'സാംക്രമിക രോഗം പരത്തുന്ന കീടം; നികൃഷ്ടജീവി പരാമര്‍ശത്തിന് പോലും അര്‍ഹ'; ആശാവര്‍ക്കര്‍മാരുടെ സമരസമിതി നേതാവ് എസ് മിനിക്കെതിരായ പരാമര്‍ശം ബോധപൂര്‍വമെന്ന് സിഐടിയു നേതാവ്; പരാമര്‍ശം തള്ളി എംവി ഗോവിന്ദന്‍; സിഐടിയുവിന്റെ ആണിക്കല്ല് ഇളകിയെന്ന് മിനിയുടെ മറുപടി

ആശാവര്‍ക്കര്‍മാരുടെ സമരസമിതി നേതാവ് മിനിക്കെതിരെ സിഐടിയു നേതാവ്

Update: 2025-02-28 10:34 GMT

പത്തനംതിട്ട: ആശാവര്‍ക്കര്‍മാരുടെ സമരസമിതി നേതാവ് എസ് മിനിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പിബി ഹര്‍ഷകുമാര്‍. മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണെന്നായിരുന്നു അധിക്ഷേപം. കേരളത്തിലെ ബസ്റ്റാന്‍ഡുകളുടെ മുമ്പില്‍ പാട്ട കുലുക്കി പിരിവ് നടത്തുന്ന പാര്‍ട്ടിയാണ് സമരത്തിന് പിന്നിലെന്നും ഹര്‍ഷകുമാര്‍ ആരോപിച്ചു. വി.എസ് അച്യുതാനന്ദന്റെ ഭരണകാലത്താണ് 300 രൂപയില്‍ നിന്ന് ഓണറേറിയം 500 രൂപയാക്കി ഉയര്‍ത്തിയത്. അത് 1000 രൂപയാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സമരം നടന്നു. അപ്പോഴൊന്നും ഈ പാട്ട കുലുക്കി പാര്‍ട്ടിയെ (ഇപ്പോള്‍ സമരം നടത്തുന്നവരെ) എങ്ങും കണ്ടില്ലെന്നും ഹര്‍ഷകുമാര്‍ പറഞ്ഞു.

പരാമര്‍ശം വിവാദമായതിന് പിന്നാലെ അവര്‍ത്തിച്ച് പിബി ഹര്‍ഷകുമാര്‍ രംഗത്ത് വന്നു. എസ് മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണെന്ന പരാമര്‍ശം ബോധപൂര്‍വം പറഞ്ഞതാണെന്ന് ഹര്‍ഷകുമാര്‍ പറഞ്ഞു. മുന്‍ പ്രസ്താവനയില്‍ ഉറച്ച ഹര്‍ഷകുമാര്‍ മിനിക്കെതിരെ അധിക്ഷേപം തുടര്‍ന്നു. നികൃഷ്ടജീവി പരാമര്‍ശത്തിന് പോലും അര്‍ഹതപ്പെട്ട ആളാണ് മിനിയെന്ന് ഹര്‍ഷകുമാര്‍ ആരോപിച്ചു. അത്രവരെ പോയില്ല എന്നേയുള്ളൂ. മിനി പലതും വിളിച്ചു പറയുന്ന ആളാണ് നാക്കിന് എല്ലില്ലാതെ എന്തും വിളിച്ചുപറയുന്ന സ്ത്രീയാണ്. മന്ത്രി വീണ ജോര്‍ജിന്റെ ഭര്‍ത്താവ് മന്ത്രി മന്ദിരത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന് മിനി പറഞ്ഞു. മന്ത്രി ഭര്‍ത്താവ് പത്തനംതിട്ടയിലാണ് താമസിക്കുന്നത്.

നാട്ടിന്‍പുറത്തെ കര്‍ഷകനാണ് മന്ത്രിയുടെ ഭര്‍ത്താവ്. സിപിഎം പാട്ട കുലുക്കി പിരിവ് നടത്താറുണ്ട്. എന്നാല്‍, അതിനുശേഷം മനുഷ്യന്റെ കാര്യങ്ങളില്‍ ഇടപെടും. എസ്‌യുസിഐ പിരിവ് മാത്രമാണ് നടത്തുന്നത്. കേന്ദ്രം നല്‍കാനുള്ള പണത്തെ കുറിച്ച് സമരക്കാര്‍ പറയുന്നില്ല. ആശാ പ്രവര്‍ത്തകര്‍ക്കായി നിരന്തരം സമരം ചെയ്തത് സിഐടിയു ആണ്. അന്നൊന്നും ഈ ശക്തികളെ കണ്ടിട്ടില്ലെന്നും പിബി ഹര്‍ഷകുമാര്‍ പറഞ്ഞു.

