പി.വി. അന്‍വറാണ് അഭിപ്രായ വ്യത്യാസം പറഞ്ഞത്; തിരഞ്ഞെടുപ്പുമായി സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്; സഹകരിച്ചാല്‍ തീര്‍ച്ചയായും ഒരുമിച്ചു പോകുമെന്ന് വി.ഡി. സതീശന്‍; നിലമ്പൂരില്‍ അന്‍വറിന്റെ ഭീഷണിക്ക് വഴങ്ങാതെ യുഡിഎഫ്; തൃണമൂലിന്റെ യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

യുഡിഎഫ്; നിലപാട് പറയേണ്ടത് അന്‍വറെന്ന് വി ഡി സതീശന്‍

Update: 2025-05-27 13:36 GMT

മലപ്പുറം: നിലമ്പൂരില്‍ പി വി അന്‍വറിന്റെ ഭീഷണി തള്ളി യുഡിഎഫ്. നിലമ്പൂരില്‍ നിലപാട് വ്യക്തമാക്കേണ്ടത് അന്‍വറാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫുമായി സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് അന്‍വറാണ്. ഈ തെരഞ്ഞെടുപ്പില്‍ സഹകരിക്കുന്ന കാര്യത്തില്‍ അന്‍വറിന്റെ നിലപാട് നോക്കി യുഡിഎഫും തീരുമാനമെടുക്കുമെന്ന് സതീശന്‍ കൂട്ടിച്ചേര്‍ത്തു. അന്‍വര്‍ തീരുമാനം പ്രഖ്യാപിച്ചാല്‍ യുഡിഎഫ് തങ്ങളുടെ അഭിപ്രായം പറയുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേതൃയോഗത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു നേതാക്കള്‍.

നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ പി.വി. അന്‍വര്‍ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. പി.വി. അന്‍വറാണ് അഭിപ്രായവ്യത്യാസം പറഞ്ഞത്. തിരഞ്ഞെടുപ്പുമായി സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. തിരഞ്ഞെടുപ്പുമായും സ്ഥാനാര്‍ഥിയുടെ പ്രചരണവുമായും അദ്ദേഹം സഹകരിച്ചാല്‍ തീര്‍ച്ചയായും തങ്ങള്‍ ഒരുമിച്ചു പോകുമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

പി.വി. അന്‍വറിനെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ തീരുമാനത്തില്‍ എത്തിയോ എന്ന ചോദ്യത്തിന്; അത് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. തിരഞ്ഞെടുപ്പുമായും യുഡിഎഫിന്റെ പ്രവര്‍ത്തനവുമായി സഹകരിച്ചു പോകണോ വേണ്ടേ എന്ന് അദ്ദേഹം എടുക്കേണ്ട വ്യക്തിപരമായ തീരുമാനമാണെന്നും അത് എടുത്താല്‍ യുഡിഎഫ് തങ്ങളുടെ അഭിപ്രായം പറയാമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. അന്‍വറിനാണോ യുഡിഎഫിനെ വേണ്ടത്, യുഡിഎഫിനാണോ അന്‍വറിനെ വേണ്ടത് എന്ന ചോദ്യത്തിന്, അത് അദ്ദേഹം തീരുമാനിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പി വി അന്‍വറിനെ യുഡിഎഫില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഒരു ഭീഷണിക്കും വഴങ്ങേണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷമുണ്ടായ സാഹചര്യം വിലയിരുത്തി മാത്രം തീരുമാനമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കിയത് അതിനാലാണ്. അതേസമയം, യുഡിഎഫ് പ്രവേശനം വൈകിപ്പിക്കുന്നതില്‍ കടുത്ത അതൃപ്തിയിലാണ് പി വി അന്‍വര്‍. സതീശന്റെ പ്രതികരണം കേട്ടില്ലെന്നാണ് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

തൃണമൂല്‍ ദേശീയ നേതൃത്വവുമായി അന്‍വര്‍ ബന്ധപ്പെട്ടു. തൃണമൂലിനായി തന്ത്രം മെനയുന്ന ഐ പാക് ടീം അംഗം അന്‍വറിന്റെ വീട്ടിലെത്തി എന്നാണ് വിവരം. സാഹചര്യം ദേശീയ നേതൃത്വത്തെ അറിയിക്കുമെന്ന് ഐ പാക് പ്രതിനിധി അറിയിച്ചു. രണ്ട് ദിവസത്തിനകം യുഡിഎഫില്‍ എടുക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭീഷണി വഴങ്ങിയില്ലെങ്കില്‍ അന്‍വര്‍ തന്നെ നിലമ്പൂരില്‍ മത്സരിക്കുമെന്നാണ് ഭീഷണി. അന്‍വറിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് സൂചിപ്പിച്ച് കൂടുതല്‍ നേതാക്കളും രംഗത്തെത്തി. അയാള്‍ ശരിയായ നിലപാട് എടുത്താല്‍ കൂടെ നിര്‍ത്തുമെന്നും ധിക്കാരം തുടര്‍ന്നാല്‍ അയാളെയും പരാജയപ്പെടുത്തി ജയിക്കുമെന്നുമായിരുന്നു വി ടി ബല്‍റാമിന്റെ പോസ്റ്റ്.

