ആള് വിചാരിക്കുന്നത് പോലെയല്ല..ഭയങ്കര കുഴപ്പമാണ്; എപ്പോഴും എന്റെ പിറകെ ഒരു 'കണ്ണ്' കാണും; അതുപോലെ ഇഷ്ടപ്പെടാത്ത എന്ത് കണ്ടാലും മുഖത്ത് നോക്കി പറയും; ഭാര്യ സംഗീതയെ കുറിച്ച് വിജയ് അന്ന് പറഞ്ഞത്; വീണ്ടും കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
ചെന്നൈ: തെന്നിന്ത്യൻ സിനിമാലോകത്തെ ഏറ്റവും മാതൃകാ ദമ്പതികളായി കരുതപ്പെട്ടിരുന്ന തമിഴ് സൂപ്പർതാരം വിജയ്‌യും സംഗീതയും വിവാഹമോചനത്തിലേക്ക്. ചെങ്കൽപ്പെട്ട് കുടുംബ കോടതിയിൽ സംഗീത സമർപ്പിച്ച ഹർജിയിലെ വിവരങ്ങൾ പുറത്തുവന്നതോടെ തമിഴകം അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. ഒരു കാലത്ത് സിനിമാക്കഥകളെ പോലും വെല്ലുന്ന പ്രണയത്തിലൂടെ ഒന്നിച്ചവർ, ഇന്ന് തിരിച്ചുപിടിക്കാനാവാത്ത വിധം ബന്ധം തകർന്ന് കോടതിയുടെ പടിവാതിൽക്കൽ എത്തിനിൽക്കുന്നു.
2021 മുതൽ വിജയ്‌ക്ക് തമിഴിലെ ഒരു പ്രമുഖ നടിയുമായി വിവാഹേതര ബന്ധമുണ്ടെന്നാണ് സംഗീതയുടെ പ്രധാന ആരോപണം. ഈ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് പലതവണ ഉറപ്പ് നൽകിയിരുന്നെങ്കിലും അത് ലംഘിക്കപ്പെട്ടുവെന്നും, താൻ മാനസികമായി ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നും ഹർജിയിൽ പറയുന്നു. 27 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇത്തരമൊരു നിലപാടിലേക്ക് സംഗീത എത്തിയത് ആരാധകരെയും സിനിമാ പ്രവർത്തകരെയും ഒരേപോലെ വിഷമത്തിലാക്കിയിട്ടുണ്ട്. ഏപ്രിൽ 20-ന് വിജയ് കോടതിയിൽ നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം.
1996-ലാണ് വിജയ്‌യും സംഗീതയും ആദ്യമായി കണ്ടുമുട്ടുന്നത്. ലണ്ടനിൽ സ്ഥിരതാമസമാക്കിയ ശ്രീലങ്കൻ തമിഴ് വ്യവസായിയുടെ മകളായ സംഗീത, വിജയിന്റെ വലിയൊരു ആരാധികയായിരുന്നു. 'പൂവേ ഉനക്കാക' എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ വിജയിനെ കാണാൻ ചെന്നൈയിലെ ഫിലിം സിറ്റിയിൽ എത്തിയതായിരുന്നു സംഗീത. ആ കണ്ടുമുട്ടൽ വിജയിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. വിജയിന്റെ മാതാപിതാക്കