രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ്: അതിജീവിത സുപ്രീം കോടതിയില്‍; ദീപ ജോസഫിന്റെ ഹര്‍ജിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തു; ഇനി എല്ലാം നിര്‍ണ്ണയിക്കുക സുപ്രീംകോടതി തീരുമാനം; ആ കേസ് സുപ്രീംകോടതി റദ്ദാക്കുമോ? ഭരണഘടനാ വിഷയങ്ങളും ചര്‍ച്ചയാകും
ന്യൂഡല്‍ഹി: പാലക്കാട് ഉപതിരഞ്ഞെടുപ്പ് കാലത്തെ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസുമായി ബന്ധപ്പെട്ട അതിജീവിത സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തു. തന്നെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയും സുപ്രീം കോടതി അഭിഭാഷകയുമായ ദീപ ജോസഫ് നല്‍കിയ റിട്ട് ഹര്‍ജിയിലാണ് അതിജീവിത കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതോടെ ഈ കേസ് പരമോന്നത നീതിപീഠത്തിന് മുന്നിലെത്തുകയാണ്.
ദീപ ജോസഫിന്റെ ഹര്‍ജിയില്‍ ഏതെങ്കിലും തരത്തിലുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍ മുഖേനയാണ് അതിജീവിത തടസ്സഹര്‍ജി സമര്‍പ്പിച്ചത്. കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യത്തിന് പുറമെ ചില ഭരണഘടനാ വിഷയങ്ങളും ദീപ ജോസഫ് തന്റെ റിട്ട് ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ടെന്നാണ് സൂചന. ഈ കേസില്‍ സുപ്രീംകോടതി നിരീക്ഷണം നിര്‍ണ്ണായകമാണ്.
തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വകുപ്പിന്റെ ഭരണഘടനാ സാധുത ഉള്‍പ്പെടെ ചോദ്യം ചെയ്തുകൊണ്ടാണ് ദീപ ജോസഫ് കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഹര്‍ജിയിലെ കൃത്യമായ ഉള്ളടക്കം സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡന കേസുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്കൊടുവിലാണ് അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കേസെടുത്തത്.
അതിജീവിത കോടതിയെ സമീപിച്ചതോടെ കേസില്‍ ദീപ ജോസഫിന് അനുകൂലമായ ഏകപക്ഷീയ ഉത്തരവ് ഉണ്ടാകാനുള്ള സാധ്യത നിലവില്‍ ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ഭരണഘടനാപരമായ വാദങ്ങള്‍ ഉയര്‍ത്തി കേസിനെ നേരിടാനാണ് പ്രതിഭാഗത്തിന്റെ നീക്കമെങ്കില്‍, അതിനെ സുപ്രീം കോടതിയില്‍ തന്നെ പ്രതിരോധിക്കാനാണ് അതിജീവിതയുടെയും തീരുമാനം.