പോക്സോ കേസ് അട്ടിമറിയും കസ്റ്റഡി മര്‍ദനവുമൊക്കെ എന്ത്? മന്ത്രി വാസവന്റെ സ്വന്തം 'ആളായ' എസ്.പി വി.ജി. വിനോദ്കുമാര്‍ പത്തനംതിട്ടയില്‍ നിന്ന് തെറിക്കുമ്പോള്‍ ചെന്നു വീഴുന്നത് ഉഗ്രന്‍ പോസ്റ്റില്‍; രണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന എസ്.പിക്ക് കൊടുത്തിരിക്കുന്നത് പ്രധാനപ്പെട്ട തസ്തിക; വേണ്ടപ്പെട്ടവരെ കൈവിടില്ലെന്ന് തെളിയിച്ച് സിപിഎം

വേണ്ടപ്പെട്ടവരെ കൈവിടില്ലെന്ന് തെളിയിച്ച് സിപിഎം

Update: 2025-07-24 17:38 GMT

പത്തനംതിട്ട: കേസുകളും പരാതികളും അട്ടിമറിക്കുന്നതിലൂടെ വിവാദ നായകനായ ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാറിനെ സംരക്ഷിച്ച് സര്‍ക്കാര്‍. രണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന പത്തനംതിട്ട എസ്.പിയെ ക്രമസമാധാന ചുമതലയുള്ള എ.ഐ.ജി എന്ന പോസ്റ്റിലേക്ക് സ്ഥലം മാറ്റിയാണ് സര്‍ക്കാര്‍ സംരക്ഷിച്ചിരിക്കുന്നത്. മന്ത്രി വി.എന്‍. വാസവന്റെ മാനസപുത്രനായി അറിയപ്പെടുന്ന വി.ജി. വിനോദ്കുമാറിനെ ഗത്യന്തരമില്ലാത്തതു കൊണ്ട് മാത്രമാണ് പത്തനംതിട്ട എസ്.പി സ്ഥാനത്ത് നിന്ന് മാറ്റിയത്. ഇതൊരു ശിക്ഷാനടപടിയല്ല എന്ന് പുറമേ നിന്നുളളവര്‍ക്ക് തോന്നാന്‍ വേണ്ടി കൂടിയതാണ് പോലീസ് ആസ്ഥാനത്ത് നിര്‍ണായക തസ്തിക കൊടുത്തിരിക്കുന്നത്. എന്തായാലും വേണ്ടില്ല, ജില്ലയില്‍ പോലീസുകാര്‍ റാങ്ക് വ്യത്യാസമില്ലാതെ ആഹ്ലാദം പങ്കിടുകയാണ്. ഇന്ന് പുറത്തിറങ്ങിയ പട്ടികയിലാണ് വിനോദ്കുമാറിനെ മാറ്റിയിരിക്കുന്നത്. പകരം ആര്‍. ആനന്ദാണ് പത്തനംതിട്ട എസ്.പി.

വി.ജി.വിനോദ്കുമാറിന്റെ കീഴില്‍ പോലീസുകാര്‍ കടുത്ത മാനസികപീഡനമാണ് നേരിടേണ്ടി വന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട പോലീസുകാരന്‍ ആത്മഹത്യ ചെയ്തത് എസ്.പിയുടെ പീഡനം മൂലമാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ചിറ്റാര്‍ സ്വദേശിയായ പോലീസുകാരനെ തിരുവല്ല ട്രാഫിക് യൂണിറ്റിലേക്കാണ് മാറ്റിയത്. സ്ഥലം മാറ്റം റദ്ദാക്കാന്‍ വേണ്ടി പോലീസുകാരന്റെ ഭാര്യ എസ്.പിയെ കാണാന്‍ പല തവണ ചെന്നെങ്കിലും അനുവാദം നല്‍കിയില്ല. തുടര്‍ന്നാണ് പോലീസുകാരന്‍ ജീവനൊടുക്കിയത്.

