പൊളിറ്റിക്കല്‍ ഇസ്ലാമിനെ സിപിഎമ്മും കോണ്‍ഗ്രസും കണ്ടിട്ടുണ്ടോ? പി ജയരാജന്‍ പറഞ്ഞിട്ടും സിപിഎം മിണ്ടുന്നില്ല; ഇസ്ലാമിക തീവ്രവാദത്തെ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടവര്‍ മതേതര രാഷ്ട്രീയത്തിനു നഷ്ടമുണ്ടാക്കി; വിമര്‍ശിച്ചു ദീപിക

പൊളിറ്റിക്കല്‍ ഇസ്ലാമിനെ സിപിഎമ്മും കോണ്‍ഗ്രസും കണ്ടിട്ടുണ്ടോ?

Update: 2024-09-18 09:52 GMT

തിരുവനന്തപുരം: സിപിഎം നേതാവ് പി ജയരാജന്‍ ഉയര്‍ത്തിയ പൊളിറ്റിക്കല്‍ ഇസ്ലാം പരാമര്‍ശം കൂടുതല്‍ ചര്‍ച്ചയാകുന്നു. വിവാദം ഏറ്റുപിടിച്ചു കത്തോലിക്കാ മുഖപത്രമായ ദീപികയും രംഗത്തുവന്നു. ഇതോടെ വിഷയം കൂടുതല്‍ ചര്‍ച്ചയാകുകയാണ്. ഇസ്ലാമിക തീവ്രവാദത്തെ കേരളം വേണ്ടവിധത്തില്‍ ചര്‍ച്ച ചെയ്യുന്നില്ലെന്ന വികാരമാണ് കത്തോലികാ സഭയുടെ മുഖപത്രമായ ദീപികയുടെ എഡിറ്റോറിയലില്‍ വ്യക്തമാക്കുന്നത്.

പി ജയരാജന്‍ കണ്ട രാഷ്ട്രീയ ഇസ്ലാമിനെ സിപിഎം കാണാന്‍ ഇടയില്ല എന്ന തലക്കെട്ടോട്ടെ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ദീപിക വിഷയം ഉന്നയിക്കുന്നത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസിനും സമാന നിലപാടാണെന്നുമാണ് മുഖപ്രസംഗം പറഞ്ഞുവയ്ക്കുന്നത്. പോപുലര്‍ ഫ്രണ്ട് നിരോധനം, ദീകരവാദവിരുദ്ധ നിലപാട് എന്നിങ്ങനെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികളെ പുകഴാത്തി കൊണ്ടാണ് ദീപികയുടെ മുഖപ്രസംഗം.

പി ജയരാജന്റെ കണ്ടെത്തലുകളില്‍ പുതുമയില്ല, എന്നാല്‍ ഇസ്ലാമിക തീവ്രവാദത്തിന് സപിഎമ്മും കോണ്‍ഗ്രസും ഒരുപോലെ വളംവച്ചുകൊടുക്കുകയാണന്നും ലേഖനം കൂറ്റപ്പെടുത്തുന്നു. ഇത്തരം ഒരു സാഹചര്യത്തിലാണ് ജയരാജന്റെ തുറന്നുപറച്ചില്‍ പ്രസക്തമാകുന്നത്. ജയരാജന്റെ ഒരു കണ്ടെത്തലും പുതിയതല്ല. പക്ഷേ, ഇസ്ലാമിക തീവ്രവാദത്തിനു സപിഎമ്മും കോണ്‍ഗ്രസും ഒരുപോലെ വളംവച്ചുകൊടുക്കുകയാണന്ന നിരീക്ഷണം നിലനില്‍ക്കെ ഈ തുറന്നുപറച്ചിലിനു പ്രസക്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇസ്ലാമിക തീവ്രവാദം ആഗോളതലത്തില്‍ വരുത്തിയ വിനാശങ്ങള്‍ക്കനുസരിച്ച് ഇന്ത്യയിലെ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും നിലപാടുകള്‍ നവീകരിച്ചില്ല. ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലതുപക്ഷ ചിന്തകള്‍ക്കും രാഷ്ട്രീയത്തിനും വര്‍ഗീയതയ്ക്കും വളരാന്‍ സഹായമായി. ഇസ്ലാമോഫോബിയ എന്ന വാക്ക് പൂര്‍ണമായും തള്ളിക്കളയാനാവില്ലെങ്കിലും അതിന്റെ ദുരുപയോഗംകൊണ്ടു വളര്‍ന്നുപന്തലിച്ചത് പൊളിറ്റിക്കല്‍ ഇസ്ലാം എന്ന നിലയിലേക്ക് എത്തി. ഇത് ഇതര മതവര്‍ഗീയതകള്‍ക്കും വളരാന്‍ സാഹചര്യമൊരുക്കിയെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. തീവ്രവാദത്തോട് മതേതര പാര്‍ട്ടികള്‍ കണ്ണടച്ച് ഇരുട്ടാക്കിയെന്നും ദീപിക കുറ്റപ്പെടുത്തുന്നു.

