'അന്ന് ഉമ്മന്‍ചാണ്ടിയുടെ നെഞ്ചത്ത് കല്ലുകൊണ്ടപ്പോള്‍ 'നല്ല തൊലിക്കട്ടി ഉണ്ടെന്ന് അറിയാമായിരുന്നു എന്നാണ് പിണറായി പറഞ്ഞത്; ഇന്ന് വീണയുടെ അടുത്തെങ്ങും ആരും എത്തുന്ന ദൃശ്യങ്ങളില്ലാതെയാണ് ഈ 'കാട്ടിക്കൂട്ടലുകള്‍'; പഴയ ആ വാക്കുകള്‍ കുത്തിപ്പൊക്കി ചാണ്ടി ഉമ്മന്റെ മറുപടി
പഴയ ആ വാക്കുകള്‍ കുത്തിപ്പൊക്കി ചാണ്ടി ഉമ്മന്റെ മറുപടി
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സൈബര്‍ പ്രതിഷേധങ്ങള്‍ നിറയുന്നതിനിടെ, മന്ത്രിയെ പരിഹസിച്ച് വീഡിയോയുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന മന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധങ്ങളെ സര്‍ക്കാര്‍ ദുരന്തമായി ചിത്രീകരിക്കുകയാണെന്നും ദൃശ്യങ്ങളില്‍ തെളിവുകളില്ലാതെ നടത്തുന്ന ഈ പ്രചാരണങ്ങള്‍ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് വിഡിയോയിലൂടെ വിമര്‍ശിച്ചു. 2013-ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെയുണ്ടായ കല്ലേറുമായി ഈ സംഭവത്തെ താരതമ്യം ചെയ്താണ് ചാണ്ടി ഉമ്മന്റെ രൂക്ഷവിമര്‍ശനം.
കെഎസ്യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ സമീപത്തുപോലും എത്തുന്ന ദൃശ്യങ്ങളില്ലാതെയാണ് സര്‍ക്കാര്‍ ഈ 'കാട്ടിക്കൂട്ടലുകള്‍' നടത്തുന്നതെന്ന് ചാണ്ടി ഉമ്മന്‍ ആരോപിച്ചു. ഈ വിഷയത്തില്‍ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തു നിന്നുള്ളവര്‍ ഉള്‍പ്പെടെ പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
13 വര്‍ഷം മുമ്പ്, 2013 ഒക്ടോബര്‍ 27-ന് കണ്ണൂര്‍ പൊലീസ് ഗ്രൗണ്ടിലേക്ക് എത്തിയ തന്റെ പിതാവ് ഉമ്മന്‍ചാണ്ടിക്കു നേരെ ലാത്തിയും കല്ലുകളും എറിഞ്ഞ് നെഞ്ചിന് പരുക്കേല്‍പ്പിച്ച സംഭവം ചാണ്ടി ഉമ്മന്‍ ഓര്‍മ്മിപ്പിച്ചു. കല്ലെറിയുന്നതിന്റെയും വാഹനത്തിന്റെ ഗ്ലാസ് തകരുന്നതിന്റെയും കല്ല് നെഞ്ചത്ത് വന്ന് വീഴുന്നതിന്റെയും ദൃശ്യങ്ങള്‍ അന്ന് എല്ലാവരും കണ്ടിരുന്നു. എന്നിട്ടും, അന്നത്തെ പ്രതികരണത്തില്‍, ഉമ്മന്‍ചാണ്ടിക്ക് 'നല്ല തൊലിക്കട്ടിയുണ്ടെന്ന് അറിയാമായിരുന്നു' എന്നാണ് പിണറായി വിജയന്‍ പറഞ്ഞതെന്നും ചാണ്ടി ഉമ്മന്‍ വെളിപ്പെടുത്തി. നെഞ്ചില്‍ തൊലിക്കട്ടി കൂടുതലാണെന്നായിരുന്നു മറുപടി.
ആ കാഴ്ചയൊന്നും കേരളം മറക്കില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. അന്ന് ഒരു സമരത്തിനോ ഹര്‍ത്താലിനോ ഉമ്മന്‍ചാണ്ടി സമ്മതിച്ചിരുന്നില്ല. പ്രതിപക്ഷ നേതാക്കളുടെ സുരക്ഷയെക്കുറിച്ചാണ് അദ്ദേഹം അന്വേഷിച്ചത്. എന്നാല്‍, ഇന്ന് പ്രതിപക്ഷത്തിനെതിരെ ആക്രമണങ്ങളാണ് സര്‍ക്കാര്‍ അഴിച്ചുവിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'പുതുയുഗയാത്ര'യുടെ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ കീറിയെറിഞ്ഞ സംഭവവും ചാണ്ടി ഉമ്മന്‍ വിഡിയോയില്‍ പരാമര്‍ശിച്ചു. കണ്ണൂരിലെ സംഭവം പുറത്തുവരും മുന്‍പേ തന്നെ എല്ലാ ഫ്‌ലെക്‌സുകളും മാറ്റുകയും, സംഭവം പുറത്തറിഞ്ഞതോടെ ഒരെണ്ണം പോലും ബാക്കിവയ്ക്കാതെ നശിപ്പിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
ഇത്തവണത്തെ നോബല്‍ പുരസ്‌കാരങ്ങള്‍ നമ്മുടെ സര്‍ക്കാര്‍ തന്നെ നേടുമെന്നും ചാണ്ടി ഉമ്മന്‍ പരിഹസിച്ചു. സ്വര്‍ണം ചെമ്പാക്കുന്ന പ്രതിഭാസം നടത്തിയതിന് രസതന്ത്രത്തിനും, മെഡിസിനും, കോമഡിക്കായി ഓസ്‌കാറും പിണറായി സര്‍ക്കാറിനു തന്നെ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