അതേസമയം, സിഐടിയുക്കാര്‍ 51 വെട്ട് വെട്ടാഞ്ഞത് ഭാഗ്യമെന്നായിരുന്നു അധിക്ഷേപത്തിന് എസ് മിനിയുടെ മറുപടി. തന്നെ നികൃഷ്ട ജീവിയെന്ന് വിളിച്ചില്ലല്ലോ എന്നതില്‍ ആശ്വാസമുണ്ട്. ആശാ വര്‍ക്കര്‍മാരുടെ സമരത്തോടെ സിഐടിയുവിന്റെ ആണിക്കല്ല് ഇളകി. ആക്ഷേപങ്ങള്‍ക്ക് പൊതുജനം മറുപടി നല്‍കുമെന്നും ആശ സമരസമിതി നേതാവ് എസ് മിനി പ്രതികരിച്ചു.

ആശ വര്‍ക്കര്‍മാരോട് പാര്‍ട്ടിക്ക് ശത്രുതയില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. സമരം നടത്തുന്ന നേതൃത്വത്തോട് വിയോജിപ്പുണ്ട്. അതില്‍ അരാജകവാദികളുണ്ട്. ഗെയില്‍ പദ്ദതിയെ എതിര്‍ത്ത ടീമുകള്‍ ഇതിലുണ്ട്.ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്: ആവശ്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണ്. കുടിശ്ശിക ഇപ്പോഴും കേന്ദ്രം നല്‍കാനുണ്ട്. പ്രശ്‌നം പരിഹരിക്കുന്നതിന് പാര്‍ട്ടിയെതിരല്ല. ഇനിയും ചര്‍ച്ചയാകാം. യുഡിഎഫിന് രാഷ്ട്രീയ താല്‍പര്യം മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ലെന്ന് വെറുതെ പറയുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം, കീട പരാമര്‍ശം തള്ളി എംവി ഗോവിന്ദന്‍ രംഗത്തെത്തി. വിമര്‍ശിക്കാന്‍ മോശം പദപ്രയാഗം നടത്തേണ്ടതില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

സെക്രട്ടേറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാരുടെ സമരം പുരോഗമിക്കുന്നതിനിടയില്‍ സമരക്കാരും ഇടതുസംഘടനകളും തമ്മിലുള്ള വാക്‌പോരും ശക്തമായിട്ടുണ്ട്. ആശാവര്‍ക്കര്‍മാരുടെ സമരത്തോട് മുഖം തിരിക്കുന്ന നിലപാടാണ് സര്‍ക്കാരിനെന്നാണ് ഉയരുന്ന ആക്ഷേപം. സമരം തുടങ്ങി പതിനെട്ടാം ദിവസമാണ് ആശമാരുടെ ആറ് ആവശ്യങ്ങളില്‍ ഒന്നായ കുടിശ്ശിക തീര്‍ക്കാന്‍ സര്‍ക്കാര്‍ തയാറായത്. മൂന്നു മാസത്തെ ഓണറേറിയം കുടിശ്ശികയും ഇന്‍സെന്റീവിലെ കുടിശ്ശികയും വ്യാഴാഴ്ച അനുവദിച്ചിരുന്നു.

എന്നാല്‍ 7000 രൂപയില്‍ നിന്ന് 21000 രൂപയായി ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കുമ്പോള്‍ അഞ്ചുലക്ഷം രൂപ പെന്‍ഷന്‍ അനുവദിക്കുക മുതലായ പ്രധാന ആവശ്യങ്ങളില്‍ ഇനിയും സര്‍ക്കാര്‍ തലത്തില്‍ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. പ്രധാന ആവശ്യങ്ങള്‍ അം?ഗീകരിക്കാതെ സമരം തണുപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഓണറേറിയം കുടിശ്ശിക അനുവദിച്ചിരിക്കുന്നതെന്നും മറ്റു ആവശ്യങ്ങള്‍ കൂടി അനുവദിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാവര്‍ക്കര്‍മാര്‍.

Tags:    

Similar News