ഇസ്ലാമിക തീവ്രവാദത്തെ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടവര്‍ മതേതര രാഷ്ട്രീയത്തിനു നഷ്ടമുണ്ടാക്കി. വലതുപക്ഷ രാഷ്ട്രീയമാണ് ഇവിടെ ലാഭമുണ്ടാക്കുന്നത്. പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും കൊടുത്തല്ല ഭീകരപ്രസ്ഥാനങ്ങളെ നേരിടേണ്ടതെന്ന ബിജെപിയുടെ നിലപാടിനു സ്വീകാര്യത വര്‍ധിക്കുകയാണ്. പതിറ്റാണ്ടുകള്‍ ഭരിച്ചിട്ടും തീവ്രവാദത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. കേരളം മാറിമാറി ഭരിച്ചവര്‍ക്കു പോപ്പുലര്‍ ഫ്രണ്ടിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ഇസ്ലാമിനെ മാത്രം അടിസ്ഥാനമാക്കിയുള്ള ഒരു രാഷ്ട്രീയ വ്യവസ്ഥയെക്കുറിച്ചാണ് അല്‍ ഖ്വയ്ദയും താലിബാനും ബൊക്കോ ഹറാമും ഹമാസും ഹിസ്ബുള്ളയും പോപ്പുലര്‍ ഫ്രണ്ടും ജമാ അത്തെ ഇസ്ലാമിയുമൊക്കെ പറയുന്നതെന്ന് ഇവര്‍ക്ക് എന്നാണു മനസിലാകുക എന്നും ദീപിക കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും കുറ്റപ്പെടുത്തി ചോദിക്കുന്നു.

കേരളത്തിലെ മാധ്യമങ്ങള്‍ പക്ഷപാതപരമായാണ് രാഷ്ട്രീയ റിപ്പോര്‍ട്ടിംഗും വിശകലനങ്ങളും നിരീക്ഷണങ്ങളും നടത്തുന്നത് എന്നും ദീപിക കുറ്റപ്പെടുത്തുന്നു. ഇത്തരം നിരീക്ഷങ്ങള്‍ കേരളത്തിലെ പൊതുബോധത്തെ സ്വാധീനിച്ചു. അന്താരാഷ്ട്ര റിപ്പോര്‍ട്ടിങ്ങില്‍ ഏറ്റവുമധികം മതപീഡനം അനുഭവിക്കുന്ന ക്രൈസ്തവരെ ഒഴിവാക്കി. പകരം ഏറ്റവുമധികം പീഡനങ്ങള്‍ നടത്തുന്നവരെ ഇരകളാക്കി ചിത്രീകരിക്കുകയാണ് ചെയ്തത്. ഇറാക്കിലും നൈജീരിയയിലും ഈജിപ്തിലും സിറിയയിലും ബുര്‍ക്കിനാ ഫാസോയിലും ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഇസ്ലാമികഭീകരര്‍ ക്രൈസ്തവരെ ഉന്മൂലനം ചെയ്യുകയാണ്.

ഇറാക്കില്‍ തീവ്രവാദികള്‍ കൊന്നൊടുക്കിയതില്‍ ബാക്കിയുള്ള മൂന്നു ലക്ഷത്തോളം ക്രൈസ്തവര്‍ ഇസ്ലാമിക് സ്റ്റേറ്റ് പ്രബലമായ 2014നുശേഷം പലായനം ചെയ്തു. മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവര്‍ നേരിടുന്നത് വംശഹത്യയ്ക്ക് സമാനമായ പീഡനങ്ങളാണ്. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ പൊലിയുന്ന മനുഷ്യരെക്കുറിച്ചു പറയണമെന്നതില്‍ സംശയമില്ല. പക്ഷേ, ലോകമെങ്ങും ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങള്‍ കൊന്നൊടുക്കുന്ന ക്രൈസ്തവരെക്കുറിച്ച് കേരളത്തിലെ മാധ്യമങ്ങള്‍ എഴുതുകയില്ലെന്നും ദീപിക കുറ്റപ്പെടുത്തുന്നു.