നിരവധി അട്ടിമറികള്‍ ആണ് വിനോദ്കുമാര്‍ ഇരുന്ന 11 മാസം കൊണ്ട് പത്തനംതിട്ട ജില്ലാ പോലീസില്‍ നടന്നത്. അതില്‍ ഏറ്റവും ഗുരുതരമായത് ആറന്മുള പോക്സോ കേസ് അട്ടിമറിയും കോയിപ്രം സ്റ്റേഷനിലെ കസ്റ്റഡി മര്‍ദനവുമായിരുന്നു. ആറന്മുള പോക്സോ അട്ടിമറിയാണ് ഏറ്റവും ഞെട്ടിച്ചത്. മുന്‍ഹൈക്കോടതി ഗവ. പ്ലീഡര്‍ തോട്ടത്തില്‍ നൗഷാദ് പ്രതിയായ പോക്സോ കേസില്‍ പോലീസിന്റെ വീഴ്ച സര്‍ക്കാരിനെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും വരെ വെട്ടിലാക്കി. ഇതില്‍ ശരിക്കും വീഴ്ചയുണ്ടായത് ആറന്മുള പോലീസിനും ജില്ലാ പോലീസ് മേധാവിക്കുമായിരുന്നു. പക്ഷേ, നടപടി നേരിടേണ്ടി വന്നത് കോന്നി ഡിവൈ.എസ്.പി, എസ്.എച്ച്.ഓ, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്സണ്‍ എന്നിവര്‍ക്കാണ്. പതിനാറുകാരിയെ നൗഷാദ് തോട്ടത്തില്‍ പീഡിപ്പിച്ചുവെന്ന പരാതി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 29 ന് പിതാവാണ് എസ്.പിക്ക് നല്‍കിയത്. അദ്ദേഹം അന്വേഷണത്തിന് കോന്നി പോലീസിന് കൈമാറി.

കോന്നി എസ്.എച്ച്.ഓ വനിതാ പോലീസിനെയും കൂട്ടി പെണ്‍കുട്ടിയുടെ അടുത്തു ചെന്ന് പരാതി അന്വേഷിച്ചപ്പോള്‍ കുട്ടി നൗഷാദിന്റെ പക്ഷം പിടിച്ചാണ് സംസാരിച്ചത്. തനിക്ക് പിതൃതുല്യനാണ് നൗഷാദ് എന്നാണ് പറഞ്ഞത്. ഈ മൊഴി കുട്ടിയെക്കൊണ്ട് തന്നെ എഴുതി വാങ്ങുകയും നടപടിക്രമങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മൊഴി നൗഷാദിനെതിരായി ലഭിക്കാത്തതിനാല്‍ പരാതി അവസാനിപ്പിക്കുകയും ചെയ്തു. ചൈല്‍ഡ് ലൈനിനും ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി. കുട്ടിയെ കൗണ്‍സലിങ് നടത്തണമെന്ന് കാട്ടി പല തവണ എസ്.എച്ച്.ഓ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് കത്തയച്ചു. എന്നാല്‍, ഒരു നടപടിയും ഉണ്ടായില്ല. ഇതിനിടെ ഡിസംബര്‍ മൂന്നിന് കുട്ടി ചൈല്‍ഡ് ലൈനില്‍ വിളിച്ച് തനിക്കുണ്ടായ പീഡനം അറിയിച്ചു. ചൈല്‍ഡ് ലൈന്‍ പോലീസ് സഹായത്തോടെ കുട്ടിയെ വീട്ടില്‍ നിന്ന് രക്ഷിച്ച് വണ്‍സ്റ്റോപ്പ് സെന്ററിലാക്കി. വീണ്ടും കുട്ടിയുടെ മൊഴി എടുക്കാന്‍ ശ്രമിച്ചെങ്കിലും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അനുവദിച്ചില്ല.

ഡിസംബര്‍ 13 ന് പോലീസില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം 14 ന് മൊഴിയെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവം നടന്നത് ആറന്മുള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ അന്ന് തന്നെ അവിടേക്ക് എഫ്ഐആര്‍ കൈമാറി. എന്നാല്‍ രണ്ടു ദിവസം താമസിച്ച് ഡിസംബര്‍ 16 നാണ് ആറന്മുള പോലീസ് എഫ്ഐആര്‍ ഇട്ടത്. തുടര്‍ന്ന് പ്രതിയുടെ മൊബൈല്‍ ടവര്‍ പരിശോധിച്ചപ്പോള്‍ കൊച്ചിയിലെ വീട്ടിലുണ്ടെന്ന് മനസിലായി. ഡിസംബര്‍ 22 വരെ ഇയാള്‍ കൊച്ചിയിലെ ഓഫീസിലും വീട്ടിലും ഉണ്ടായിരുന്നുവെന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ നിന്ന് മനസിലാക്കിയിരുന്നു. ഈ ദിവസങ്ങള്‍ ആറന്മുളയില്‍ നിന്ന് മൂന്നു പോലീസുകാര്‍ വീതം കൊച്ചിയില്‍ പോയി മടങ്ങി വന്നു കൊണ്ടിരുന്നു. എന്നാല്‍, നൗഷാദിനെ തൊട്ടില്ല. ഡിസംബര്‍ 22 ന് നൗഷാദിന് പെണ്‍കുട്ടിയെ എത്തിച്ചു കൊടുത്ത ബന്ധുവായ സ്ത്രീയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് ശേഷം നൗഷാദിന്റെ ഫോണ്‍ ഓഫായി.

