ഇലക്ട്രോണിക് ചെക്ക് ഇന്‍ സോഫ്റ്റ്വെയര്‍ ഹാക്ക് ചെയ്തു; ഹീത്രു മുതല്‍ യൂറോപ്പിലെ മിക്ക എയര്‍ പോര്‍ട്ടുകളിലെയും വിമാന ഗതാഗതം തടസ്സപ്പെട്ടു; എയര്‍ പോര്‍ട്ടുകളില്‍ തിങ്ങി നിറഞ്ഞ് യാത്രക്കാര്‍; അനേകം വിമാനങ്ങള്‍ റദ്ദ് ചെയ്തു
ഇലക്ട്രോണിക് ചെക്ക് ഇന്‍ സോഫ്റ്റ്വെയര്‍ ഹാക്ക് ചെയ്തു;
ലണ്ടന്‍: ഇലക്ട്രോണിക് ചെക്ക് ഇന്‍ - ബോര്‍ഡിംഗ് സിസ്റ്റത്തില്‍ സൈബര്‍ ആക്രമണം ഉണ്ടായതോടെ നൂറ് കണക്കിന് വിമാനങ്ങളായിരുന്നു ഇന്നലെ ഹീത്രൂവില്‍ വൈകി യാത്ര ആരംഭിച്ചത്. ആയിരക്കണക്കിന് യാത്രക്കാരാണ് ഇതുമൂലം ദുരിതമനുഭവിച്ചത്. ബ്രസ്സല്‍സ് വിമാനത്താവളത്തിലും സമാനമായ സംഭവമുണ്ടായതോടെ പകുതിയോളം വിമാന സര്‍വ്വീസുകള്‍ റദ്ദാക്കപ്പെടുകയായിരുന്നു. ബെര്‍ലിന്‍, ഡബ്ലിന്‍, കോര്‍ക്ക് എന്നിവിടങ്ങളിലും ചില തടസ്സങ്ങള്‍ ഉണ്ടായി. ഇത് കുറച്ചു നാള്‍ കൂടി തുടര്‍ന്നേക്കാം എന്ന മുന്നറിയിപ്പും പുറത്തു വന്നിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ച നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍, റഷ്യയുമായി ബന്ധപ്പെട്ട് ഹാക്കര്‍ ഗ്രൂപ്പുകളാണ് ഇതിന്റെ പുറകില്‍ എന്നാണ് പറയുന്നത്. എസ്റ്റോണിയയുടെ വ്യോമാതിര്‍ത്തി ലംഘിച്ച് റഷ്യന്‍ ജറ്റുകള്‍ എത്തുകയും, എസ്റ്റോണിയയുടെ ആകാശത്തു കൂടി 12 മിനിറ്റോളം പറക്കുകയും ചെയ്തതിനു തൊട്ടു പിന്നാലെയാണ് ഈ സൈബര്‍ ആക്രമണം ഉണ്ടായതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഹീത്രൂവിലും, മറ്റ് ചില യൂറോപ്യന്‍ വിമാനത്താവലങ്ങളിലും നടന്ന സൈബര്‍ ആക്രമണം റഷ്യന്‍ ശൈലി വിളിച്ചോതുന്നതാണെന്ന് ഒരു മുന്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും ചൂണ്ടിക്കാട്ടി.
കോളിന്‍സ് എയ്‌റോസ്പേസിന്റെ നിയന്ത്രണത്തിലുള്ള മ്യൂസ് എന്ന സോഫ്റ്റ്വെയറിനെ ലക്ഷ്യം വെച്ചായിരുന്നു സൈബര്‍ ആക്രമണം നടന്നത്. ആഗോളാടിസ്ഥാനത്തില്‍ തന്നെ വിമാന കമ്പനികള്‍ക്ക് ഓട്ടോമേറ്റ് ചെയ്യപ്പെട്ട ചെക്ക് ഇന്നുകളും ബോര്‍ഡിംഗുകളും നടത്താന്‍ സഹായിക്കുന്ന സോഫ്റ്റ്വെയറാണിത്. യുക്രെയിന്‍ സൈന്യത്തിന് സഹായം നല്‍കുന്ന സ്ഥാപനങ്ങളില്‍ ഒന്നായതിനാല്‍ ആയിരിക്കാം അമേരിക്കന്‍ ആസ്ഥാനമായ കോളിന്‍സ് എയ്‌റോസ്പേസിനെ റഷ്യ ലക്ഷ്യം വച്ചത് എന്നാണ് കരുതുന്നത്. കോളിന്റെ മാതൃസ്ഥാപനമായ ആര്‍ ടി എക്സ്, പാട്രിയോട്ട് ആന്റി എയര്‍ക്രാഫ്റ്റ് മിസൈലുകളുടെ ചില ഭാഗങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ഇത് അമേരിക്ക യുക്രെയിന് നല്‍കുന്നുമുണ്ട്.
തങ്ങളുടെ മ്യൂസ് സോഫ്റ്റ്വെയറിനെതിരെ ചില വിമാനത്താവളങ്ങളില്‍ നടന്ന ആക്രമണത്തെ കുറിച്ച് അറിവുണ്ടെന്ന് പറഞ്ഞ ആര്‍ ടി എക്സ്, അതിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് കൊണ്ടു വരുന്നതിനുള്ള ശ്രമത്തിലാണെന്നും അറിയിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു ഹാക്കര്‍മാര്‍പണി തുടങ്ങിയത്.ഇതോടെയാണ് പല വിമാനങ്ങളും വൈകാനും ചില സര്‍വ്വീസുകള്‍ റദ്ദാക്കപ്പെടാനും തുടങ്ങിയത്. ആരാണ് ആക്രമണത്തിന് പുറകിലെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെങ്കിലും, റഷ്യയുമായി ബന്ധമുള്ള സംഘങ്ങള്‍ ആകാനാണ് വഴി എന്ന് സൈബര്‍ വിദഗ്ധനും മുന്‍ കേണലുമായ ഫിലിപ്പ് ഇന്‍ഗ്രാം പറയുന്നു. പുടിന്‍ പല നാറ്റോ രാജ്യങ്ങളേയും പ്രകോപിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും, അത് അവരുടെ സൈനിക പ്രതികരണവും, രാഷ്ട്രീയ പ്രതികരണവും അറിയുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഹീത്രൂവില്‍ 12 സര്‍വ്വീസുകളാണ് റദ്ദാക്കപ്പെട്ടത്. 400 ല്‍ അധികം വിമാനങ്ങള്‍ വൈകി. അതേസമയം ഡബ്ലിനില്‍ 32 വിമാനങ്ങള്‍ വൈകിയാണ് യാത്ര തുടങ്ങിയത്. ഈ സൈബര്‍ ആക്രമണത്തില്‍ റഷ്യയ്ക്ക് പങ്കുണ്ടോ എന്ന കാര്യം സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സൈബര്‍ സ്രുരക്ഷാ വിദഗ്ധരായ നിം വി പി എന്നിലെ ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ റോബ് ജാര്‍ഡിനും റഷ്യയ്ക്ക് നേരെയാണ് വിരല്‍ ചൂണ്ടുന്നത്.