'ആര് പാര വച്ചാലും നമ്മള്‍ പോരാടണം; എല്ലാവരും ചായേന്റെ വെള്ളമൊക്കെ കുടിച്ച് ഉഷാറായേ'; സംസ്ഥാന സമ്മേളനത്തില്‍ പ്രചാരണത്തിന് നായനാരുടെ എ ഐ വീഡിയോ ഉപയോഗിച്ച് സിപിഎം; എംവി ഗോവിന്ദന്റെ എതിര്‍പ്പും പാര്‍ട്ടി കോണ്‍ഗ്രസിന്റെ കരടുനയവും മറുഭാഗത്ത്; സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്ത്
എഐക്കെതിരായ സമീപനത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്ത്
തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തുന്ന സമീപനത്തില്‍ ഇരട്ടത്താപ്പുമായി സിപിഎം. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എ-ഐ എന്ന് പാര്‍ട്ടി കോണ്‍ഗ്രസ്സിനായുള്ള രാഷ്ട്രീയപ്രമേയത്തില്‍ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയ ഇകെ നായനാരുടെ എഐ വീഡിയോ ആണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നാല്‍ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്നതാണെന്നും അത് സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്നുമാണ് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി തയ്യാറാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നത്. പറഞ്ഞ് കുടുങ്ങിയും പിന്നീട് തിരുത്തിയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഒടുവില്‍ പാര്‍ട്ടി ലൈനിന് ഒപ്പമെത്തിയിരുന്നു. ഇതിനിടക്കാണ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ വീഡിയോ പ്രചരിച്ചതും ചര്‍ച്ചയാകുന്നതും.
മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ഭരണത്തുടര്‍ച്ചയെപ്പറ്റി സംസാരിക്കുന്ന വിഡിയോ ആണ് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിനായി തയാറാക്കിയത്. എഐക്കെതിരായ നിലപാട് പാര്‍ട്ടി കോണ്‍ഗ്രസിന്റെ കരട് നയത്തില്‍ സിപിഎം പ്രസിദ്ധീകരിച്ചിരുന്നു. എഐ സോഷ്യലിസം കൊണ്ടുവരുമെന്ന് പറഞ്ഞ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, പിന്നീട് എഐയെ തള്ളിപ്പറഞ്ഞതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അതിനിടെയാണ് പ്രചാരണ വിഡിയോ പുറത്തുവരുന്നതെന്നത് ശ്രദ്ധേയമാണ്.
എന്തുകൊണ്ട് ഇടതുപക്ഷമെന്നും ഇടതിന്റെ ജനകീയ അടിത്തറ എന്തെന്നും വ്യക്തമാക്കിയാണ് സംസ്ഥാന സമ്മേളന വേദിയിലേക്ക് ഇകെ നായനാര്‍ അണികളെ ക്ഷണിക്കുന്നത്. എ-ഐ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിക്കുന്നതിനിടെയാണ് സിപിഎമ്മിന്റെ എഐ നിലപാടും ചര്‍ച്ചയാകുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) സഹായത്തോടെ സി.പി.എം. കൊല്ലം ജില്ലാ കമ്മിറ്റി തയ്യാറാക്കിയ വീഡിയോയിലാണ് സംസ്ഥാന സമ്മേളനത്തിന് സഖാക്കളെ ക്ഷണിച്ചുകൊണ്ട് നായനാര്‍ സംസാരിക്കുന്നത്.
''സഖാക്കളെ നൂറു കൊല്ലം കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വരില്ലെന്നല്ലേ അവര്‍ പണ്ട് പറഞ്ഞത്. ഞാന്‍ മുഖ്യമന്ത്രി ആയില്ലേ. വിഎസ് ആയില്ലേ, നമ്മുടെ പിണറായിയും ആയില്ലേ. പിണറായി രണ്ടാമതും മുഖ്യമന്ത്രി ആയില്ലേ. എന്തുകൊണ്ടാണ്? ജനത്തിനു വേണ്ടത് നമ്മളെയാണ്. കര്‍ഷക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ കൊടുത്തതാരാ? കോണ്‍ഗ്രസുകാരാ, ബിജെപിക്കാരാ? നമ്മളാ കൊടുത്തത്. ആര് പാര വച്ചാലും നമ്മള്‍ പോരാടണം. സംസ്ഥാന സമ്മേളനം ഉഷാറാക്കണം. നാട്ടിലെ ജനങ്ങള്‍ എല്ലാം നമ്മോടൊപ്പം നില്‍ക്കും. എല്ലാവരും ചായേന്റെ വെള്ളമൊക്കെ കുടിച്ച് ഉഷാറായേ. ലാല്‍സലാം സഖാക്കളെ'' എന്നാണ് എ.ഐ ഉപയോഗിച്ച് നിര്‍മിച്ച വിഡിയോയില്‍ ഇ.കെ. നായനാര്‍ പറയുന്നത്.
പാര്‍ട്ടി കോണ്‍ഗ്രസിന്റെ കരടുനയത്തില്‍ എഐക്കതിരായ നിലപാട് സിപിഎം പ്രസിദ്ധീകരിച്ചിരുന്നു. അറുപത് ശതമാനം മനുഷ്യന്റെ അധ്വാന ശേഷിയെ പൂര്‍ണമായി എ.ഐ. ഉപയോഗിച്ച് ഇല്ലായ്മ ചെയ്യുമെന്ന് എംവി ഗോവിന്ദന്‍ മുമ്പ് പറഞ്ഞിരുന്നു. എഐക്കതിരെ കടുത്ത നിലപാടായിരുന്നു പാര്‍ട്ടി സ്വീകരിച്ചുവന്നിരുന്നത്. ഇപ്പോള്‍ ഇതിനൊക്കെ ഘടകവിരുദ്ധമായ നടപടിയാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് വിമര്‍ശനം ഉയരുന്നത്. വിഷയത്തില്‍ പാര്‍ട്ടി തലത്തില്‍ പ്രതികരണമൊന്നുമുണ്ടായിട്ടില്ല.