പിന്നെ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ഓട്ടമായിരുന്നു. ഈ സമയത്തൊന്നും പോലീസ് നൗഷാദിനെ അന്വേഷിച്ചില്ല. നൗഷാദിന്റെ ഭാര്യ ഹൈക്കോടതിയില്‍ ഗവ. പ്ലീഡര്‍ ആണ്. ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് നൗഷാദിനെ തൊടാതിരുന്നത്. നൗഷാദിന്റെ മൂന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി രൂക്ഷവിമര്‍ശനങ്ങളോടെയാണ് തള്ളിയത്. കണ്ണുനിറയാതെ അതിജീവിതയുടെ മൊഴി വായിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പരാമര്‍ശിച്ചിരുന്നു. ജാമ്യം തള്ളപ്പെട്ടിട്ടും നൗഷാദിനെ ആറന്മുള പോലീസ് തൊട്ടില്ല. ചുരുങ്ങിയ സമയം കൊണ്ട് നൗഷാദിന്റെ ഹര്‍ജി സുപ്രീംകോടതിയില്‍ എത്തി. നൗഷാദിന്റെ അറസ്റ്റ് കോടതി താല്‍ക്കാലികമായി തടഞ്ഞു. അന്തിമവിധി വരും വരെ അറസ്റ്റ് ചെയ്യരുതെന്നും ഉത്തരവിട്ടു. പോലീസ് അന്വേഷണവുമായി സഹകരിക്കണമെന്നും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിര്‍ദേശിച്ചു. ഇതിന്‍ പ്രകാരം പോലീസ് ഇയാളെ വിളിച്ചു വരുത്തി മൊഴി എടുത്തിരുന്നു.

ഇവിടെ വീഴ്ച ആറന്മുള പോലീസിന്റെയും എസ്.പിയുടെ ഭാഗത്താണെന്ന് വ്യക്തമായിരുന്നു. എന്നാല്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥരെയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാനെയും സസ്പെന്‍ഡ് ചെയ്ത് എസ്.പി തലയൂരി. നിലവില്‍ അട്ടിമറി സംബന്ധിച്ച് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്.

കോയിപ്രത്തെ കസ്റ്റഡി മര്‍ദനം അട്ടിമറി

കഞ്ചാവ് ബീഡി വലിച്ചതിന് കോയിപ്രം പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ച കോയിപ്രം വരയന്നൂര്‍ മുട്ടപ്പള്ളിയില്‍ കോളനി വാലുപറമ്പില്‍ വീട്ടില്‍ കെ.എം. സുരേഷിന്റെ (58) മൃതദേഹം കഴിഞ്ഞ മാര്‍ച്ച് 22 ന് രാവിലെ കോന്നി സ്റ്റേഷന്‍ പരിധിയില്‍ പ്രമാടം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ഇളകൊള്ളൂര്‍ പാലം ജങ്്ഷന് സമീപം ബിജുഫിലിപ്പിന്റെ മാങ്കോസ്റ്റിന്‍ തോട്ടത്തില്‍ കണ്ടെത്തി. കോന്നി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ നാലു വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നുവെന്ന് ഡോക്ടര്‍ കണ്ടെത്തി. മേലാസകലം ഉരഞ്ഞതിന്റെയും ചന്തിക്ക് ചൂരല്‍ കൊണ്ട് അടിയേറ്റതിന്റെയും പാടുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

പ്രമാടം പഞ്ചായത്തംഗം മനോജാണ് കോന്നി പോലീസ് സ്റ്റേഷനില്‍ അജഞ്ാത മൃതദേഹം കണ്ട വിവരം അറിയിക്കുന്നത്. അസ്വാഭാവിക മരണത്തിന് കോന്നി പോലീസ് കേസ് എടുത്തു. പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തലുകളോടെ കേസിന്റെ ഗതി മാറി.

