''ദി ഹിന്ദു'വിന് വേണ്ടി മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് സൗകര്യം ഒരുക്കിയത് പി ആര്‍ ഏജന്‍സി കെയ്‌സണ്‍; തങ്ങളുടെ പൊളിറ്റിക്കല്‍ വിങ്ങാണ് അഭിമുഖം സജ്ജമാക്കിയതെന്ന് ഗ്രൂപ്പ്; വിവാദ പരാമര്‍ശം ഉള്‍പ്പെടുത്തിയത് പി ആര്‍ ഏജന്‍സി രേഖാമൂലം ആവശ്യപ്പെട്ടതോടെയെന്ന് ദി ഹിന്ദു
ദി ഹിന്ദു'വിന് വേണ്ടി മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് സൗകര്യം ഒരുക്കിയത് പി ആര്‍ ഏജന്‍സി കെയ്‌സണ്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ അഭിമുഖത്തില്‍ 'ദി ഹിന്ദു' ദിനപത്രം ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ്. പരാമര്‍ശം പിആര്‍ ഏജന്‍സി എഴുതി നല്‍കിയതാണെന്നും മാധ്യമ ധാര്‍മ്മികതയ്ക്ക് നിരക്കാത്തതിനാല്‍ ഖേദിക്കുന്നുവെന്നും പത്രം വ്യക്തമാക്കി. അതേസമയം, അഭിമുഖം തയ്യാറാക്കിയതിലെ പങ്ക് ഡല്‍ഹി ആസ്ഥാനമായിട്ടുള്ള പിആര്‍ ഏജന്‍സി കെയ്‌സണ്‍ സ്ഥിരീകരിച്ചു.
അഭിമുഖത്തിന് സൗകര്യമൊരുക്കിയത് എജന്‍സിയുടെ പൊളിറ്റിക്കല്‍ വിങ്ങാണെന്ന് കെയ്‌സണ്‍ ഗ്രൂപ്പ് പ്രസിഡന്റ് നിഖില്‍ പവിത്രന്‍ ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു. അഭിമുഖ സമയത്ത് താന്‍ ഒപ്പമില്ലായിരുന്നുവെന്നും നിഖില്‍ പവിത്രന്‍ വിശദീകരിച്ചു. സെപ്റ്റംബര്‍ 29 ന് നടന്ന അഭിമുഖത്തില്‍ പി ആര്‍ ഏജന്‍സിയുടെ രണ്ട് പ്രതിനിധികളുടെ സാന്നിധ്യമുണ്ടായിരുന്നു. അഭിമുഖം അര മണിക്കൂര്‍ നീണ്ടുനിന്നു. തുടര്‍ന്ന് പി ആര്‍ ഏജന്‍സി പ്രതിനിധികളില്‍ ഒരാള്‍ അഭിമുഖത്തില്‍, സ്വര്‍ണക്കള്ളക്കടത്ത്, ഹവാല ഇടപാട് വിഷയങ്ങള്‍ ചേര്‍ക്കണമെന്ന് അഭ്യര്‍ഥിച്ചു. ഈ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രി ഒരു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണെന്നും പ്രതിനിധി അവകാശപ്പെട്ടു. പി ആര്‍ ഏജന്‍സി പ്രതിനിധി രേഖാമൂലം അഭ്യര്‍ഥിച്ചതോടെയാണ് വിവാദ പരാമര്‍ശം ഉള്‍പ്പെടുത്തിയതെന്നാണ് ദി ഹിന്ദുവിന്റെ വിശദീകരണത്തില്‍ പറയുന്നത്.
മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ നിന്ന് നിന്ന് വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയാണെന്ന് 'ദി ഹിന്ദു' അറിയിച്ചു. മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പത്രത്തിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പ് വന്നത്. കെയ്‌സണ്‍ എന്ന പി ആര്‍ ഏജന്‍സി നല്‍കിയ അഭിമുഖം പരിശോധന നടത്താതെ പ്രസിദ്ധീകരിച്ചതാണ് പത്രത്തിന് പണി കിട്ടിയത് എന്നാണ് വിശദീകരണം. 123 കോടി ഹവാലപണവും 150 കിലോ സ്വര്‍ണവും കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ മലപ്പുറത്തു നിന്ന് പിടിച്ചു. ഇവ സംസ്ഥാനത്തിനും കേന്ദ്രത്തിനും എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നാണ് മുഖ്യമന്ത്രിയെ ഉദ്ധരിച്ച് ഹിന്ദു നല്‍കിയ അഭിമുഖം.
ഈ അഭിമുഖം വിവാദമായതോടെയാണ് പ്രതികരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്. അഭിമുഖത്തിലെ വിവാദ പരാമര്‍ശത്തില്‍ ഹിന്ദു പത്രത്തിന് കത്ത് നല്‍കുകയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി. പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചെന്നും തെറ്റായ വ്യാഖ്യാനം വിവാദങ്ങള്‍ക്ക് ഇടയാക്കിയെന്നും കത്തില്‍ പറയുന്നു. ഒരു സ്ഥലമോ പ്രദേശമോ പരാമര്‍ശിച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കാന്‍ വിശദീകരണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ നിലപാടല്ല വിവിധ വരികളില്‍ ഉള്ളത്. കള്ളക്കടത്ത് സ്വര്‍ണ്ണവും പണവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് ഉദ്ദേശിച്ചത്. ഏതെങ്കിലുമൊരു സ്ഥലത്തേയോ പ്രദേശത്തേയോ പരാമര്‍ശിച്ചിട്ടില്ല. വാര്‍ത്തയിലെ തെറ്റായ വ്യാഖ്യാനം അനാവശ്യ ചര്‍ച്ചക്കും വിവാദങ്ങള്‍ക്കും വഴിവെച്ചെന്നും കത്തില്‍ പറയുന്നു.
പത്രപ്രവര്‍ത്തനത്തിന്റെ ഏറ്റവും ഉയര്‍ന്ന നിലവാരം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു വിശ്വസ്ത പത്രമെന്ന നിലയില്‍, ഈ സെന്‍സിറ്റീവ് വിഷയത്തില്‍ വ്യക്തത പുനഃസ്ഥാപിക്കാന്‍ സഹായിക്കുന്നതിന്, ഈ വിഷയത്തെ ഉടനടിയും പ്രാധാന്യത്തോടെയും അഭിസംബോധന ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. മുഖ്യമന്ത്രിയുടെ യഥാര്‍ത്ഥ കാഴ്ചപ്പാടുകള്‍ കൃത്യമായി അവതരിപ്പിക്കുന്ന ഒരു വ്യക്തത പൊതുധാരണ പുനഃസ്ഥാപിക്കുന്നതിനും കൂടുതല്‍ ദുര്‍വ്യാഖ്യാനങ്ങള്‍ തടയുന്നതിനും നിര്‍ണായകമാകും എന്നും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നു.