മതിലിനോട് ചേർന്ന് മാലിന്യം തള്ളാൻ കുഴിയെടുത്തു; മലിനജലം ഒഴുകുന്നത് സമീപത്തെ കിണറ്റിൽ; മുൻസിപ്പാലിറ്റി അധികാരികൾ താക്കീത് നൽകിയിട്ടും അയൽവാസിക്ക് കൂസലില്ല; പ്രതികാരം തീർക്കാൻ കിണറ്റിലേക്ക് മലിന ജലം ഒഴുക്കുന്നത് പതിവ്; കുടിവെള്ളം വാങ്ങുന്നത് പണം നൽകി; നീതി തേടി വീട്ടുകാർ

Update: 2025-05-27 07:57 GMT

തൃശൂർ: ഇരിങ്ങാലക്കുടയിൽ മുൻസിപ്പാലിറ്റി അധികൃതരുടെ താക്കീത് ലംഘിച്ച് വീട്ടിലെ കിണറ്റിൽ മലിനജലം ഒഴുക്കുന്നതായി പരാതി. അയൽവാസിയായ തോമസ് എന്നയാൾക്കെതിരെയാണ് വീട്ടുകാർ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മുൻസിപ്പാലിറ്റി അധികൃതരുടെ നിർദ്ദേശവും പാലിക്കാതായതോടെ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരിക്കുകയാണ് വീട്ടുകാർ. പരിശോധനയിൽ കിണറ്റിലെ വെള്ളം മലിനമായെന്ന് കണ്ടെത്തിയിരുന്നു. വെള്ളം മലിനമായതോടെ മാസങ്ങളായി കാശ് കൊടുത്ത കുടിവെള്ളം വാങ്ങേണ്ട അവസ്ഥയാണ് വീട്ടുകാർക്കുള്ളത്. പരാതി ലഭിച്ചതിനെ തുടർന്ന് കളക്ടർ മുൻസിപ്പാലിറ്റി അധികൃതരോട് വിശദീകരണം തേടുമെന്നാണ് സൂചന.

മുൻസിപ്പാലിറ്റി അധികൃതർ നടത്തിയ പരിശോധനയിൽ കിണറ്റിൽ മലിന ജലം ഒഴുക്കിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് അയൽവാസിയായ തോമസിന് മുൻസിപ്പാലിറ്റി നോട്ടീസ് അയക്കുകയൂം, പിഴയും വിധിച്ചിരുന്നു. എന്നാൽ തോമസ് വീണ്ടും കിണറ്റിലേക്ക് മലിന ജലം ഒഴുക്കി വിട്ടുവെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. പല തവണ അധികാരികൾ താക്കീത് നൽകിയിട്ടും ഇയാൾ മലിന ജലം ഒഴുകുന്നത് തടയാൻ നടപടികളൊന്നും സ്വീകരിക്കാൻ തയ്യാറായില്ല. ഇതോടെയാണ് പരാതിയുമായി വീട്ടുകാർ കളക്ടറെ സമീപിച്ചത്. വീടിന്റെ മതിലിനോട് ചേർന്നാണ് കിണർ. മതിലിന്റ്റെ മറു വശത്ത് കുഴിയെടുത്ത് മാലിന്യം തള്ളാൻ തുടങ്ങിയതോടെയാണ് കിണറ്റിലെ വെള്ളം മലിനമാകുന്നത്.

മാത്രമല്ല മാലിന്യമിടാനായി കുഴിയെടുത്തപ്പോൾ മതിൽ കെട്ടിയിരുന്ന കല്ലുകൾ ഇളകി. ഇത് വലിയ തോതിൽ മാലിന ജലം കിണറ്റിലേക്ക് ഒഴുകാൻ കാരണമായി. ഇതോടെ കുടിക്കാൻ പോലും പണം നൽകി വെള്ളം വാങ്ങേണ്ട അവസ്ഥയിലെത്തി. ഇളകിയ കല്ലുകൾ നേരെയാക്കിയാൽ പ്രശ്‌നം പരിഹാരം കാണാവുന്നതായിരുന്നു. ഇത് പരാതിക്കാർ ചൂണ്ടികാട്ടിയെങ്കിലും അയൽവാസി കേട്ടതായി കൂട്ടാക്കിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്. തുടർന്നാണ് വീട്ടികാർക്ക് പരാതിയുമായി ഇരിങ്ങാലക്കുടെ പോലീസിനെ സമീപിക്കുന്നത്. പരാതിയെ തുടർന്ന് സ്ഥലം സന്ദർശിച്ചപ്പോഴാണ് സംഭവത്തിന്റെ ഗുരുതരാവസ്ഥ പോലീസും തിരിച്ചറിഞ്ഞത്. തുടർന്ന് തോമസിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2024 ഓഗസ്റ്റിലാണ് പോലീസ് കേസ് എടുത്തത്.

സംഭവത്തിൽ മുൻസിപ്പാലിറ്റിയും തോമസിനെതിരെ നോട്ടീസ് അയച്ചു. 25,000 രൂപ പിഴ അടയ്ക്കാനും മതിലിനുണ്ടായ കേടുപാടുകൾ പരിഹരിക്കണമെന്നും നിർദ്ദേശം നൽകി. എന്നാൽ അധികാരികളുടെ കണ്ണിൽ പൊടിയിടുന്ന രീതിയിലുള്ള നടപടികൾ മാത്രമാണ് അയൽവാസിയുടെ പക്കൽ നിന്നും ഉണ്ടായതെന്നാണ് വീട്ടുകാർ പറയുന്നത്. കുഴി അടച്ചെങ്കിലും മലിനജലം ഇപ്പോഴും കിണറ്റിൽ ഇറങ്ങുന്നുണ്ടെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുന്നേ കിണർ വൃത്തിയാക്കിയായിരുന്നു. എന്നാൽ വീണ്ടും അയൽവാസി കിണറ്റിലേക്ക് വീണ്ടും മലിന ജലമൊഴുക്കി. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടി ഉണ്ടായില്ലെന്നും വീട്ടുകാർ കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.

Tags:    

Similar News