'ടെറര്‍ ഡോക്ടര്‍' പിടിയിലായതോടെ അല്‍ ഫലാഹ് സര്‍വകലാശാലയിലെ പത്ത് പേരെ കാണാനില്ല; മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍; ചെങ്കോട്ട സ്ഫോടന സംഘത്തില്‍ ഉള്‍പ്പെട്ടവരോ? അന്വേഷണം തുടരുന്നു

Update: 2025-11-19 13:58 GMT

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ നടന്ന സ്ഫോടനത്തിന് പിന്നാലെ ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയില്‍ ജോലി ചെയ്യുന്നവരും പഠിക്കുന്നവരും ആയ പത്തിലധികം പേരെ കാണാനില്ല. സര്‍വകലാശാലയില്‍ ജമ്മു കശ്മീര്‍ പൊലീസും ഫരീദാബാദ് പൊലീസും പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് പത്തിലധികം ആളുകളെ കാണാതായ വിവരം പുറത്തറിയുന്നത്. കാണാതായവരില്‍ മൂന്ന് പേര്‍ ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്. ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്. കാണാതായവരില്‍ പലരും തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ളതായി സൂചനയുണ്ട്. കാണാതായവരുടെ പട്ടിക തയ്യാറാക്കിയാണ് അന്വേഷണം ആരംഭിക്കുന്നത്.

സര്‍വകലാശാലയില്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്തിരുന്ന 10 പേരെ കാണാനില്ലെന്ന് ബുധനാഴ്ച ഉച്ചയോടെയാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പുറത്തുവിട്ടത്. ജമ്മു കശ്മീര്‍, ഹരിയാന പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് 10 പേരെ കാണാതായ വിവരം പുറത്തുവന്നത്. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പ്രധാന കേന്ദ്രം ഈ സര്‍വകലാശാല ആയിരിക്കാമെന്ന് അന്വേഷണ സംഘം സംശയിക്കുന്നതായി ഉദ്യോഗസ്ഥരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

നവംബര്‍ 10-ന് ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ഹ്യുണ്ടായ് i20 കാറില്‍ അമോണിയം നൈട്രേറ്റ് ഫ്യൂവല്‍ ഓയില്‍ നിറച്ച് സ്ഫോടനം നടത്തിയ 'ടെറര്‍ ഡോക്ടര്‍' സംഘത്തിന്റെ ഭാഗമായവരാകാം ഇപ്പോള്‍ കാണാതായവര്‍ എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചെങ്കോട്ട സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കരുതുന്ന പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ്, കൂടുതല്‍ ചാവേര്‍(ഫിദായീന്‍) ആക്രമണങ്ങള്‍ക്കായി 'സംഭാവന' നല്‍കാന്‍ ആഹ്വാനം നടത്തിയതായി നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. 20,000 പാക്കിസ്ഥാനി രൂപ വീതമാണ് ഇവര്‍ സംഭാവനയായി ആവശ്യപ്പെട്ടത്.

ചെങ്കോട്ട സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ലഭിച്ച സൂചനകള്‍ പ്രകാരം, ജെയ്ഷ് നേതാക്കള്‍ സദാപേ എന്ന പാക് ആപ്ലിക്കേഷന്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ പണം സമാഹരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നതായും വനിതകളെ ഉപയോഗിച്ച് ആക്രമണത്തിന് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഇതിനകം ജെയ്‌ഷെ ഒരു 'വനിതാ വിഭാഗം' ഉണ്ടാക്കിയിട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യയുടെ സൈനിക പ്രതികരണമായ ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനിലെ ബഹവല്‍പൂരിലെ ജെയ്‌ഷെ മുഹമ്മദ് ക്യാമ്പുകള്‍ തുടച്ചുനീക്കപ്പെട്ടതിന് ശേഷമാണ് ഈ യൂണിറ്റ് സ്ഥാപിച്ചത്. ഭീകര നേതാവ് മസൂദ് അസ്ഹറിന്റെ സഹോദരി സാദിയയ്ക്കായിരുന്നു ഇതിന്റെ നേതൃത്വ ചുമതല.

ചെങ്കോട്ട സ്ഫോടനത്തിലെ പ്രധാന പ്രതികളിലൊരാളായ ഡോ. ഷഹീന്‍ സയീദ് ഈ യൂണിറ്റിലെ അംഗമാണെന്നാണ് റിപ്പോര്‍ട്ട്. 'മാഡം സര്‍ജന്‍' എന്ന രഹസ്യനാമത്തില്‍ അറിയപ്പെട്ടിരുന്ന ഇവര്‍, ആക്രമണത്തിന് പണം നല്‍കിയതായും സംശയിക്കുന്നു. ജമാഅത്ത് ഉല്‍ മുഅ്മിനാത്ത് എന്നാണ് ഈ യൂണിറ്റിന്റെ പേര്.

ചെങ്കോട്ടയില്‍ നടന്ന സ്ഫോടനത്തില്‍ 15 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ജെയ്‌ഷെ മുഹമ്മദാണ് ഈ സംഘത്തെ നിയന്ത്രിക്കുന്നതെന്ന് കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. i20കാര്‍ ഓടിച്ചിരുന്ന ഡോ. ഉമര്‍ മുഹമ്മദ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. അല്‍ ഫലാഹ് മെഡിക്കല്‍ കോളേജിലെ മൂന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മറ്റ് ഒമ്പത് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ചൊവ്വാഴ്ച സര്‍വകലാശാലയുടെ സ്ഥാപകനായ ജവാദ് അഹമ്മദ് സിദ്ദിഖിയും അറസ്റ്റിലായി. ഭീകരവാദത്തിന് പണം നല്‍കിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

Similar News