കോണ്‍ഗ്രസിന് വലിയ ആശ്വാസം; തലസ്ഥാനത്ത് മുട്ടട വാര്‍ഡില്‍ വൈഷ്ണ സുരേഷിന് മത്സരിക്കാം; പേര് നീക്കിയ നടപടി നിയമപരമല്ല; സ്വന്തം ഭാഗം പറയാനുള്ള അവസരം നിഷേധിച്ചു; വോട്ട് വെട്ടിയ നടപടി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടര്‍ പട്ടികയില്‍, പേരുള്‍പ്പെടുത്തി; പത്രിക നല്‍കാനുള്ള തടസ്സങ്ങള്‍ നീങ്ങിയതോടെ യുഡിഎഫ് സ്ഥാനാര്‍ഥി ഹാപ്പി

വൈഷ്ണ സുരേഷിന് മത്സരിക്കാം

Update: 2025-11-19 13:26 GMT

തിരുവനന്തപുരം: കോണ്‍ഗ്രസിന് വലിയ ആശ്വാസം നല്‍കി കൊണ്ട് തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡില്‍ വൈഷ്ണ സുരേഷിന് മത്സരിക്കാം. വൈഷ്ണയുടെ വോട്ട് നീക്കിയ നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. വോട്ടര്‍ പട്ടികയില്‍ പേരുള്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചു. പേര്് നീക്കിയ നടപടി നിയമപരമല്ല.സ്വന്തം ഭാഗം പറയാനുളള അവസരം നിഷേധിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് കമ്മീഷന്‍ പുറത്തിറക്കി. ഇതോടെ മുട്ടടയില്‍ വൈഷ്ണയ്ക്ക് പത്രിക നല്‍കാം.

വൈഷ്്ണയുടെയും പരാതിക്കാരനായ സിപിഎം അംഗം ധനേഷിന്റെയും വാദങ്ങള്‍ ഹിയറിങ്ങില്‍ കേട്ട ശേഷമാണ് കമ്മീഷന്‍ ഉത്തരവ്. നേരത്തെ വൈഷ്ണയുടെ അപ്പീല്‍ പരിഗണിച്ച് ഹിയറിങ് നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. വെഷ്ണ സുരേഷിനെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയെ ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. വൈഷ്ണയുടെ പേര് ഒഴിവാക്കിയത് അനീതിയാണ് എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോടും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതില്‍ വിമുഖത കാണിച്ചാല്‍ അസാധാരണ അധികാരം പ്രയോഗിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരാള്‍ മത്സരിക്കാന്‍ ഇറങ്ങിയതാണെന്നും അതിനെ രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതാണ് എന്നും കോടതി പറഞ്ഞു. സാങ്കേതിക കാരണങ്ങളുടെ പേര് പറഞ്ഞ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം നിഷേധിക്കാന്‍ പാടില്ല.

ഒരു പെണ്‍കുട്ടി മല്‍സരിക്കാന്‍ നില്‍ക്കുമ്പോഴാണോ ഇത്തരം സാങ്കേതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നത് എന്നും കോടതി ചോദിച്ചു. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ആണ് കേസില്‍ വാദം കേട്ടത്. 24 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ സാങ്കേതികാരണങ്ങളുടെ പേരില്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതിരിക്കരുത് എന്ന് അദ്ദേഹം പറഞ്ഞു.

സാങ്കേതികകാരണങ്ങളാല്‍ വോട്ടവകാശം മാത്രമല്ല, മത്സരിക്കാനുള്ള അവകാശവും നഷ്ടമാകുന്ന സാഹചര്യമാണ്. ഇത് ശരിയായ രീതിയല്ല,' ഹൈക്കോടതി പറഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അപേക്ഷ പരിഗണിക്കണമെന്നും എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകള്‍ പരിശോധിച്ച് രണ്ട് ദിവസത്തിനകം തീരുമാനമെടുക്കണം എന്നായിരുന്നു കോടതി നിര്‍ദ്ദേശം. കമ്മീഷന്‍ കോടതിയെ വിവരം ധരിപ്പിക്കുന്നതോടെ വൈഷ്ണയ്ക്ക് മത്സരിക്കുന്നതിനുള്ള തടസ്സം നീങ്ങും.

സ്ഥിര താമസമുള്ള വിലാസത്തിലല്ല വൈഷ്ണയുടെ വോട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ വിലാസം ശരിയല്ലെന്നും പട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്നുമുള്ള സിപിഎം പരാതിക്ക് പിന്നാലെ വൈഷ്ണയെ ഹിയറിംഗിന് വിളിച്ചിരുന്നു. പിന്നാലെയാണ് വോട്ട് തള്ളിയത്. മുട്ടടയില്‍ കുടുംബവീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസിക്കുന്നത്.

അന്തിമ വോട്ടര്‍ പട്ടികയിലും ഞായറാഴ്ച പുറത്തിറക്കിയ സപ്ലിമെന്ററി ലിസ്റ്റിലും വൈഷ്ണയുടെ പേരുണ്ടായിരുന്നില്ല. വൈഷ്ണയുടെ വോട്ട് നീക്കിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്. ഇലക്ടറല്‍ രജിസ്ട്രാര്‍ ഓഫീസറുടെ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് കോണ്‍ഗ്രസ് അപ്പീല്‍ നല്‍കുകയും ചെയ്തിരുന്നു.


Tags:    

Similar News