മാവോയിസ്റ്റ് അനുഭാവികളുമായി രാഹുല്‍ ഗാന്ധി വേദി പങ്കിട്ടു; ഹിദ്മ അനുകൂല മുദ്രാക്യങ്ങളെ പിന്തുണച്ചു; ലോക്‌സഭയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ; ബസ്തറില്‍ 'ചുവപ്പ് ഭീകരത' അവസാനിച്ചു; രാജ്യം മാവോയിസ്റ്റ് മുക്തമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി

Update: 2026-03-30 17:24 GMT

ന്യൂഡല്‍ഹി: ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരേ അതിരൂക്ഷ വിമര്‍ശനങ്ങളുമായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. മാവോയിസ്റ്റ് അനുഭാവികളുമായി രാഹുല്‍ വേദി പങ്കിടുകയും ഹിദ്മ (ഏറ്റുമുട്ടലില്‍ സുരക്ഷാസേന വധിച്ച മാവോയിസ്റ്റ്) അനുകൂല മുദ്രാവാക്യങ്ങളെ പിന്തുണച്ചെന്നും അദ്ദേഹം ആരോപിച്ചു. മാവോയിസ്റ്റ് ഭീഷണിക്കെതിരായ പോരാട്ടങ്ങളെ കുറിച്ച് സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി ഒഴിഞ്ഞെന്നും അതിന്റെ അവസാന കോട്ടയായിരുന്ന ഛത്തീസ്ഗഢിലെ ബസ്തര്‍ ഇപ്പോള്‍ വികസനത്തിന്റെ പാതയിലാണെന്നും അമിത് ഷാ പറഞ്ഞു. മാവോയിസ്റ്റ് ഭീഷണി മാര്‍ച്ച് 31ന് മുന്‍പ് തുടച്ചുനീക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയിലെ മാവോയിസ്റ്റ് ഭീഷണിയുടെ മൂലകാരണം ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന 1970-കളാണെന്നും അമിത് ഷാ ആരോപിച്ചു. മാവോയിസ്റ്റ് ഭീഷണിക്ക് കാരണം വികസനത്തിന് വേണ്ടിയുള്ള ആവശ്യമല്ല. അതൊരു പ്രത്യയശാസ്ത്രമാണ്. ഈ പ്രത്യയശാസ്ത്രത്തെ, പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജയിക്കാന്‍ 1970-കളില്‍ ഇന്ദിരാ ഗാന്ധി അംഗീകരിച്ചു. ആ ഇടത് പ്രത്യയശാസ്ത്രം കാരണമാണ് മാവോയിസ്റ്റ് വ്യാപിച്ചതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

12 സംസ്ഥാനങ്ങള്‍- ഛത്തീസ്ഗഢ്, തെലങ്കാന, ആന്ധ്രപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ബിഹാര്‍, പശ്ചിമബംഗാള്‍, കേരളം, കര്‍ണാടകയുടെ ചിലയിടങ്ങള്‍, ഉത്തര്‍ പ്രദേശിലെ മൂന്ന് ജില്ലകള്‍ എന്നിവിടങ്ങള്‍ ബാധിക്കപ്പെട്ടു. ചുവന്ന ഇടനാഴി രൂപംകൊണ്ടു. നിയമവാഴ്ച അവിടെ അവസാനിച്ചു. വര്‍ഷങ്ങളോളം 12 കോടി ആളുകള്‍ ദാരിദ്ര്യത്തില്‍ ജീവിച്ചു. ആരും അതില്‍ ഒരു ഉത്കണ്ഠയും പങ്കുവെച്ചില്ല. ആയിരക്കണക്കിന് യുവാക്കളുടെ ജീവന്‍ പൊലിഞ്ഞു. പലര്‍ക്കും സ്ഥിരമായ അംഗവൈകല്യമുണ്ടായി. ആരാണ് ഇതിനെല്ലാം ഉത്തരവാദി, അമിത് ഷാ ആരാഞ്ഞു. ഛത്തീസ്ഗഢിലെ ബസ്തറില്‍നിന്ന് മാവോയിസ്റ്റ് ഭീഷണി ഭൂരിഭാഗവും ഇല്ലാതാക്കിയെന്നും അമിത് ഷാ പറഞ്ഞു. ഇപ്പോള്‍ ആളുകളിലേക്ക് ക്ഷേമപദ്ധതികള്‍ എത്തിച്ചേരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ മാവോയിസം ഇപ്പോള്‍ വംശനാശത്തിന്റെ വക്കിലാണെന്നു അമിത്ഷാ ലോക്‌സഭയില്‍ പറഞ്ഞു. ബസ്തറില്‍നിന്ന് മാവോയിസം ഏതാണ്ട് പൂര്‍ണമായി തുടച്ചുനീക്കപ്പെട്ടു. ബസ്തറിലെ ഓരോ ഗ്രാമത്തിലും സ്‌കൂള്‍ സ്ഥാപിക്കുന്നതിനായി ക്യാംപയിന്‍ ആരംഭിച്ചു. മേഖലയിലെ ഓരോ ഗ്രാമത്തിലും റേഷന്‍ കടകള്‍ തുറക്കാന്‍ നടപടിയെടുത്തു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും സ്ഥാപിച്ചു. ജനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡുകളും റേഷന്‍ കാര്‍ഡുകളും നല്‍കിയെന്നും അമിത്ഷാ പറഞ്ഞു.

'ചുവപ്പ് ഭീകരതയുടെ' നിഴല്‍ പതിഞ്ഞതുകൊണ്ടാണ് ബസ്തറിലെ ജനങ്ങള്‍ പിന്നിലാക്കപ്പെട്ടത്. അതുകൊണ്ടാണ് വികസനം അവരിലേക്ക് എത്താതിരുന്നത്. ഇന്ന് ആ നിഴല്‍ നീങ്ങി. മാവോയിസ്റ്റുകള്‍ ആയുധങ്ങള്‍ താഴെ വയ്ക്കണം. അങ്ങനെയുള്ളവരെ പുനരധിവസിപ്പിക്കും. ആയുധം ഉപേക്ഷിക്കുന്നവരുമായി ചര്‍ച്ചയ്ക്ക് തയാറാണ്. അക്രമത്തിന്റെ വഴി തിരഞ്ഞെടുക്കുന്നവര്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കുമെന്നും അമിത്ഷാ പറഞ്ഞു.

Similar News