പഞ്ചായത്തില്‍ സ്വതന്ത്രാംഗമായിരിക്കേ രാജി വയ്ക്കാതെ രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചു; വണ്ടന്‍മേട് എട്ടാം വാര്‍ഡ് അംഗം സുരേഷ് മാനങ്കരി കുരുക്കില്‍; നിയമയുദ്ധത്തിന് വഴി തുറന്നിരിക്കുന്നത് കൂറുമാറ്റത്തിന്റെ പേരില്‍

വണ്ടന്‍മേട് എട്ടാം വാര്‍ഡ് അംഗം സുരേഷ് മാനങ്കരി കുരുക്കില്‍

Update: 2026-01-23 12:42 GMT

വണ്ടന്‍മേട്: സ്വതന്ത്ര അംഗമായി വിജയിച്ച ശേഷം അംഗത്വം രാജിവെക്കാതെ രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചത് വണ്ടന്‍മേട് ഗ്രാമപഞ്ചായത്തില്‍ വന്‍ നിയമയുദ്ധത്തിന് വഴിതുറക്കുന്നു. എട്ടാം വാര്‍ഡ് അംഗം സുരേഷ് മാനങ്കേരിയാണ് കൂറുമാറ്റ നിരോധന നിയമത്തിന്റെ കുരുക്കിലായിരിക്കുന്നത്. സുരേഷിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി നല്‍കിയ പരാതിയില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ 28ന് വാദം കേള്‍ക്കും.

കഴിഞ്ഞ ഭരണസമിതിയില്‍ ആറാം വാര്‍ഡില്‍ നിന്നുള്ള സ്വതന്ത്ര അംഗമായിരുന്ന സുരേഷ് മാനങ്കേരി, കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കുകയായിരുന്നു. 1999ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ (കൂറുമാറ്റ നിരോധനം) നിയമപ്രകാരം, സ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെട്ട ഒരംഗം പിന്നീട് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നത് അയോഗ്യതയ്ക്ക് കാരണമാകും. ഔദ്യോഗികമായി അംഗത്വം എടുക്കുന്നതു മാത്രമല്ല, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കുന്നതും പാര്‍ട്ടി ചിഹ്നം സ്വീകരിക്കുന്നതും സ്വതന്ത്ര പദവി സ്വമേധയാ ഉപേക്ഷിക്കുന്നതിന് തുല്യമായാണ് നിയമം കണക്കാക്കുന്നത്.

ജി. വിശ്വനാഥന്‍ വി. തമിഴ്നാട് സ്പീക്കര്‍ കേസില്‍, സ്വതന്ത്രനായി ജയിച്ചയാള്‍ മറ്റൊരു പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിക്കുന്നത് അയോഗ്യതയ്ക്ക് കാരണമാകുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ട്. രവി എസ്. നായിക് കേസിലും സമാനമായ വിധിയുണ്ട്. അംഗത്തിന്റെ പെരുമാറ്റത്തിലൂടെ കൂറുമാറ്റം വ്യക്തമാണെങ്കില്‍ അയോഗ്യതാ നടപടികള്‍ സ്വീകരിക്കാമെന്നാണ് കോടതി ഉത്തരവുകള്‍ വ്യക്തമാക്കുന്നത്. പരാതിയില്‍ വസ്തുതയുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തിയാല്‍ നിലവിലെ അംഗത്വം നഷ്ടപ്പെടുന്നതിനൊപ്പം സുരേഷിന് ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കും നേരിടേണ്ടി വരും. 28ന് നടക്കുന്ന ഹിയറിംഗിലെ കമ്മീഷന്റെ തീരുമാനം സുരേഷിന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണ്ണായകമാകും.

Tags:    

Similar News