കപ്പയിലൂടെ മദ്യം ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി ഉപേക്ഷിച്ചതോടെ ആവിയായത് കോടികള്‍; മദ്യം ഉത്പാദിപ്പിക്കാന്‍ ചുമതലപ്പെടുത്തിയ ഡിസ്റ്റിലറിയും പൂട്ടി; ഇനി കശുമാങ്ങ വാറ്റാമെന്ന് കണ്‍സ്യൂമര്‍ഫെഡ്; പഴം സംസ്‌കരിച്ചെടുത്താണു ഫെനി മാതൃകയിലുള്ള മദ്യം നിര്‍മിക്കുക സഹകരണ സംഘങ്ങള്‍ വഴി
കപ്പയിലൂടെ മദ്യം ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി ഉപേക്ഷിച്ചതോടെ ആവിയായത് കോടികള്‍
തിരുവനന്തപുരം: കപ്പയില്‍ നിന്നും മദ്യം ഉത്പാദിപ്പിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചതോടെ ആവിയായിപ്പോയത് കോടികള്‍. നിര്‍മ്മാണത്തിന് ഏല്‍പ്പിച്ച ഡിസ്റ്റിലറിയും പൂട്ടിയതോടെ നിരാശരായി കപ്പകര്‍ഷകര്‍. കപ്പ പദ്ധതി ഉപേക്ഷിച്ച് ഇി കശുമാങ്ങ വാറ്റാന്‍ തീരുമാനിച്ച് എക്‌സൈസ് വകുപ്പ്. ബിവറേജസ് കോര്‍പ്പറേഷനു പുറമേ കണ്‍സ്യൂമര്‍ഫെഡിനും മദ്യ ഉത്പാദനത്തിനുളള അനുമതി നല്‍കുന്നത് പരിഗണിക്കാനൊരുങ്ങി എക്‌സൈസ് വകുപ്പ്.
2022 മാര്‍ച്ചിലാണ് പഴവര്‍ഗങ്ങളും മറ്റ് കാര്‍ഷിക ഉല്‍പന്നങ്ങളും ഉപയോഗിച്ച് എഥനോള്‍ ഉള്‍പ്പെടെയുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാനും വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനും നടപടികള്‍ സ്വീകരിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചത്. പൈലറ്റ് പദ്ധതിയെന്ന നിലയില്‍ കപ്പയില്‍ നിന്നും എഥനോളും മറ്റു മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെയും ഉല്‍പാദന പദ്ധതിക്കായി രണ്ടുകോടി രൂപയും അനുവദിച്ചു. എന്നാല്‍ പദ്ധതി പ്രഖ്യാപിച്ച് മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ അവസാനിപ്പിക്കുകയും ചെയ്തു. തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിനായിരുന്നു ഗവേഷണ ചുമതല. ഗവേഷനവും നടന്നില്ല, മദ്യം ഉത്പാദിപ്പിക്കാന്‍ ചുമതലപ്പെടുത്തിയ തൃശൂര്‍ തിരുവില്വാമലയിലെ ഡിസ്റ്റിലറിയും പൂട്ടി.
കശുമാങ്ങ അസംസ്‌കൃത വസ്തുവാക്കി വീര്യം കുറഞ്ഞ മദ്യം (ഹോര്‍ട്ടി ലിക്വര്‍) ഉല്‍പാദിപ്പിക്കുന്ന മൈക്രോ ഡിസ്റ്റിലറി ആരംഭിക്കാന്‍ അനുമതിക്കായി കണ്‍സ്യൂമര്‍ഫെഡാണ് എക്‌സൈസ് വകുപ്പിനെ സമീപിച്ചത്. 20 ശതമാനം മുതല്‍ 30 ശതമാനംവരെ ആല്‍ക്കഹോള്‍ അടങ്ങിയ മദ്യം ഉല്‍പാദിപ്പിച്ച് ബെവ്‌കോ ഔട്ട്ലെറ്റുകള്‍ വഴി വില്‍ക്കാനാണ് കണ്‍സ്യൂമര്‍ഫെഡിന്‍െ്റ ലക്ഷ്യം. നിലവില്‍ ബവ്‌റിജസ് കോര്‍പറേഷന്‍ മാത്രമാണു പൊതുമേഖലയില്‍ മദ്യം ഉല്‍പാദിപ്പിക്കുന്നത്.
പഴം സംസ്‌കരിച്ചെടുത്താണു ഫെനി മാതൃകയിലുള്ള മദ്യം നിര്‍മിക്കുക. ഹോര്‍ട്ടി ലിക്കറില്‍ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ചേര്‍ക്കാന്‍ പാടില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോര്‍പറേഷന്‍, കമ്പനി, സഹകരണ സംഘങ്ങളുടെ അപ്പക്‌സ് ബോഡി, കാര്‍ഷിക മേഖലയില്‍ കുറഞ്ഞതു മൂന്നു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സഹകരണ സംഘം എന്നിവയ്ക്കു മാത്രമേ ഇതുമായി ബന്ധപ്പെട്ട ലൈസന്‍സ് അനുവദിക്കാന്‍ കഴിയൂ. സഹകരണ സംഘങ്ങളുടെ അപ്പക്‌സ് ബോഡി എന്ന വിഭാഗത്തിലാണു കണ്‍സ്യൂമര്‍ഫെഡ്. കണ്ണൂര്‍ ജില്ലയില്‍ കണ്‍സ്യൂമര്‍ഫെഡിനു സ്വന്തം കശുമാവിന്‍ തോട്ടമുണ്ട്. ഇതിനൊപ്പം കര്‍ഷകരില്‍ നിന്നും കശുമാങ്ങ സംഭരിക്കാനാണ് നീക്കം. ഇതേ പദ്ധതിയുമായി കണ്ണൂരിലെ പയ്യാവൂര്‍ സഹകരണ ബാങ്കിന്റെ അപേക്ഷയും പരിഗണനയിലാണ്. ധാന്യങ്ങള്‍ ഒഴികെയുള്ളവയില്‍ നിന്നു ഹോര്‍ട്ടി ലിക്വറും ഫ്രൂട്ട് വൈനും ഉല്‍പാദിപ്പിക്കാന്‍ അനുമതി നല്‍കുമെന്നു 2022 ലെ മദ്യനയത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്ത് ഇപ്പോള്‍ ഉള്ളത് 16 ഡിസ്റ്റിലറികളാണ്. പ്രവര്‍ത്തിച്ചുവന്ന നാലെണ്ണം പൂട്ടി. ഫലവര്‍ഗ്ഗങ്ങള്‍, ഗോതമ്പ് തുടങ്ങിയവയുള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യമാണ് സംസ്ഥാനത്തെ ഡിസ്റ്റിലറികള്‍ നേരിടുന്ന് പ്രശ്നം. ഇതിനിടയിലും പുതിയ ഡിസ്റ്റിലറി അനുവദിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. സംസ്ഥാനത്ത് 36 ലക്ഷത്തോളം കേസ് മദ്യമാണ് ഉത്പാദിപ്പിക്കുന്നത്. എന്നാല്‍, വിറ്റഴിക്കുന്നതാകട്ടെ 19 ലക്ഷത്തോളം കേസ് മാത്രമാണ്. ഇനി പുതിയ ഡിസ്റ്റിലറിയില്‍ ഉണ്ടാക്കുന്ന മദ്യം എവിടെ വിറ്റഴിക്കുമെന്നാണ് ഉയരുന്ന ചോദ്യം. ഇതിനിടയില്‍ ജലദൗര്‍ലഭ്യമുള്ള പാലക്കാട് ജില്ലയില്‍ പുതിയ പ്ലാന്റിന് അനുമതി കൊടുത്തത് എന്തിനാണെന്നതും ദുരൂഹതയാണ്.