പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയില്‍; എന്‍.എച്ച്. 66 രണ്ട് റീച്ചുകള്‍ ഉദ്ഘാടനംചെയ്യും; വികസന പദ്ധതികള്‍ ചൂണ്ടിക്കാട്ടി കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കം; എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും കൊള്ളയ്ക്കും ദുര്‍ഭരണത്തിനുമെതിരെ എന്‍ഡിഎയുടെ സദ്ഭരണ അജന്‍ഡ കരുത്തോടെ നിലകൊള്ളുമെന്ന് മലയാളത്തില്‍ മോദിയുടെ ട്വീറ്റും
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയില്‍
കൊച്ചി: തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍. ദേശീയപാതാ -66ന്റെ രണ്ടു റീച്ചുകളുടെയടക്കം വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് മോദി കേരളത്തില്‍ എത്തുന്നത്. ഇതോടൊപ്പം മറ്റു വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നടക്കും. രാവിലെ 11.45-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും കേരള ധീവരസഭാ സുവര്‍ണജൂബിലി സമാപന സമ്മേളനത്തിലും പങ്കെടുക്കും.
രാവിലെ 11.45-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്റ്റര്‍ മാര്‍ഗം12.15-ന് കൊച്ചി നാവികസേനാ ആസ്ഥാനത്ത് എത്തും. അവിടെനിന്ന് റോഡുമാര്‍ഗം മറൈന്‍ ഡ്രൈവിലേക്ക് തിരിക്കും. ഉച്ചയ്ക്ക് 12.30 മുതല്‍ ഒരുമണിവരെ കേരള ധീവരസഭയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് കലൂര്‍ സ്റ്റേഡിയത്തിനടുത്തുനിന്ന് വേദിവരെ റോഡ്ഷോയില്‍ പങ്കെടുക്കും. സ്റ്റേഡിയം പരിസരത്തെ പ്രത്യേകവേദിയില്‍ 1.15-ന് വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
5,500 കോടിയിലധികം രൂപ ചെലവില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബി.പി.സി.എല്‍.) കൊച്ചി റിഫൈനറിയില്‍ സ്ഥാപിക്കുന്ന പോളിപ്രൊപ്പലിന്‍ യൂണിറ്റിന്റെ ഉദ്ഘാടനവും കൊല്ലം വെസ്റ്റ് കല്ലടയില്‍ സ്ഥാപിക്കുന്ന 50 മെഗാവാട്ട് ഫ്ലോട്ടിങ് സോളാര്‍ പദ്ധതിയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
2,650 കോടി രൂപ ചെലവില്‍ നിര്‍മിച്ച മുംബൈ-കന്യാകുമാരി ഇക്കണോമിക് കോറിഡോറിന്റെ ഭാഗമായുള്ള തലപ്പാടി-ചെങ്കള സെക്ഷന്‍ (ദേശീയപാത-66) ആറുവരിപ്പാത, 2,140 കോടി രൂപ ചെലവില്‍ വെങ്ങളംമുതല്‍ രാമനാട്ടുകരവരെ ആറുവരിപ്പാതയായി നവീകരിച്ച കോഴിക്കോട് ബൈപ്പാസ്, പ്രധാനമന്ത്രി ഗ്രാമ സഡക് യോജനപ്രകാരം നിര്‍മിച്ച 23 ഗ്രാമീണ റോഡുകള്‍ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും.
അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ഷൊര്‍ണൂര്‍ ജങ്ഷന്‍, കുറ്റിപ്പുറം, ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനുകളുടെയും ഷൊര്‍ണൂര്‍-നിലമ്പൂര്‍ റോഡ് റെയില്‍വേ ലൈന്‍ വൈദ്യുതീകരണ പദ്ധതിയുടെയും ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. പാലക്കാട്- പൊള്ളാച്ചി റൂട്ടിലെ പുതിയ ട്രെയിന്‍ സര്‍വീസിന്റെ ഫ്ലാഗ്ഓഫും നടക്കും.
ഉദ്ഘാടനച്ചടങ്ങുകള്‍ക്കുശേഷം 2.15 മുതല്‍ 3.15 വരെ കലൂര്‍ സ്റ്റേഡിയത്തിനുസമീപം എന്‍.ഡി.എ. തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. 3.20-ഓടെ അദ്ദേഹം തിരികെ നാവിക ആസ്ഥാനത്തുനിന്ന് നെടുമ്പാശ്ശേരിക്കുപോകും. കൊച്ചിയില്‍നിന്ന് തമിഴ്നാട്ടിലേക്കാണ് പോകുന്നത്.
എന്‍.ഡി.എ. തിരഞ്ഞെടപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കൊച്ചിയിലെത്തുന്നതിനുമുന്നേ എക്സില്‍ മലയാളത്തില്‍ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ''മാര്‍ച്ച് 11-ന് ഉച്ചയ്ക്ക് 2.15-ഓടെ എറണാകുളത്തു നടക്കുന്ന എന്‍.ഡി.എ. റാലിയെ ഞാന്‍ അഭിസംബോധന ചെയ്യും. എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും കൊള്ളയ്ക്കും ദുര്‍ഭരണത്തിനുമെതിരായി എന്‍.ഡി.എ.യുടെ സദ്ഭരണ അജന്‍ഡ കരുത്തോടെ നിലകൊള്ളുന്നു. വികസനത്തിലൂന്നിയ രാഷ്ട്രീയത്തില്‍ എന്‍.ഡി.എ. ശ്രദ്ധ കേന്ദ്രീകരിക്കുകയും കേരളത്തിലെ യുവജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുകയും ചെയ്യും.
അതേസമയം പ്രധാനമന്ത്രിക്കായി എന്‍.ഡി.എ. സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പൊതുപരിപാടിയാണ് ബുധനാഴ്ച കൊച്ചിയില്‍ നടക്കുന്നതെന്ന് ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കലൂര്‍ സ്റ്റേഡിയത്തിലെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദി സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി.ക്ക് ഒപ്പം ബി.ഡി.ജെ.എസ്., ട്വന്റി 20 അടക്കം 12-ഓളം ഘടകകക്ഷികള്‍ എന്‍.ഡി.എ. യോഗത്തില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി, വികസിത കേരളത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെയും എന്‍.ഡി.എ.യുടെയും കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വലിയ പ്രതീക്ഷയും സന്തോഷവും ആവേശവും ഉണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ''