മാര്‍ച്ച് 16 ന് വൈകിട്ട് ആറേമുക്കാലോടെ വരയന്നൂര്‍ സബ്കനാലിന് സമീപത്താണ് പോലീസ് പട്രോളിങ് പാര്‍ട്ടിയില്‍പ്പെട്ട ഗ്രേഡ് എസ്.ഐ. എസ്.ഷൈജു, സി.പി.ഓ അനന്തകൃഷ്ണന്‍ എന്നിവര്‍ സുരേഷിനെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. പോലീസിനെ കണ്ട് ഇയാള്‍ വലിച്ചു കൊണ്ടിരുന്ന ബീഡി എറിഞ്ഞു കളഞ്ഞു. അന്തരീക്ഷത്തില്‍ കഞ്ചാവിന്റെ മണം ഉള്ളതിനാല്‍ സംശയം തോന്നി സുരേഷ് കളഞ്ഞ ബീഡിക്കുറ്റി പട്രോളിങ് പാര്‍ട്ടി പരിശോധിച്ചു. കഞ്ചാവും ചുക്കയും ഇടകലര്‍ത്തിയ ബീഡിയായിരുന്നു ഇത്. തിരുവല്ലയില്‍ നിന്ന് വാങ്ങിയതാണെന്ന് പോലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് തിരുവല്ല ഡിവൈ.എസ്.പിയുടെ അനുമതിയോടെ കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നീട് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു. എന്നാല്‍, ഇയാളുടെ ബൈക്ക്, മൊബൈല്‍ ഫോണ്‍ എന്നിവ കസ്റ്റഡിയില്‍ തന്നെ സുക്ഷിച്ചു.

മാര്‍ച്ച് 19 ന് വീണ്ടും ചോദ്യം ചെയ്യാന്‍ കോയിപ്രം സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. 22 ന് കോന്നിയിലെ തോട്ടത്തില്‍ മൃതദേഹവും കണ്ടു. സംഭവം നടക്കുന്നതിന് രണ്ടു ദിവസം മുന്‍പ് രാത്രി മൂന്നു പേര്‍ വന്ന് സുരേഷിനെ വിട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടു പോയെന്ന് മാതാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സുരേഷ് ഒരാളുടെ വാഹനത്തില്‍ ഡ്രൈവര്‍ ആയി പോകുന്നയാളാണ്. തന്നെ പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന് സുരേഷ് വാഹന ഉടമയോട് പറഞ്ഞതായി അദ്ദേഹം കോന്നി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷമായി സുരേഷ് ഭാര്യയുമായി പിണങ്ങി ജീവിക്കുകയാണ്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോന്നി എസ്എച്ച്ഓ കസ്റ്റഡി മര്‍ദനം സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് നല്‍കി. എ്ന്നാല്‍ എസ്.പി ഇത് രണ്ടര മാസം പൂഴ്ത്തി വച്ചു. എസ്പിയുടെ നിര്‍ദേശ പ്രകാരം കോയിപ്രം സ്റ്റേഷനിലെ ജോബിന്‍ എന്ന പോലീസുകാരനാണ് സുരേഷിനെ മര്‍ദിച്ചത് എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. എസ്.പി പൂഴ്്ത്തി വച്ച റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ ഇതു സംബന്ധിച്ച് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. എന്നാല്‍, അവിടെയും എസ്പി ഇടപെട്ട് അട്ടിമറിക്ക് ശ്രമിച്ചു. ഇതും വാര്‍ത്തയായതോടെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും പത്തനംതിട്ട സ്റ്റേഷനില്‍ റൗഡി ഹിസ്റ്ററി ഷീറ്റ് നിലവിലുളളതുമായ അഡ്വ. പ്രശാന്ത് വി.കുറുപ്പിനെ കരിക്കിനേത്ത് കൊലക്കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറാക്കാന്‍ ശിപാര്‍ശ ചെയ്തതിന്മേലും വിനോദ് കുമാറിനെതിരേ അന്വേഷണം നടക്കുന്നുണ്ട്. വനിതാ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഓ കെ.ആര്‍. ഷെമിമോള്‍ പോക്സോ കേസ് അട്ടിമറിച്ചതായുള്ള പരാതിയും എസ്പി മുക്കിയിരുന്നു. ഏഴു വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഒരു നടപടിയും എടുക്കാതിരുന്ന ഷെമിമോള്‍ വിവരം പ്രതിയുടെ ബന്ധുവിന് കൈമാറി എന്ന ഗുരുതരമായ വീഴ്ചയും വരുത്തി. ശരിക്കും പോക്സോ കേസ് എടുത്ത് അറസ്റ്റ് ചെയ്യേണ്ട എസ്.ഐയ്ക്ക് എസ്.പി സംരക്ഷണ കവചമൊരുക്കി. ഷെമിമോള്‍ക്കെതിരേ ഇരയുടെ പിതാവ് നല്‍കിയ പരാതി പൂഴ്ത്തി. പക്ഷേ, പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഷെമിമോള്‍ക്കെതിരേ വകുപ്പു തല അന്വേഷണം തുടങ്ങി. ഇരയുടെ പിതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. ഇതിന്മേല്‍ ഗൗരവകരമായ അന്വേഷണം നടക്കുന്നുണ്ട്.

Tags:    

Similar News