ഇന്‍ഡിഗോയുടെ 'ചിറകൊടിഞ്ഞ' ഡിസംബറിലെ ഷെഡ്യൂള്‍ തകര്‍ച്ച; മൂന്നു ലക്ഷത്തോളം യാത്രക്കാരെ വലച്ച ആ മൂന്ന് ദിവസത്തെ നഷ്ടം രണ്ടായിരം കോടി; ഡിജിസിഎ പിഴയിട്ടത് 22 കോടി; ഒടുവില്‍ 'തല' തെറിച്ചു; നാണംകെട്ട് സിഇഒയുടെ രാജി; പീറ്റര്‍ എല്‍ബേഴ്‌സ് പടിയിറങ്ങുന്നത് 'വ്യക്തിപരമായ കാരണങ്ങള്‍' പറഞ്ഞ്

Update: 2026-03-10 13:58 GMT

ന്യൂഡല്‍ഹി: പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങിയതിനെ തുടര്‍ന്ന് ആരോപണ വിധേയനായ സിഇഒ പീറ്റര്‍ എല്‍ബേഴ്സ് രാജിവച്ചു. വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടിയാണ് രാജി. വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്നുമുതല്‍ സിഇഒ സ്ഥാനത്ത് നിന്ന് പിന്മാറുന്നു. നോട്ടീസ് പിരീഡ് ഒഴിവാക്കണമെന്നും അദ്ദേഹം ബോര്‍ഡിന് അയച്ച രാജിക്കത്തില്‍ പറഞ്ഞു. ഇന്‍ഡിഗോ എംഡി രാഹുല്‍ ഭാട്ടിയയ്ക്കു താല്‍ക്കാലിക ചുമതല നല്‍കി. വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കപ്പെട്ടതിന് വ്യോമയാന ഡയറക്ട്രേറ്റ് ജനറല്‍ (ഡിജിസിഎ) ഇന്‍ഡിഗോ വിമാനക്കമ്പനിക്ക് 22.2 കോടിരൂപ പിഴ ചുമത്തിയിരുന്നു.

ഇന്‍ഡിഗോയുടെ പ്രതിസന്ധി രാജ്യത്തെ യാത്രക്കാരെ വലച്ച് മാസങ്ങള്‍ക്ക് ശേഷമാണിത് പീറ്റര്‍ എല്‍ബേഴ്‌സ് പടിയിറങ്ങുന്നത്. അന്ന് നിരവധി വിമാനങ്ങള്‍ വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തതോടെ യാത്രക്കാരെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. ഇന്‍ഡിഗോ സര്‍വീസ് പ്രതിസന്ധി സൃഷ്ടിച്ചത് മുതല്‍ കേന്ദ്രസര്‍ക്കാറുമായി ഉടക്കിലായിരുന്നു പീറ്റര്‍ എല്‍ബേഴ്‌സ്. സംഭവത്തില്‍ പല തവണ വിളിച്ചുവരുത്തി വ്യോമയാന മന്ത്രാലയം വിശദീകരണവും തേടിയിരുന്നു.

2025 ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചുവരെയാണ് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടത്. 2,507 സര്‍വീസുകള്‍ റദ്ദാക്കി. ഡിജിസിഎ നിയോഗിച്ച നാലംഗ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പിച്ചതിനെ തുടര്‍ന്നാണ് പിഴ ഈടാക്കിയത്. തയാറെടുപ്പുകളിലെ വീഴ്ച, സോഫ്റ്റുവെയറിലെ പോരായ്മകള്‍, ഇന്‍ഡിഗോ മാനേജ്മെന്റ് ഘടനയിലെ വീഴ്ചകള്‍ എന്നിവയാണ് പ്രതിസന്ധിക്ക് കാരണമായി അന്വേഷണ സമിതി കണ്ടെത്തിയത്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് വിമാനക്കമ്പനികളായ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും പുതിയ സിഇഒമാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. 2022 സെപ്റ്റംബറില്‍ ഇന്‍ഡിഗോയുടെ തലപ്പത്തെത്തിയ എല്‍ബേഴ്സ്, കമ്പനിയെ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു.

ഇന്‍ഡിഗോയില്‍ ചേരുന്നതിനു മുന്‍പ്, 2014 മുതല്‍ 2022 വരെ കെഎല്‍എം റോയല്‍ ഡച്ച് എയര്‍ലൈന്‍സിന്റെ സിഇഒ ആയിരുന്നു പീറ്റര്‍ എല്‍ബേഴ്സ്. 1970ല്‍ നെതര്‍ലാന്‍ഡ്സിലെ സൗത്ത് ഹോളണ്ട് പ്രവിശ്യയിലാണ് എല്‍ബേഴ്സ് ജനിച്ചത്. വെന്‍ലോയിലെ ഫോണ്ടിസ് യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയന്‍സസില്‍ പഠിച്ച അദ്ദേഹം അവിടെ ലോജിസ്റ്റിക്സ് മാനേജ്മെന്റില്‍ ബിരുദം നേടി. ഓപ്പണ്‍ യൂണിവേഴ്സിറ്റി ഓഫ് നെതര്‍ലാന്‍ഡ്സില്‍ നിന്ന് എംബിഎയില്‍ ബിരുദവും നേടി.

