സാധാരണക്കാരനായ വോട്ടര്‍മാരെ നേരിട്ട് കണ്ട് സൈക്കിള്‍ യാത്ര; ഉമ്മന്‍ ചാണ്ടിയുടെ ജനകീയ ശൈലി പിന്‍പറ്റിയ ചാണ്ടി ഉമ്മനൊപ്പം രാഹുല്‍ ഗാന്ധിയും; പുതുപ്പള്ളിയെ ഇളക്കിമറിച്ച് വ്യത്യസ്തമായ പ്രചാരണം; വഴിയോരങ്ങളില്‍ ജനസാഗരം; ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ 'സൈക്കിള്‍ പൊളിറ്റിക്‌സ്' ദേശീയ ശ്രദ്ധയില്‍
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം പാരമ്യത്തിലെത്തിച്ച് രാഹുല്‍ ഗാന്ധി പുതുപ്പള്ളിയില്‍. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനൊപ്പം സൈക്കിള്‍ ചവിട്ടി വോട്ട് തേടിയിറങ്ങിയത് മണ്ഡലത്തില്‍ പുതിയൊരു രാഷ്ട്രീയ കാഴ്ചയായി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ സൈക്കിളില്‍ മണ്ഡലത്തിലുടനീളം സഞ്ചരിച്ച് വോട്ട് അഭ്യര്‍ത്ഥിക്കുന്ന ചാണ്ടി ഉമ്മന്റെ വ്യത്യസ്തമായ പ്രചാരണ ശൈലിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒപ്പം ചേര്‍ന്നത്. രാഹുല്‍ കൂടി സൈക്കിളുമായി റോഡിലിറങ്ങിയതോടെ പുതുപ്പള്ളിയിലെ വീഥികള്‍ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും വലിയ ആവേശത്തിന് സാക്ഷ്യം വഹിച്ചു.
സാധാരണക്കാരനായ വോട്ടറിലേക്ക് നേരിട്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ചാണ്ടി ഉമ്മന്‍ തന്റെ പ്രചാരണത്തിനായി സൈക്കിള്‍ തിരഞ്ഞെടുത്തത്. ആഡംബര വാഹനങ്ങളിലെ റോഡ് ഷോകളില്‍ നിന്ന് വ്യത്യസ്തമായി, ജനങ്ങള്‍ക്കിടയിലൂടെ സൈക്കിള്‍ ചവിട്ടി നീങ്ങിയ നേതാക്കളെ കാണാന്‍ വഴിയോരങ്ങളില്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ഉമ്മന്‍ ചാണ്ടിയുടെ ജനകീയ ശൈലിയുടെ തുടര്‍ച്ചയായാണ് ചാണ്ടി ഉമ്മന്റെ ഈ സൈക്കിള്‍ യാത്രയെ കോണ്‍ഗ്രസ് നേതൃത്വം വിശേഷിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധി കൂടി എത്തിയതോടെ ഈ പ്രചാരണ പരിപാടി ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നായി മാറി. ഇതിന്റെ ദൃശ്യങ്ങള്‍ രാഹുല്‍ ഗാന്ധി പങ്കുവച്ചതോടെ പാര്‍ട്ടി അണികള്‍ ഏറ്റെടുത്തിരിക്കുകയാണ്.
പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് സ്വാധീനിക്കാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ കണക്കുകൂട്ടല്‍. ഉമ്മന്‍ ചാണ്ടിയുമായുള്ള ഗാന്ധി കുടുംബത്തിന്റെ ആത്മബന്ധം ഓര്‍മ്മിപ്പിക്കുന്നതായിരുന്നു രാഹുലിന്റെ സന്ദര്‍ശനം. പുതുപ്പള്ളിയിലെ ഗ്രാമീണ പാതകളിലൂടെ ജനങ്ങള്‍ക്കൊപ്പം സൈക്കിള്‍ ചവിട്ടി നീങ്ങിയ രാഹുല്‍ ഗാന്ധിയെ കാണാന്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് എത്തിയത്. തെരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുന്ന മണ്ഡലത്തില്‍ ഈ സൈക്കിള്‍ യാത്ര രാഷ്ട്രീയമായ വലിയൊരു ചര്‍ച്ചാവിഷയമായി മാറിക്കഴിഞ്ഞു.
