ഈ ഡിജിറ്റല്‍ കാലത്ത് വിവരങ്ങളൊന്നും ഡിജിറ്റൈസ് ചെയ്യാതെ എങ്ങനെയാണ് നശിപ്പിക്കാനാവുക എന്ന ചോദ്യം പ്രസക്തം; 2002 മുതല്‍ 2012 വരെ 10 വര്‍ഷം ധര്‍മസ്ഥലയില്‍ റജിസ്റ്റര്‍ ചെയ്ത അസ്വാഭാവിക മരണങ്ങള്‍ 485; ഈ മരണങ്ങളുടെ എഫ്‌ഐആര്‍ നമ്പറും ഡെത്ത് സര്‍ട്ടിഫിക്കറ്റും നശിപ്പിച്ച പോലീസ്; സ്ത്രീകളെ കൊന്ന് കുഴിച്ചു മൂടിയവര്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പായി; ധര്‍മ്മസ്ഥല അട്ടിമറിയുടെ ഞെട്ടിക്കുന്ന വസ്തുത പുറത്ത്

Update: 2025-08-04 06:33 GMT

മംഗളൂരു: ധര്‍മസ്ഥല കേസില്‍ തിരിച്ചടിയായി പോലീസിന്റെ വീഴ്ച. 2000 മുതല്‍ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകള്‍ നശിപ്പിച്ചതായി വിവരം. കാലഹരണപ്പെട്ട കേസ് രേഖകള്‍ നശിപ്പിക്കാമെന്ന നിയമം അനുസരിച്ച് 2023 നവംബര്‍ 23 നാണ് ഇത് നശിപ്പിച്ചതെന്നാണ് വിവരാവകാശ പ്രകാരം നല്‍കിയ ചോദ്യത്തിന് ലഭിച്ച മറുപടി.

തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍, ഫോട്ടോകള്‍, നോട്ടീസുകള്‍ തുടങ്ങിയ എല്ലാ രേഖകളും നശിപ്പിക്കപ്പെട്ടുവെന്നാണ് ബെല്‍ത്തങ്കടി പോലീസ് അറിയിച്ചിരിക്കുന്നത്. ജസ്റ്റീസ് ഫോര്‍ സൗജന്യ ആക്ഷന്‍ കമ്മിറ്റിയിലെ അംഗമായ സാമൂഹ്യപ്രവര്‍ത്തകന്‍ ജയന്ത് ആണ് വിവരാവകാശ പ്രകാരം അപേക്ഷ നല്കിയത്. 2002 മുതല്‍ 2012 വരെ 10 വര്‍ഷം ധര്‍മസ്ഥലയില്‍ റജിസ്റ്റര്‍ ചെയ്ത അസ്വാഭാവിക മരണങ്ങള്‍ 485 ആണെന്ന് ജയന്തിനു മറുപടി ലഭിച്ചു. ഈ മരണങ്ങളുടെ എഫ്‌ഐആര്‍ നമ്പറും ഡെത്ത് സര്‍ട്ടിഫിക്കറ്റും ചോദിച്ചപ്പോഴാണ് രേഖകള്‍ നശിപ്പിച്ചെന്ന് മറുപടി കിട്ടിയത്.

1995 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ധര്‍മസ്ഥലയില്‍ നൂറോളം പേരുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നായിരുന്നു ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍. ഈ സാഹചര്യം നിലനില്‍ക്കെയാണ് ധര്‍മസ്ഥലയ്ക്ക് തൊട്ടടുത്തുള്ള ബെല്‍ത്തങ്കടി പൊലീസ് സ്റ്റേഷനില്‍ 15 വര്‍ഷത്തെ അസ്വാഭാവിക മരണത്തെക്കുറിച്ചുള്ള രേഖകള്‍ നീക്കം ചെയ്തത്. ഏറെ ദുരൂഹത ഉയര്‍ത്തുന്ന കാര്യമാണിത്.

അതിനിടെ, ശുചീകരണത്തൊഴിലാളിക്ക് പുറമേ വിവരാവകാശപ്രവര്‍ത്തകനായ ജയന്തും പുതിയ പരാതിയുമായി പ്രത്യേക അന്വേഷണസംഘത്തെ സമീപിച്ചിട്ടുണ്ട്. ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കുഴിച്ചിടുന്നതിന് താന്‍ സാക്ഷിയായിട്ടുണ്ടെന്നായിരുന്നു ഇദ്ദേഹത്തിന്റെ അവകാശവാദം. മൃതദേഹം കുഴിച്ചിടുമ്പോള്‍ ഒട്ടേറെ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നതായും ഇദ്ദേഹം പറയുന്നു. ജയന്തിന്റെ പരാതിയില്‍ എസ്ഐടി എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്ത് ഉടന്‍ അന്വേഷണം ആരംഭിക്കും. ജയന്ത് പറയുന്നിടത്ത് കുഴിച്ചുനോക്കി മൃതദേഹത്തിനായുള്ള തിരച്ചിലും നടത്തും.

''ആ കാഴ്ച എന്നെ വര്‍ഷങ്ങളായി വേട്ടയാടുകയാണ്. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനെത്തിയാല്‍ ഇത് വെളിപ്പെടുത്തുമെന്ന് രണ്ടുവര്‍ഷം മുന്‍പേ ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ ആ സമയം വന്നെത്തിയിരിക്കുകയാണ്. അതുകൊണ്ട് ഞാന്‍ പരാതി നല്‍കി. ഇക്കാര്യത്തില്‍ എന്റെ പിന്നില്‍ മറ്റാരുമില്ല. ആരുടെയും സ്വാധീനവുമില്ല'', ജയന്ത് ഇന്ത്യാടുഡേയോട് പറഞ്ഞു. ഈ ഡിജിറ്റല്‍ കാലത്ത് വിവരങ്ങളൊന്നും ഡിജിറ്റൈസ് ചെയ്യാതെ എങ്ങനെയാണ് നശിപ്പിക്കാനാവുക എന്ന ചോദ്യവും ജയന്ത് ഉയര്‍ത്തുന്നു.

വ്യക്തിപരമായി താനൊരു പരാതി നല്‍കിയിട്ടുണ്ട്. തന്റെ അനന്തിരവള്‍ പത്മലതയുടെ തിരോധാനവുമായി ബന്ധപ്പെട്ട്. കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ പരാതി നല്‍കാന്‍ തയ്യാറാണ് ഇതൊരു തുടക്കംമാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പത്തു വര്‍ഷംമുമ്പ് നിരവധി സ്ത്രീകളെ കൊന്ന് കുഴിച്ചിടാന്‍ സഹായിച്ചുവെന്ന ധര്‍മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും. കുഴിമാന്തിയുള്ള അന്വേഷണത്തില്‍ മനുഷ്യന്റെ അസ്ഥികള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ധര്‍മസ്ഥല കേസ് അന്വേഷിക്കുന്നത്. 1998നും 2014നും ഇടയില്‍ ധര്‍മസ്ഥലയില്‍വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരുന്നുവെന്ന് ശുചീകരണ തൊഴിലാളി ദക്ഷിണ കര്‍ണാടക പൊലീസിന് മൊഴി നല്‍കിയത് വാര്‍ത്തയായിരുന്നു.

Tags:    

Similar News