ അവകാശപ്പെട്ടിരുന്നു. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുള്‍പ്പെടെയുള്ള നിര്‍ണ്ണായക വിഷയങ്ങള്‍ ചര്‍ച്ചയായെന്നും വരുംദിവസങ്ങളില്‍ യുഎസിനും ഇറാന്നും ചര്‍ച്ച നടത്താന്‍ ഇസ്ലാമാബാദ് വേദിയൊരുക്കുമെന്നുമായിരുന്നു പാക്കിസ്ഥാന്റെ പ്രഖ്യാപനം. എന്നാല്‍ ഇത്തരമൊരു ചര്‍ച്ചാവേദിയെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നും പാക്കിസ്ഥാന്‍ നടത്തുന്നത് അവരുടെ മാത്രം നീക്കങ്ങളാണെന്നുമാണ് ഇറാന്‍ വ്യക്തമാക്കുന്നത്.

ഇസ്ലാമാബാദില്‍ നടന്ന ഉന്നതതല യോഗത്തില്‍ ഇറാന്റെയോ ഇസ്രയേലിന്റെയോ യുഎസിന്റെയോ പ്രതിനിധികള്‍ ആരും പങ്കെടുത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. യുഎസ് നയതന്ത്രം അടിക്കടി മാറിക്കൊണ്ടിരിക്കുകയാണെന്നും തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നും ഇറാന്‍ പ്രസ്താവനയില്‍ ആവര്‍ത്തിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള പ്രാദേശികമായ ഏതൊരു ശ്രമത്തെയും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ഈ സംഘര്‍ഷങ്ങള്‍ ആരാണ് ആരംഭിച്ചതെന്ന കാര്യം വിസ്മരിക്കരുതെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. നിലവിലെ സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ പ്രഖ്യാപിച്ച ചര്‍ച്ചാ ഫോറങ്ങളില്‍ തങ്ങള്‍ പങ്കാളികളല്ലെന്നും ടെഹ്റാന്‍ അസന്ദിഗ്ധമായി വ്യക്തമാക്കി.

നയതന്ത്ര തലത്തിലെ ഈ തര്‍ക്കങ്ങള്‍ക്കിടയില്‍ ഇസ്ലാമാബാദിലെ വിദേശകാര്യ ഓഫീസില്‍ നടന്ന മറ്റൊരു സംഭവം വാര്‍ത്തകളില്‍ ഇടംപിടിച്ചു. പശ്ചിമേഷ്യന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാനെത്തിയ വിദേശ പ്രതിനിധികളെ സ്വീകരിക്കുന്നതിനിടെ പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാര്‍ കാലുതെറ്റി വീണു. മറ്റൊരു മന്ത്രിയെ അഭിവാദ്യം ചെയ്യാന്‍ നീങ്ങുന്നതിനിടെയുണ്ടായ ഈ അബദ്ധത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിയുകയും ചെയ്തു. ഈജിപ്ഷ്യന്‍ വിദേശകാര്യമന്ത്രി ബദര്‍ അബ്ദെലാറ്റി, തുര്‍ക്കി വിദേശകാര്യമന്ത്രി ഹക്കാന്‍ ഫിദാന്‍, സൗദി പ്രതിനിധി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് എന്നിവരാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്.

മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് വിദേശരാജ്യങ്ങളുടെ പിന്തുണയുണ്ടെന്ന് പാക്കിസ്ഥാന്‍ അവകാശപ്പെടുമ്പോഴും പ്രധാന കക്ഷിയായ ഇറാന്‍ തന്നെ ഇതിനെ തള്ളിയത് ഇസ്ലാമാബാദിന് നയതന്ത്രപരമായ തിരിച്ചടിയായിരിക്കുകയാണ്. യുഎസിന്റെയും ഇസ്രയേലിന്റെയും ആക്രമണങ്ങളെത്തുടര്‍ന്ന് കലുഷിതമായ പശ്ചിമേഷ്യയില്‍ ഒരു വെടിനിര്‍ത്തലിനായി അന്താരാഷ്ട്ര സമൂഹം കാത്തിരിക്കുമ്പോഴാണ് മധ്യസ്ഥ ശ്രമങ്ങളെച്ചൊല്ലി ഇറാനും പാക്കിസ്ഥാനും ഭിന്നതയിലായിരിക്കുന്നത്. യുഎസുമായി അര്‍ത്ഥവത്തായ ഒരു കരാറില്‍ എത്തുന്നതിന് ഇനിയും കടമ്പകള്‍ ഏറെയുണ്ടെന്ന സൂചനയാണ് ഇറാന്റെ കര്‍ക്കശമായ ഈ നിലപാട് നല്‍കുന്നത്.

Similar News