ഉമ്മന്‍ചാണ്ടിയോടുള്ള ആദരസൂചകമായി കേരളത്തിലെ പ്രചാരണത്തില്‍ താന്‍ നിര്‍ബന്ധമായും എത്തേണ്ട മണ്ഡലമാണിതെന്ന് പറഞ്ഞുകൊണ്ടാണ് പുതുപ്പള്ളി മണ്ഡലത്തിനായി പാമ്പാടിയിലെ യോഗത്തില്‍ പ്രസംഗം രാഹുല്‍ തുടങ്ങിയത്. അനാരോഗ്യം മറന്നും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത ഉമ്മന്‍ചാണ്ടിയുടെ ജനസ്വീകാര്യത അദ്ദേഹത്തിന്റെ വിലാപയാത്രയിലൂടെ ലോകം കണ്ടതാണ്. 10 വര്‍ഷം ഭരണത്തിലിരുന്നിട്ടും റബര്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത ഇടത് സര്‍ക്കാരിനെ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ചേരുന്ന ആദ്യ മന്ത്രിസഭായോഗം തന്നെ റബറിന്റെ താങ്ങുവില 250 രൂപയായി നിശ്ചയിക്കുമെന്നും രാഹുല്‍ പ്രഖ്യാപിച്ചു. അധികാരത്തിലേറിയാല്‍ യു ഡി എഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്ന ആദ്യ തീരുമാനം ഇതായിരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. റബര്‍ താങ്ങുവില ഘട്ടംഘട്ടമായി 300 രൂപയിലേക്ക് ഉയര്‍ത്തുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കി.
മോദി സര്‍ക്കാരിന്റെ വിദേശനയങ്ങളെയും അദാനി ബന്ധത്തെയും പിണറായി സര്‍ക്കാരിനെയും രാഹുല്‍ കടന്നാക്രമിച്ചു. അമേരിക്കയുമായുള്ള കരാറുകളിലൂടെ ഇന്ത്യന്‍ കര്‍ഷകരെ മോദി തീറെഴുതിക്കൊടുത്തുവെന്നും ഡോണള്‍ഡ് ട്രംപിന്റെ അനുമതിയില്ലാതെ ഇന്ധനം വാങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ ഇന്ത്യയ്ക്ക് നാണക്കേടാണെന്നും അദ്ദേഹം പരിഹസിച്ചു. അദാനി അമേരിക്കയിലേക്ക് പോയാല്‍ പിടിച്ച് അകത്തിടുമെന്ന സ്ഥിതിയാണെന്നും ബി ജെ പിയുടെ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തുമെന്ന് പറഞ്ഞ് അമേരിക്ക മോദിയെ ഭീഷണിപ്പെടുത്തുകയാണെന്നും രാഹുല്‍ ആരോപിച്ചു. പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിക്കുന്ന അസ്ഥിരത വരുന്ന നാളുകളില്‍ 'മെയ്ക്ക് ഇന്‍ ഇന്ത്യ'യുടെ പൊള്ളത്തരം തുറന്നുകാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ മോദി സംരക്ഷിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ശബരിമലയിലെ സ്വര്‍ണ്ണം ഇടത് നേതാക്കള്‍ മോഷ്ടിച്ചിട്ടും എന്തുകൊണ്ടാണ് മോദി മിണ്ടാത്തതെന്ന് അദ്ദേഹം ചോദിച്ചു. പിണറായി വിജയനെയും മക്കളെയും കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യാത്തത് കേരളത്തില്‍ എല്‍ ഡി എഫ് ഭരിക്കണമെന്ന് മോദി ആഗ്രഹിക്കുന്നത് കൊണ്ടാണ്. കോണ്‍ഗ്രസിന് മാത്രമേ ബി ജെ പിയെയും എല്‍ ഡി എഫിനെയും നേരിടാന്‍ കഴിയൂ. കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി ചുമതലയേല്‍ക്കുന്നത് താന്‍ സ്വപ്നം കാണുന്നുണ്ടെന്നും വനിതാ ശാക്തീകരണമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു.