തൃണമൂല്‍ കോണ്‍ഗ്രസിനെ ഒരു കാരണവശാലും യുഡിഎഫില്‍ എടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് നിലവില്‍ കോണ്‍ഗ്രസ്. തൃണമൂലിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അന്‍വര്‍ നല്‍കിയ കത്തു പരിഗണിച്ചപ്പോള്‍ തന്നെ യുഡിഎഫ് നേതൃത്വം അന്‍വറിനെ ഇക്കാര്യം അറിയിച്ചിരുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തീരുമാനങ്ങള്‍ക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ കേരളത്തില്‍ യുഡിഎഫിന്റെ ഭാഗമാക്കുന്നതിന് ഹൈക്കമാന്‍ഡിന് കടുത്ത എതിര്‍പ്പാണുള്ളത്. ഇക്കാര്യം ദേശീയ നേതൃത്വം കെപിസിസിയെ അറിയിച്ചിട്ടുണ്ട്.

ദേശീയ പാര്‍ട്ടിയായ തൃണമൂലിനെ യുഡിഎഫിന്റെ ഭാഗമാക്കിയാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനുള്ള സാധ്യതയും കോണ്‍ഗ്രസ് നേതാക്കള്‍ മുന്നില്‍ കാണുന്നുണ്ട്. നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ ഇതു മുന്നണിയില്‍ പ്രശ്നങ്ങള്‍ക്കു കാരണമാകും. നിലവിലെ സാഹചര്യത്തില്‍ തൃണമൂലിന്റെ യുഡിഎഫ് പ്രവേശം അടഞ്ഞ അധ്യായമാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അതു കണക്കിലെടുത്താണ് അന്‍വറിനോട് സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയോ ഏതെങ്കിലും ഘടകകക്ഷിയുടെ ഭാഗമാകുകയോ ചെയ്യുകയെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്.

ആര്‍എംപി മാതൃകയില്‍ സഹകരിക്കുന്ന കാര്യവും ചര്‍ച്ചയായിരുന്നു. എന്നാല്‍ രണ്ടും വ്യത്യസ്ത സാഹചര്യമാണെന്നാണ് അന്‍വര്‍ വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഇടതുസ്വഭാവമുള്ള ആര്‍എംപിക്ക് പുറത്തുനിന്ന് സഹകരിക്കുന്നതാണ് താല്‍പര്യം. അതേസമയം യുഡിഎഫിന്റെ ഭാഗമായി മാറണമെന്നതാണ് അന്‍വറിനൊപ്പം ഇടതുമുന്നണി വിട്ട് എത്തിയ ഭൂരിപക്ഷത്തിന്റെയും ആവശ്യം.

ആപത്തുകാലത്ത് ഒപ്പം നിന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ കൈവിടാന്‍ കഴിയില്ലെന്ന നിലപാടിലാണ് അന്‍വര്‍. പാര്‍ട്ടി രൂപീകരിച്ച് ഡിഎംകെയുടെ ഭാഗമാകാനുള്ള അന്‍വറിന്റെ ശ്രമം പാളിയപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് അന്‍വറിന് അഭയം നല്‍കിയത്. യുഡിഎഫിലെ ചര്‍ച്ചകള്‍ക്കു ശേഷം ഒരു പ്രധാന ഘടകകക്ഷി അന്‍വറിനെ ഒപ്പം നിര്‍ത്താനുള്ള നീക്കം നടത്തിയിരുന്നു. ചര്‍ച്ചയ്ക്കു വിളിച്ചെങ്കിലും അന്‍വര്‍ എത്താതിരുന്നതില്‍ അവര്‍ക്കും കടുത്ത എതിര്‍പ്പുണ്ട്.

അതേസമയം, കത്തു നല്‍കിയിട്ടും യുഡിഎഫിന്റെ ഭാഗമാക്കുന്നതു സംബന്ധിച്ച് തീരുമാനം വൈകിയതോടെ അന്‍വറിന്റെ അനുയായികള്‍ കടുത്ത ആശങ്കയിലാണ്. ഇവരില്‍നിന്നുള്ള സമ്മര്‍ദമാണ് ഇപ്പോള്‍ അന്‍വറും നേരിടുന്നത്. നിര്‍ണായകമായ നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കാലത്തു പോലും അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ പീന്നീട് എന്താകും അവസ്ഥയെന്നതാണ് അണികളുടെ ചോദ്യം.

പരമ്പരാഗതമായി സ്വാധീനമുള്ള മണ്ഡലത്തില്‍ അന്‍വറിനെ ഒഴിവാക്കി മുന്നോട്ടുപോകാനുള്ള നീക്കമാണോ കോണ്‍ഗ്രസ് നടത്തുന്നതെന്ന സംശയവും അവര്‍ക്കുണ്ട്. എല്‍ഡിഎഫ് വിടുകയും എന്നാല്‍ യുഡിഎഫില്‍ എത്താന്‍ കഴിയാത്തതുമായ അവസ്ഥ രാഷ്ട്രീയ അസ്തിത്വത്തെ തന്നെ ബാധിക്കുമെന്നും അന്‍വര്‍ വിഭാഗം നേതാക്കള്‍ കരുതുന്നു.

ആ സാഹചര്യത്തില്‍ ഏതു വിധേനെയും വിലപേശി യുഡിഎഫിന്റെ ഭാഗമാകാനുള്ള അവസാന ശ്രമമാണ് നടക്കുന്നത്. ഇതിനിടെ ലീഗിനെ കൂടി വിഷയത്തില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി അന്‍വര്‍ പി.കെ.കുഞ്ഞാലിക്കുട്ടിയുമായും ചര്‍ച്ച നടത്തി. കാര്യങ്ങള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയെന്നും ഉത്തരവാദിത്തപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു.

Tags:    

Similar News