'മുസ്ലിം രാഷ്ട്രീയവും രാഷ്ട്രീയ ഇസ്ലാമും' എന്ന തന്റെ പുസ്തകത്തെ കുറിച്ചുള്ള പരാമര്‍ശത്തിലാണ് പി ജയരാജന്‍ പൊളിറ്റിക്കല്‍ ഇസ്ലാം യുവാക്കളെ ഭീകരവാദത്തിലേക്ക് നയിക്കുന്നുവെന്ന് പ്രതികരിച്ചത്. താന്‍ ശേഖരിച്ച കൂടുതല്‍ വിശദാംശങ്ങള്‍ അടുത്ത മാസം പുറത്തിറങ്ങുന്ന പുസ്തകത്തിലുണ്ടെന്നും ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പി ജയരാജന്‍ പറഞ്ഞിരുന്നു.

പൊളിറ്റിക്കല്‍ ഇസ്ലാം വലിയതോതില്‍ യുവാക്കളെ ഭീകരവാദത്തിലേക്ക് നയിക്കുന്നു. കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടന്നു. കണ്ണൂരില്‍ നിന്നുള്‍പ്പെടെ ഇത്തരത്തില്‍ യുവാക്കള്‍ വഴിതെറ്റിയത് ഗുരുതരമായ പ്രശ്നമാണ്. ബാബറി മസ്ജിദ് തകര്‍ത്തത് ചിലരിലെങ്കിലും തീവ്ര നിലപാടുണ്ടാക്കി. ഐഎസ് റിക്രൂട്ട്മെന്റ് കേരളത്തില്‍ നിന്ന് നടന്നത് ഇതിന്റെ ഭാഗമായാണെന്നുമുള്‍പ്പെടെ ആയിരുന്നു പി ജയരാജന്റെ പ്രതികരണം.

അതേസമയം യുവാക്കള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴിതെറ്റുന്നുവെന്ന് സിപിഎം നേതാവ് പി ജയരാജന്‍ നടത്തിയ പ്രസ്താവനയോട പ്രതികരിക്കാതെ അകലം പാലിക്കുകയാണ ്‌സിപിഎം നേതാക്കള്‍. കേരളത്തില്‍നിന്ന് ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന സിപിഎം മുതിര്‍ന്ന നേതാവ് പി. ജയരാജന്റെ പ്രസ്താവന സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഐഎസ് റിക്രൂട്ട്മെന്റ് സംബന്ധിച്ച് മുമ്പ് നിരവധി തവണ ഔദ്യോഗികമായ വിവരങ്ങള്‍ പുറത്തുവന്നതാണ്. ഇതല്ലാത്ത വിവരങ്ങള്‍ ജയരാജന്റെ കൈവശമുണ്ടെങ്കില്‍ വ്യക്തമാക്കണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടിരുന്നു.

ഇസ്ലാമോഫോബിയയുടെ അന്തരീക്ഷത്തില്‍ വിളവെടുക്കാന്‍ ഇറങ്ങിയ ജയരാജനും പാര്‍ട്ടിയും ചരിത്രത്തില്‍നിന്നും അനുഭവത്തില്‍നിന്നും ഒന്നും പഠിച്ചിട്ടില്ലെന്നതാണ് പ്രസ്താവന തെളിയിക്കുന്നത്. സംഘ്പരിവാറിലേക്ക് ഒഴുകുന്ന അണികളെ പിടിച്ചു നിര്‍ത്താന്‍ ഇത്തരം പൊടിക്കൈകള്‍ മതിയാവില്ലെന്ന് ഇടതുപക്ഷം മനസ്സിലാക്കണമെന്നും പ്രസ്താവനയില്‍ സോളിഡാരിറ്റി വ്യക്തമാക്കി.

അതേസമയം പൊളിറ്റിക്കല്‍ ഇസ്ലാം പരാമര്‍ശത്തില്‍ വിവാദം ശക്തമാകുന്നതിനിടെ എന്താണ് അദ്ദേഹം പറഞ്ഞതെന്ന് അറിയില്ലെന്ന് എ വിജയരാഘവന്‍ പ്രതികരിച്ചു. പി ജയരാജന്റെ പുസ്തകത്തിന് താന്‍ ആണ് മുഖപ്രസംഗം എഴുതിയത്. പുസ്തകത്തെ പരിചയപ്പെടുത്തി ഒരു കുറിപ്പ് അതില്‍ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News