1992 ല്‍ ഡച്ച് എയര്‍ലൈന്‍ ആയ കെഎല്‍എമ്മില്‍ നിന്നാണ് എല്‍ബേഴ്സ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. എയര്‍ക്രാഫ്റ്റ് ലോഡിങ് സൂപ്പര്‍വൈസറായിട്ടായിരുന്നു ആദ്യ ജോലി. ആറ് വര്‍ഷത്തിനുള്ളില്‍, നെതര്‍ലാന്‍ഡ്സിലും ജപ്പാന്‍, ഗ്രീസ്, ഇറ്റലി എന്നിവയുള്‍പ്പെടെ വിദേശ രാജ്യങ്ങളിലും നിരവധി മാനേജീരിയല്‍ സ്ഥാനങ്ങള്‍ വഹിച്ചു. 2005 ല്‍, കെഎല്‍എമ്മിലെ നെറ്റ്വര്‍ക്ക് ആന്റ് അലയന്‍സുകളുടെ സീനിയര്‍ വൈസ് പ്രസിഡന്റായി നിയമിതനായി.

2011ല്‍ കെഎല്‍എമ്മിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി മാനേജിങ് ഡയറക്ടര്‍ ബോര്‍ഡില്‍ ചേര്‍ന്നു. മൂന്നു വര്‍ഷത്തിനു ശേഷം, അദ്ദേഹം എയര്‍ലൈനിന്റെ പ്രസിഡന്റും സിഇഒയുമായി സ്ഥാനക്കയറ്റം നേടി. 2022 ജൂണില്‍, വിരമിച്ച റോണോജോയ് ദത്തയ്ക്ക് പകരമായി എല്‍ബേഴ്സിനെ പുതിയ സിഇഒ ആയി നിയമിച്ചതായി ഇന്‍ഡിഗോ പ്രഖ്യാപിച്ചു. 2022 സെപ്റ്റംബറിലാണ് എല്‍ബേഴ്സ് ഇന്‍ഡിഗോയുടെ സിഇഒ ആയി ഔദ്യോഗികമായി ചുമതലയേറ്റത്.

ഒട്ടേറെ നേട്ടങ്ങളിലേക്ക് ഇന്‍ഡിഗോയെ കൈപിടിച്ചുയര്‍ത്താന്‍ പീറ്റര്‍ എല്‍ബേഴ്സിന് കഴിഞ്ഞിരുന്നു. 400-ലധികം വിമാനങ്ങളുള്ള വമ്പന്‍ ഫ്‌ലീറ്റും പ്രതിദിനം 2200-ല്‍ പരം സര്‍വീസുകളുമായി ഇന്‍ഡിഗോ വളര്‍ന്നിരുന്നു. 2025-ലെ വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ്സില്‍ 'ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച എയര്‍ലൈന്‍' ആയി ഇന്‍ഡിഗോ തിരഞ്ഞെടുക്കപ്പെട്ടു. 2025 കലണ്ടര്‍ വര്‍ഷത്തില്‍ മാത്രം 12.4 കോടി യാത്രക്കാരാണ് ഇന്‍ഡിഗോയില്‍ പറന്നത്. കമ്പനി വലിയ വളര്‍ച്ച രേഖപ്പെടുത്തിയെങ്കിലും, കഴിഞ്ഞ ഡിസംബറിലുണ്ടായ ഷെഡ്യൂള്‍ തകര്‍ച്ചയും തുടര്‍ന്നുണ്ടായ ലക്ഷക്കണക്കിന് യാത്രക്കാരുടെ പ്രതിഷേധവുമാണ് എല്‍ബേഴ്സിന്റെ കരിയറില്‍ കരിനിഴല്‍ വീഴ്ത്തിയത്. വിപണിയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുമ്പോഴും സേവന നിലവാരത്തില്‍ വന്ന വീഴ്ച പരിഹരിക്കാനാണ് രാഹുല്‍ ഭാട്ടിയ നേരിട്ട് രംഗത്തിറങ്ങുന്നത്.


 



യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കാനും സര്‍വീസുകള്‍ പഴയപടിയാക്കാനും ഇന്‍ഡിഗോയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്. രാഹുല്‍ ഭാട്ടിയയുടെ നേതൃത്വത്തില്‍ കമ്പനി ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്നാണ് വിപണി ഉറ്റുനോക്കുന്നത്. രാഹുല്‍ ഭാട്ടിയയുടെ തിരിച്ചുവരവ് ഇന്‍ഡിഗോയ്ക്ക് പുതിയ ഊര്‍ജം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്‍ഡിഗോയുടെ അടിസ്ഥാന മൂല്യങ്ങളും തൊഴില്‍ സംസ്‌കാരവും വീണ്ടെടുക്കുക. തകര്‍ന്നടിഞ്ഞ ഷെഡ്യൂളുകള്‍ പുനഃക്രമീകരിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുക. രാജ്യം, ഉപഭോക്താക്കള്‍, ജീവനക്കാര്‍, ഓഹരി ഉടമകള്‍ എന്നിവരോടുള്ള ഉത്തരവാദിത്തം നിറവേറ്റുക എന്നിവയാണ് ലക്ഷ്യങ്ങള്‍. പുതിയ സിഇഒയെ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയില്‍ സംഭവിക്കുന്ന ഈ മാറ്റങ്ങള്‍ വരും ദിവസങ്ങളില്‍ വിപണിയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്.

Tags:    

Similar News