ബെംഗളൂരുവില്‍ പഠനത്തിന് ചേര്‍ന്നപ്പോഴും അലന്‍ ഫോണ്‍ വിളി തുടര്‍ന്നു; ബ്ലേഡ് കൊണ്ട് കൈയില്‍ ചിത്രപ്രിയയുടെ പേര് വരഞ്ഞിട്ടു; ശല്യം സഹിക്ക വയ്യാതെ ചിത്രപ്രിയ താക്കീത് ചെയ്തതോടെ അലന്‍ പ്രകോപിതനായി; കല്ലുകൊണ്ട് ഇടിച്ചത് ചെവികല്ലില്‍; ബ്രേക്ക് അപ്പ് പാര്‍ട്ടിയില്‍ തീര്‍ത്തത് പക; ചിത്രപ്രിയയുടേത് ആസൂത്രിത കൊല; ആ വാച്ച് ആരുടേത്?
കൊച്ചി: മലയാറ്റൂരിലെ 19 വയസുകാരി ചിത്രപ്രിയയെ ആണ്‍ സുഹൃത്ത് അലന്‍ തലക്കടിച്ച് കൊന്നത് കൃത്യമായ ആസൂത്രണത്തോടെ. വ്യക്തമായ ഗൂഡാലോചന ഈ സംഭവത്തിലുണ്ടായിട്ടുണ്ട്. കൊലയ്ക്ക് മുന്‍പ് ഇരുവര്‍ക്കുമിടയില്‍ രൂക്ഷമായ തര്‍ക്കമുണ്ടായതായും പൊലീസ്. നേരത്തെ മുതലേ ശല്യം ചെയ്ത അലനെ പെണ്‍കുട്ടി അകറ്റി നിര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ബ്രേക്ക് അപ്പ് പാര്‍ട്ടിയെന്ന് വിളിച്ചു വരുത്തി കൊല്ലുകയായിരുന്നു. നാട്ടിലെത്തിയെ പെണ്‍കുട്ടിയെ എല്ലാം പറഞ്ഞു തീര്‍ക്കാനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ശനിയാഴ്ച ബൈക്കില്‍ കയറ്റി കൊണ്ടുപോയത്.
കല്ലുകൊണ്ട് തലയ്ക്ക് പിന്നില്‍ ചെവിക്കരികില്‍ ഇടിക്കുകയായിരുന്നു. ശക്തമായ ഇടിയില്‍ പെണ്‍കുട്ടി ബോധമറ്റ് വീണതോടെ അലന്‍ ഓടി രക്ഷപ്പെട്ടു. കുട്ടിയെ കാണാതായതോടെ അലനെയും പൊലീസ് ചോദ്യം ചെയ്‌തെങ്കിലും തനിക്ക് അറിയില്ലെന്ന് പറഞ്ഞതോടെ വിട്ടയച്ചു. ചൊവ്വാഴ്ച വൈകിട്ട് ചിത്രപ്രിയയുടെ മൃതദേഹം കണ്ടതോടെയാണ് വീണ്ടും അലനിലേക്ക് പൊലീസ് എത്തിയത്. കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലില്‍ താന്‍ കൊല്ലാന്‍ തന്നെയാണ് ചിത്രപ്രിയയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയതെന്ന് പ്രതി സമ്മതിച്ചു. ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ഇരുവരും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനിന്നിരുന്നതായി വ്യക്തമായി.
സംഭവത്തില്‍ കൂടുതല്‍ പ്രതികളില്ലെന്ന് പൊലീസ് പറയുമ്പോഴും ദുരൂഹത മാറിയിട്ടില്ല. മൃതദേഹത്തിനരികില്‍ നിന്ന് ലഭിച്ച വാച്ചിലാണ് ദുരൂഹത. വാച്ച് അലന്റെയോ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടേതോ അല്ല. ഇതില്‍ നിന്നും മറ്റുള്ളവരുടെ സാന്നിധ്യവും സംശയിക്കുന്നു. പുലര്‍ച്ച ചിത്രപ്രിയയും അലനും ബൈക്കില്‍ സഞ്ചരിക്കുന്ന ദൃശ്യം പോലീസിന് കിട്ടിയിരുന്നു. ഈ സമയം മറ്റ് രണ്ടു പേര്‍ കൂടി വേറൊരു ബൈക്കിലുണ്ടായിരുന്നു. ഇവരുടെ വാച്ചാണോ ഇതെന്നും സംശയമുണ്ട്.
അലനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഇതോടെ കാര്യങ്ങളില്‍ വ്യക്തത വരും. സ്‌കൂള്‍ പഠന കാലത്തെ ചിത്രപ്രിയയെ അറിയാമായിരുന്നു അലന്. അടുക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ അലനെ പെണ്‍കുട്ടി അകറ്റി നിര്‍ത്തി. മികച്ച വോളിബോള്‍ കളിക്കാരിയായ ചിത്രപ്രിയ പിന്നീട് കോലഞ്ചേരിയിലെ സ്‌കൂളിലേക്ക് മാറി. അപ്പോഴും അലന്‍ പിന്തുടര്‍ന്നു. ഒടുവില്‍ ബെംഗളൂരുവില്‍ പഠനത്തിന് ചേര്‍ന്നപ്പോഴും അലന്‍ ഫോണ്‍ വിളി തുടര്‍ന്നു. ബ്ലേഡ് കൊണ്ട് കൈയില്‍ ചിത്രപ്രിയയുടെ പേര് വരഞ്ഞിട്ടു. ശല്യം സഹിക്ക വയ്യാതെ ചിത്രപ്രിയ താക്കീത് ചെയ്തതോടെ അലന്‍ പ്രകോപിതനായെന്ന് പൊലീസ് പറയുന്നു. വീട്ടുകാര്‍ എതിര്‍ക്കുമെന്നതിനാല്‍ ആരോടും പറയാതെ ചിത്രപ്രിയ അലനൊപ്പം പോവുകയായികുന്നു. നക്ഷത്ര തടാകത്തിനടുത്ത് ഇരുവരും തര്‍ക്കിക്കുന്നതായി ചിലര്‍ കണ്ടെന്നും മൊഴി കിട്ടിയിട്ടുണ്ട്. അവിടെ നിന്നാണ് കൊല നടന്ന സെബിയൂര്‍ കൂരപ്പിള്ളി കയറ്റത്തിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയത്. പെണ്‍കുട്ടിക്ക് ലഹരി നല്‍കിയായിരുന്നുവെന്നും സംശയമുണ്ട്. ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ ചിത്രപ്രിയ നിലവിളിച്ചിട്ടും ആരും കേട്ടില്ല. കൂടുതല്‍ പേര്‍ പ്രതികളായുണ്ടോ എന്ന് പരിശോധിക്കും. പെണ്‍കുട്ടിയുടെ ഫോണ്‍ ശാസ്ത്രീയ പരിശോധന നടത്തുമെന്നും എസ് പി വ്യക്തമാക്കി.
മറ്റൊരു യുവാവുമായി ചിത്രപ്രിയ പ്രണയത്തിലാണെന്ന് സംശയിച്ച അലന്‍ ബൈക്കില്‍ കയറ്റി റബര്‍ തോട്ടത്തില്‍ എത്തിക്കുകയും വാക്കുതര്‍ക്കത്തിനിടെ കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അഞ്ചുവര്‍ഷം നീണ്ടുനിന്ന പ്രണയം പറഞ്ഞ് അവസാനിപ്പിക്കാനാണ് ചിത്രപ്രിയയും അലനും ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ ഒന്നിച്ചുകൂടിയതെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. വാക്കുതര്‍ക്കത്തിനിടെ ഓരോ കാരണങ്ങള്‍ പറഞ്ഞ് ചിത്രപ്രിയ തുരുതുരെ മുഖത്തടിച്ചതോടെ സമനില തെറ്റിയ അലന്‍ വെട്ടുക്കല്ല് കഷണംകൊണ്ട് തലയ്ക്കടിച്ചു. അതാണ് ചിത്രയുടെ മരണകാരണം. മൃതദേഹത്തിനു സമീപത്തുനിന്ന് രക്തംപുരണ്ട കല്ല് കണ്ടെത്തി. തലയോട്ടി തകര്‍ന്ന് ചോരവാര്‍ന്നാണ് ചിത്രപ്രിയ മരിച്ചതെന്നാണ് കരുതുന്നത്.
മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകളായ ചിത്രപ്രിയയെ ശനിയാഴ്ച രാത്രിയാണ് കാണാതായത്. പരാതി ലഭിച്ചതിനു പിന്നാലെ, ചിത്രപ്രിയയുമൊത്ത് അലന്‍ ബൈക്കില്‍ പോകുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. പെണ്‍കുട്ടിയെ മലയാറ്റൂരിലെ നക്ഷത്രതടാകത്തിനു സമീപം കൊണ്ടുവന്ന് വിട്ടതാണെന്ന മൊഴി രേഖപ്പെടുത്തി ഞായറാഴ്ച ഇയാളെ വിട്ടയച്ചെങ്കിലും പൊലീസ് നിരീക്ഷണത്തിലായിരുന്നു. മൃതദേഹം കണ്ടെത്തിയതോടെ വീണ്ടും വിളിപ്പിച്ചു. പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയ്യാറായില്ലെങ്കിലും തെളിവുകള്‍ നിരത്തിയപ്പോള്‍ കുറ്റം സമ്മതിച്ചു.
ഇലക്ട്രീഷ്യനായ അലനും ചിത്രപ്രിയയും ഒരേ നാട്ടുകാരാണ്. നീലീശ്വരം എസ്.എന്‍.ഡി.പി ഹൈസ്‌കൂളില്‍ ഒമ്പതിലും പത്തിലും പഠിച്ചപ്പോഴാണ് ഇവര്‍ പ്രണയത്തിലായതെന്ന് പൊലീസ് പറഞ്ഞു. ഒന്നരവര്‍ഷം മുമ്പ് പിണങ്ങി അകന്നു. അടുത്തിടെ വീണ്ടും പ്രണയത്തിലായി. ബംഗളൂരുവില്‍ പഠിക്കുന്ന ചിത്ര പ്രിയയ്ക്ക് മറ്റൊരു പ്രണയമുണ്ടെന്ന സംശയം ബന്ധത്തില്‍ വിള്ളലുണ്ടാക്കി. പലപ്പോഴും തര്‍ക്കങ്ങളുണ്ടായി. സംഭവദിവസം ചിത്രപ്രിയ ഫോണെടുക്കാത്തതിലും സംശയമുണ്ടായിരുന്നു. ഇക്കാര്യമടക്കം ചോദിക്കുന്നതിനാണ് റബര്‍ തോട്ടത്തില്‍ എത്തിച്ചത്. താനുമായി പ്രണയത്തിലായതിനാല്‍ സുഹൃത്തുക്കള്‍ വിട്ടുപോയെന്നും മറ്റും പറഞ്ഞ് ചിത്രപ്രിയ പലവട്ടം മുഖത്തടിച്ചതിന്റെ ദേഷ്യത്തിനാണ് കല്ലുകൊണ്ട് തലയ്ക്കടിച്ചതെന്നാണ് അലന്റെ മൊഴി.
