നവീന്‍ ബാബുവിന്റെ മരണം ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷം ആയുധമാക്കുമോ എന്ന് ഭയം; ഒരുലക്ഷം കൈക്കൂലി കൊടുത്ത കെ വി പ്രശാന്തുമായി പി പി ദിവ്യയുടെ കുടുംബത്തിന് അടുത്ത ബന്ധം; പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പ്; ദിവ്യയ്ക്ക് എതിരെ അച്ചടക്ക നടപടിക്ക് നീക്കം

ദിവ്യയ്ക്ക് എതിരെ അച്ചടക്ക നടപടിക്ക് നീക്കം

Update: 2024-10-15 17:30 GMT

കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം കെ നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവും കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗവുമായ പി.പി ദിവ്യയെ പുറത്താക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ അണിയറ നീക്കം തുടങ്ങി. കണ്ണൂര്‍ പാര്‍ട്ടിയിലെ ഉന്നത നേതാവിന്റെ നേതൃത്വത്തിലാണ് ദിവ്യയ്‌ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാന്‍ നീക്കം നടക്കുന്നത്. നേരത്തെ തന്നെ കണ്ണൂരിലെ ഔദ്യോഗിക നേതൃത്വത്തിന്റെ കണ്ണിലെ കരടാണ് പി.പി ദിവ്യ.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി രണ്ടാം പിണറായി സര്‍ക്കാരിന്റെ കടിഞ്ഞാണ്‍ കരസ്ഥമാക്കിയ ഒരു യുവ മന്ത്രിയുടെ പിന്തുണ നേടിക്കൊണ്ടു ഇവര്‍ നടത്തിയ കരുനീക്കങ്ങള്‍ ഏറെ വിവാദമായിരുന്നു. ഒടുവില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനു മുന്‍പില്‍ ജില്ലാ നേതൃത്വം പരാതിയുമായി എത്തിയതോടെയാണ് ദിവ്യയുടെ സ്ഥാനാര്‍ത്ഥിത്വ മോഹം അടങ്ങിയത്.

കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ പ്രചരണപ്രവര്‍ത്തനങ്ങളില്‍ ഏതാനും ദിവസം മാത്രമേ ദിവ്യ പങ്കെടുത്തിരുന്നുള്ളു. കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥി എ.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്കായി പയ്യന്നൂര്‍, കല്യാശേരി മണ്ഡലങ്ങളിലാണ് ഇവര്‍ പ്രചാരണത്തില്‍ പങ്കെടുത്തത്. ഇതു കണ്ണൂര്‍ പാര്‍ട്ടിയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വി ജയരാജനുമായുള്ള അകല്‍ച്ചയാണ് ദിവ്യയുടെ വിട്ടു നില്‍ക്കലിന് പിന്നിലെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ പി.പി ദിവ്യ ഒരു കമ്യൂണിസ്റ്റ്കാരിക്ക് ചേരുന്ന ശൈലിയിലല്ല പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ നേരത്തെയുണ്ട്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന കാലത്ത് ഇന്നോവ കാറിനായി ഇവര്‍ ശാഠ്യം പിടിച്ചത് പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയായിരുന്നു.

എ.ഡി.എം നവീന്‍ ബാബുവിന് ഒരു ലക്ഷം രൂപ കൈക്കൂലി കൊടുത്തുവെന്ന് പറയപ്പെടുന്ന കെ.വി പ്രശാന്ത് പി.പി. ദിവ്യയുടെ ഭര്‍ത്താവിനൊപ്പം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലാണ് ജോലി ചെയ്യുന്നത്. പ്രശാന്തുമായി ദിവ്യയുടെ കുടുംബത്തിന് അടുത്ത ബന്ധമാണുള്ളത്.

കണ്ണൂര്‍ ജില്ലയിലെ രണ്ട് സി.പി.എം നേതാക്കളുടെ ബിനാമിയായാണ് മെഡിക്കല്‍ കോളേജിലെ ജീവനക്കാരനായ കെ.വി പ്രശാന്ത് പെട്രോള്‍ ബങ്ക് തുടങ്ങാനിറങ്ങിയതെന്ന ആരോപണവും സജീവമാണ്. ഇതില്‍ പി.പി ദിവ്യക്കോ കുടുംബത്തിനോ പങ്കുണ്ടോയെന്ന ചോദ്യവും വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.

ഇതിനിടെ കണ്ണൂരിലെ ഒരു മലയോര പ്രദേശത്തെ ടൂറിസം കേന്ദ്രത്തില്‍ ഏക്കര്‍ കണക്കിന് ഭൂമി സി.പി.എം നേതാക്കള്‍ വാങ്ങി കൂട്ടിയതായുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ പി.പി ദിവ്യയ്ക്കും പങ്കുണ്ടെന്ന ആരോപണം സി.പി.എം അനുകൂലികളുടേതെന്ന് കരുതുന്ന സൈബര്‍ ഇടങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ആത്മഹത്യാകുറിപ്പിലോ എ.ഡി.എം നടത്തിയ ഫോണ്‍ സന്ദേശങ്ങളിലോ പി.പി ദിവ്യയക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ഉടന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവയ്പ്പിക്കാനാണ് സി.പി.എമ്മിലെ ഒരുവിഭാഗം നീക്കം നടത്തുന്നത്. ഇതിനായുള്ള വ്യക്തമായ സൂചനയാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് ദിവ്യയെ പരോക്ഷമായി കുറ്റപ്പെടുത്തി കൊണ്ടു ഇറക്കിയ വാര്‍ത്താക്കുറിപ്പ്.

പരസ്യഅധിക്ഷേപത്തില്‍ മനംനൊന്ത് കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബു ജീവനൊടുക്കിയ സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരേ സി.പി.എമ്മിലും പുറത്തും പ്രതിഷേധമിരമ്പുന്നതിനാല്‍ പ്രതിരോധത്തിലായിരിക്കുകയാണ് സംസ്ഥാനമാകെ പാര്‍ട്ടി. കണ്ണൂര്‍, പത്തനംതിട്ട ജില്ലാ നേതൃത്വങ്ങള്‍ കൈയൊഴിഞ്ഞതോടെ ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനത്തുനിന്ന് പി.പി ദിവ്യ പുറത്താകാന്‍ സാധ്യതയേറി.

അടിയുറച്ച പാര്‍ട്ടി കുടുംബമാണ് മരിച്ച നവീന്‍ ബാബുവിന്റേത്. ഇടതനുകൂല ഗസറ്റഡ് ഓഫിസര്‍മാരുടെ സംഘടനയില്‍ അംഗങ്ങളാണ് നവീനും ഭാര്യ മഞ്ജുവും. അച്ഛന്‍ കൃഷ്ണന്‍നായരും അമ്മ രത്നമ്മയും പാര്‍ട്ടിക്കാരാണ്. 1979ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രത്നമ്മ സി.പി.എം സ്ഥാനാര്‍ഥിയായിരുന്നു. ജോലിയുടെ തുടക്കകാലത്ത് എന്‍.ജി.ഒ യൂണിയന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായിരുന്നു നവീന്‍. പിന്നീട് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്‍ അംഗമായി. ബന്ധുക്കളില്‍ പലരും സി.പി.എം അനുകൂല സര്‍വിസ് സംഘടനകളില്‍ അംഗമാണ്. ഭാര്യയുടേതും പാര്‍ട്ടി കുടുംബമാണ്. അടുത്ത ബന്ധു ഓമല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു.

പൊതുവേദിയില്‍ പരസ്യമായി അപമാനിക്കപ്പെട്ടതിന്റെ മനോവിഷമത്തിലാണ് നവീന്‍ ജീവനൊടുക്കിയതെന്നും ദിവ്യയുടെ പ്രതികരണം അതിരുകടന്നതെന്നുമാണ് സി.പി.എം പത്തനംതിട്ട ജില്ലാ നേതൃത്തിന്റെ ആരോപണം. പി.പി.ദിവ്യയ്ക്കെതിരേ നേതൃത്വത്തിനു പരാതി നല്‍കുമെന്നും നടപടിയില്ലെങ്കില്‍ സ്വകാര്യഅന്യായം ഫയല്‍ ചെയ്യുമെന്നും സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹന്‍ പറഞ്ഞു. വിളിക്കാത്ത ചടങ്ങില്‍ ദിവ്യ പങ്കെടുത്തതില്‍ ദുരുദ്ദേശ്യമുണ്ടെന്നും പത്തനംതിട്ടയിലെ പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.

സദുദ്ദേശ്യത്തോടെയായിരുന്നെങ്കിലും യാത്രയയപ്പ് യോഗത്തില്‍ അത്തരം പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റും പറയുന്നു. എ.ഡി.എമ്മിനെ അപമാനിക്കാന്‍ പ്രാദേശിക ചാനല്‍പ്രവര്‍ത്തകനെയും കൂട്ടിയായിരുന്നു ക്ഷണിക്കപ്പെടാത്ത യാത്രയയപ്പ് യോഗത്തില്‍ പി.പി ദിവ്യ എത്തിയതെന്നും ആരോപണമുണ്ട്.

പി.പി ദിവ്യയെ സംരക്ഷിച്ചാല്‍ ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷം ആയുധമാക്കുമെന്നും കനത്ത തിരിച്ചടിയാകുമെന്നും സി.പി.എമ്മിന് ബോധ്യമുണ്ട്. ദിവ്യക്കെതിരേ നടപടി വേണമെന്ന നിലപാടിലാണ് ഘടകക്ഷിയായ സി.പി.ഐയും. നവീന്‍ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും അദ്ദേഹത്തിനെതിരേ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും പൊതുസമൂഹത്തില്‍ ഇടപെടുമ്പോള്‍ ജനപ്രതിനിധികള്‍ പക്വത കാണിക്കണമെന്നുമുള്ള റവന്യൂമന്ത്രി കെ.രാജന്റെ പ്രസ്താവന സി.പി.ഐയുടെ കൂടി നിലപാടാണ്.

മാസങ്ങള്‍ക്കകം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ദിവ്യയുടെ പക്വതയില്ലാത്ത ഇടപെടല്‍ പ്രതിഫലിക്കുമെന്ന ഭയവും സി.പി.എമ്മിനുണ്ട്. ദിവ്യക്കെതിരേ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. ദിവ്യയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ക്ക് താഴെയാണ് രൂക്ഷവിമര്‍ശനങ്ങള്‍. ഉദ്യോഗസ്ഥനെതിരേ തെളിവുണ്ടെങ്കില്‍ നിയമാനുസൃത വഴി തേടുകയായിരുന്നു വേണ്ടതെന്നാണ് മിക്ക വിമര്‍ശനങ്ങളും.

Tags:    

Similar News