'കേരളത്തിലെ ജനങ്ങളുടെ മനസാണിത്; സാമൂഹിക മൂലധനത്തിന്റെ ഏറ്റവും വലിയ ഉദാഹരണം; ഇത് സംഭാവന ചെയ്തുണ്ടാക്കിയത് ജനങ്ങളാണ്; കേരളത്തിലെ ജനങ്ങളില്‍നിന്ന് പിരിച്ച കാശാണല്ലോ സര്‍ക്കാര്‍ കൊടുക്കുന്നത്'; മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് മമ്മൂട്ടി

മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് മമ്മൂട്ടി

Update: 2026-03-07 10:17 GMT

കല്‍പ്പറ്റ: വയനാട് ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് നടന്‍ മമ്മൂട്ടി. കേരളത്തിലെ ജനങ്ങള്‍ ഒന്നിച്ചു നിന്നാണ് ദുരന്തബാധിതര്‍ക്കായി ടൗണ്‍ഷിപ്പ് തയ്യാറാക്കിയതെന്ന് മമ്മൂട്ടി പറഞ്ഞു. ഉച്ചക്ക് 12 മണിയോടെയാണ് താരം ടൗണ്‍ഷിപ്പിലെത്തിയത്. താമസക്കാരോട് കുശലാന്വേഷണം നടത്തുകയും നാട്ടുകാര്‍ മമ്മൂട്ടിക്കൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്തു അദ്ദേഹം.

കേരളത്തിന്റെ സാമൂഹികമൂലധനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്ന് നടന്‍ പ്രതികരിച്ചു. ''അപൂര്‍വമായി മാത്രമേ ഇങ്ങനെയുണ്ടാകൂ. ഒരു നാട്ടിലെ ജനങ്ങള്‍ എല്ലാരും ചേര്‍ന്ന് നിരാശ്രയരായ, ആപത്തുസംഭവിച്ച ആളുകള്‍ക്ക് വേണ്ടി സംഭാവന ചെയ്തുണ്ടാക്കിയതാണിത്. ഇത് സംഭാവനചെയ്തുണ്ടാക്കിയത് ജനങ്ങളാണ്. കേരളത്തിലെ ജനങ്ങളില്‍നിന്ന് പിരിച്ച കാശാണല്ലോ സര്‍ക്കാര്‍ കൊടുക്കുന്നത്.

ജനങ്ങളുടെ മനസാണ് ഈ കാണുന്നത്. സാമൂഹികമൂലധനം ആണ് ഈ കാണുന്നത്. മറ്റുളളവരോടുള്ള അനുതാപവും സഹതാപവും കേരളത്തിലാണ് ഏറ്റവും കൂടുതലുള്ളത്. കേരളത്തിലാണ് ഏറ്റവുംകൂടുതല്‍ സാമൂഹികമൂലധനമുള്ളത്. അതിന്റെ ഏറ്റവുംവലിയ ഉദാഹരണമാണിത്'' മമ്മൂട്ടി പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, ടൗണ്‍ഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അരുണ്‍ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. ഒന്നാം സോണില്‍ മുഖ്യമന്ത്രി കയറിയ 26-ാം നമ്പര്‍ വീട് മമ്മൂട്ടി സന്ദര്‍ശിച്ചു. പടിഞ്ഞാറയിലെ ഷൂട്ടിങ് സെറ്റില്‍നിന്നാണ് മമ്മൂട്ടി എത്തിയത്.

ടൗണ്‍ഷിപ്പിലെ 178 വീടുകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം താക്കോല്‍ കൈമാറിയിരുന്നു. 64.47 ഹെക്ടറില്‍ 410 വീടാണ് നിര്‍മിക്കുന്നത്. ആരോഗ്യകേന്ദ്രം, അങ്കണവാടി, കമ്യൂണിറ്റി സെന്റര്‍, പൊതുമാര്‍ക്കറ്റ്, ഉരുള്‍ സ്മാരകം, ഓപ്പണ്‍ തിയറ്റര്‍, മള്‍ട്ടിപര്‍പ്പസ് ഹാള്‍, ലൈബ്രറി, കളിയിടങ്ങള്‍, വൈദ്യുതി സബ്സ്റ്റേഷന്‍ തുടങ്ങിയവയും നിര്‍മിക്കും. ഉൗരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുമായുള്ള ഇപിസി (എന്‍ജിനിയറിങ് പ്രൊക്യുയര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍) കരാറിലൂടെ 299 കോടി രൂപയാണ് വിനിയോഗിക്കുന്നത്.

ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ട ഒന്നാംഘട്ട പട്ടികയിലെ കുടുംബങ്ങള്‍ക്കാണ് മുഖ്യമന്ത്രി വീട് കൈമാറിയത്. ആയിരം ചതുരശ്രയടിയാണ് വിസ്തീര്‍ണം. ഏഴ് സെന്റിന്റെ പട്ടയം നല്‍കി. നിര്‍മാണം തുടങ്ങി 320ാം ദിനമാണ് ആദ്യഘട്ടം പൂര്‍ത്തിയായത്. 2024 ജൂലൈ 29ന് രാത്രി പുഞ്ചിരിമട്ടം പൊട്ടി ഒരു ജനതയാണ് ഒലിച്ചുപോയത്.

Tags:    

Similar News