പ്രിയങ്കയുടെ പിണക്കം മാറ്റിയ വയനാടന്‍ മാന്ത്രികത! വികാരാധീനനായി രാഹുല്‍; അതിജീവനത്തിന്റെ ഈ പാതയില്‍ ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്ന് പ്രഖ്യാപനം; മുണ്ടക്കൈ -ചൂരല്‍മല ദുരന്തബാധിതര്‍ക്കായി വീടുകള്‍ക്ക് തറക്കല്ലിട്ട് രാഹുലും പ്രിയങ്കയും; പദ്ധതി വൈകിയതില്‍ മാപ്പുചോദിച്ച് പ്രിയങ്ക; 40 കച്ചവടക്കാര്‍ക്ക് 5 ലക്ഷം വീതം വയനാട് എംപി സഹായം നല്‍കുന്നത് ഓര്‍മ്മിപ്പിച്ച് ഷാഫിയും

മുണ്ടക്കൈ -ചൂരല്‍മല ദുരന്തബാധിതര്‍ക്കായി വീടുകള്‍ക്ക് തറക്കല്ലിട്ട് രാഹുലും പ്രിയങ്കയും

Update: 2026-02-26 11:44 GMT

വയനാട്: മുണ്ടക്കൈ -ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കെപിസിസി നിര്‍മ്മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ കര്‍മ്മം കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ചേര്‍ന്ന് നിര്‍വഹിച്ചു. മേപ്പാടി കുന്നമ്പറ്റയില്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത സ്ഥലത്താണ് ഈ വീടുകള്‍ ഉയരുന്നത്.

ദുരന്തമുഖത്ത് ജാതിമത ഭേദമന്യേ വയനാടന്‍ ജനത ഒരുമിച്ച് നിന്നത് താന്‍ നേരില്‍ കണ്ടതാണെന്നും അവരുടെ ധീരത പ്രശംസനീയമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതിജീവനത്തിന്റെ പാതയില്‍ കോണ്‍ഗ്രസ് എന്നും ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും ദുരന്തഭൂമിയില്‍ രാഷ്ട്രീയം കളിക്കുന്നവരല്ല തങ്ങളെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 'ദുരന്തത്തിന്റെ ഉണങ്ങാത്ത മുറിവുകള്‍ ജീവിതത്തിന്റെ അവസാനം വരെ ഇവര്‍ കൊണ്ടുനടക്കും. ഈ നിമിഷത്തില്‍ ഈ ജനതയോട് ഒന്നുമാത്രമേ സ്‌നേഹപൂര്‍വം പറയാനുള്ളൂ. അതിജീവനത്തിന്റെ ഈ പാതയില്‍ ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്,' രാഹുല്‍ ഗാന്ധി പറഞ്ഞു. വീട് വച്ചുനല്‍കാനുള്ള പദ്ധതി വൈകിയതില്‍ ദുഃഖമുണ്ടെന്ന് സഹോദരി തന്നോട് പറഞ്ഞതായും, ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നേരിട്ട പ്രശ്‌നങ്ങളാണ് കാലതാമസത്തിന് കാരണമായതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇനി എല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും രാഹുല്‍ ഗാന്ധി പ്രത്യാശ പ്രകടിപ്പിച്ചു.

വയനാട്ടിലെ ജനങ്ങളോട് സംസാരിക്കവെ താനും പ്രിയങ്കയും തമ്മിലുണ്ടായ ചെറിയ പിണക്കത്തെക്കുറിച്ചും വയനാട് നല്‍കുന്ന ആശ്വാസത്തെക്കുറിച്ചും രാഹുല്‍ ഗാന്ധി മനസ്സുതുറന്നു. 'കഴിഞ്ഞ ദിവസം പ്രിയങ്കയും ഞാനും തമ്മില്‍ ചെറിയൊരു വാഗ്വാദം നടന്നു, അവള്‍ എന്നോട് പിണങ്ങിയിരുന്നു. എന്നാല്‍ വയനാട്ടില്‍ എത്തിയതോടെ ആ പിണക്കം മാറി. അതാണ് വയനാടിന്റെ മാന്ത്രികതയും ഇവിടുത്തെ ജനങ്ങളുടെ സ്‌നേഹവും,' രാഹുല്‍ പറഞ്ഞു.

ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട 40 കച്ചവടക്കാര്‍ക്ക് 5 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം പ്രിയങ്ക ഗാന്ധി നല്‍കും. പ്രിയങ്ക സഹായം നല്‍കുന്നില്ലെന്ന ആരോപണങ്ങള്‍ക്കുള്ള മറുപടി കൂടിയായി ഈ നടപടി. പ്രിയങ്ക ഗാന്ധി കച്ചവടക്കാര്‍ക്ക് സഹായം പ്രഖ്യാപിച്ചതിന് ശേഷമാണ് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചതെന്ന് ഷാഫി പറമ്പില്‍ എം.പി ഓര്‍മ്മിപ്പിച്ചു. വിവാദങ്ങള്‍ അസ്ഥാനത്താണെന്നും പ്രിയങ്കയുടെ ഇടപെടല്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വയനാട്ടുകാരുടെ ധൈര്യം പ്രശംസനീയമാണെന്ന് പ്രിയങ്കാ ഗാന്ധിയും പറഞ്ഞു. മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിന്റെ കാഴ്ചകള്‍ മറക്കാനാകില്ലെന്ന് അവര്‍ വ്യക്തമാക്കി. ദുരന്തം നടന്ന അന്നുമുതല്‍ ഇന്നുവരെ താന്‍ ജനങ്ങള്‍ക്കൊപ്പമുണ്ടെന്നും പാര്‍ലമെന്റില്‍ പലതവണ അവര്‍ക്കുവേണ്ടി സംസാരിച്ചിട്ടുണ്ടെന്നും പ്രിയങ്ക അറിയിച്ചു. വീട് നിര്‍മ്മാണ പദ്ധതി വൈകിയതില്‍ ദുഃഖമുണ്ടെന്നും ഭൂമി ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള സങ്കീര്‍ണതകളാണ് ഇതിന് കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇപ്പോള്‍ വീട് നിര്‍മ്മാണ ഘട്ടത്തിലെത്തിയതില്‍ സന്തോഷമുണ്ടെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.

ദുരന്തത്തില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ച വ്യാപാരികള്‍ക്ക് ചെറിയ തുക നല്‍കി സഹായിക്കുമെന്നും, എല്ലാ രാഷ്ട്രീയത്തിനും അതീതമായി ജനങ്ങളുടെ ജീവിതം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതോടെ, ദുരിതബാധിതര്‍ക്കുള്ള വീട് നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

Tags:    

Similar News