അച്ഛനില്ലാ നേരത്ത്...ചിന്താ ജെറോം പങ്കെടുത്ത ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ ജാഥയില്‍ സ്ത്രീവിരുദ്ധ മുദ്രാവാക്യം; അങ്ങേയറ്റം സംസ്‌ക്കാര ശൂന്യമെന്ന് വിമര്‍ശിച്ചു വി ടി ബല്‍റാം; തെറിവിളി മുദ്രാവാക്യത്തിമെതിരെ സോഷ്യല്‍ മീഡിയയിലും കടുത്ത വിമര്‍ശനം; 'ഞാന്‍ അസഭ്യം പറഞ്ഞിട്ടില്ല, തന്നെ ആക്രമിക്കുന്നതായി ചിന്താ ജെറോം

അച്ഛനില്ലാ നേരത്ത്...ചിന്താ ജെറോം പങ്കെടുത്ത ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ ജാഥയില്‍ സ്ത്രീവിരുദ്ധ മുദ്രാവാക്യം

Update: 2026-02-26 09:48 GMT

കൊല്ലം: വീണാ ജോര്‍ജിന് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തില്‍ സ്ത്രീവിരുദ്ധ മുദ്രാവാക്യം വിളിച്ച് ഡിവൈഎഫ്‌ഐ. കൊല്ലത്ത് ചിന്ത ജെറോം നയിച്ച ജാഥയിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്ത്രീവിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിയത്. അച്ഛനില്ലാ നേരത്ത്.. എന്നു തുടങ്ങി സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലാണ് മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കടുത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.

ഡിവൈഎഫ്‌ഐ നടത്തിയ പ്രകടനത്തില്‍ ഉയര്‍ന്ന സ്ത്രീവിരുദ്ധ മുദ്രാവാക്യങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമും രംഗത്തുവന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് വി.ടി ബല്‍റാം നിലപാടറിയിച്ചത്. ബുധനാഴ്ച ചിന്ത ജെറോം നയിച്ച പ്രതിഷേധ ജാഥയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധവും സംസ്‌കാരശൂന്യവുമാണെന്ന് വി.ടി ബല്‍റാം പറഞ്ഞു. പ്രകോപനപരമായ ഈ മുദ്രാവാക്യങ്ങളിലെ ഓരോ വാക്കും അക്രമോത്സുകവും ജനാധിപത്യവിരുദ്ധവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.പി.എം പ്രവര്‍ത്തകരായതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങളില്‍ സാംസ്‌കാരിക നായകരുടെ ഭാഗത്തുനിന്ന് വിമര്‍ശനമോ മറ്റ് സാമൂഹിക ഓഡിറ്റിങ്ങോ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും ബല്‍റാം പരിഹസിച്ചു. എന്നിരുന്നാലും, ചിന്ത ജെറോമിന്റേയും കൂട്ടരുടേയും ഈ പ്രവൃത്തി വളരെ മോശമായിപ്പോയെന്നും തന്റെ വിയോജിപ്പ് പരസ്യമായി രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി വീണാ ജോര്‍ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തിനെതിരെ നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യംവിളി ഉണ്ടായത്. സംഭവത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. അതേസമയം തനിക്കെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ വിശദീകരണവുമായി ചിന്ത ജെറോമും രംഗത്തുവന്നു.

'ഞാന്‍ അസഭ്യം പറഞ്ഞിട്ടില്ല, തന്നെ ആക്രമിക്കുന്നതായി ചിന്താ ജെറോം ആരോപച്ചു. മന്ത്രിയെ ആക്രമിച്ചതിലെ പ്രതിഷേധം വൈകാരികമായിരുന്നു എന്നുമാണ് ചിന്തയുടെ വിശദീകരണം. മന്ത്രി വീണാ ജോര്‍ജ് തങ്ങളുടെ പ്രിയപ്പെട്ട സഖാവാണെന്നും ചിന്ത പറഞ്ഞു.

എന്നാല്‍, ചെറിയ ഭാഗം കട്ട് ചെയ്ത് പ്രചരിപ്പുക്കുകയാണെന്നും അസഭ്യം പറഞ്ഞുവെന്നത് തെറ്റാണെന്നും ചിന്താ ജെറോം പറഞ്ഞു. ആരോഗ്യ മന്ത്രിക്ക് നേരെ ഉണ്ടായത് ഗുരുതരമായ അക്രമം. മന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമം നടന്നു. സ്ത്രീപക്ഷ നിലപാടിന് ഒപ്പമാണെന്നും തന്നെ ടാര്‍ഗറ്റ് ചെയ്യുകയാണെന്നും ചിന്ത പറഞ്ഞു.

അതേസമയം, വീണാ ജോര്‍ജിന്റെ ആരോഗ്യനിലയെ സംബന്ധിച്ചുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറങ്ങി. പരിക്ക് ഗുരുതരമെന്നാണ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തല്‍. മന്ത്രിയുടെ കഴുത്തിന് ക്ഷതമുണ്ടെന്നും കനത്ത വേദനയുണ്ടെന്നുമാണ് വിവരം. നിലവില്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സ്ഥിതിയല്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിട്ടുണ്ട്.

11 അംഗങ്ങള്‍ അടങ്ങിയ ടീമാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്. ന്യൂറോളജി, ന്യൂറോ സര്‍ജറി, കാര്‍ഡിയോളജി, മെഡിസിന്‍, ഇഎന്‍ടി വിഭാഗം മേധാവിമാരും മെഡിക്കല്‍ ബോര്‍ഡിലുണ്ട്. സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ആര്‍എംഒ എന്നിവരും അടങ്ങിയ മെഡിക്കല്‍ ടീമാണ് യോഗം ചേര്‍ന്നത്. അതേസമയം ആരോഗ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയതല്ലാതെ ആക്രമിച്ചിട്ടില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കെഎസ്യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതൃത്വം. ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ പാരിതോഷികം നല്‍കുമെന്നും സംഘടന വെല്ലുവിളിച്ചു.

ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍വെച്ച് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് പരിയാരത്തേക്ക് മാറ്റുകയായിരുന്നു. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ക്യാമറകളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങളില്ല എന്ന് ഇതിനകം ആര്‍പിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. ക്യാമറകള്‍ എല്ലാം പരിശോധിച്ച ശേഷമാണ് ആര്‍പിഎഫ് ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട് റെയില്‍വേ പൊലീസ് ആര്‍പിഎഫിനോട് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങള്‍ ഇല്ല എന്ന് വ്യക്തമായത്.

Tags:    

Similar News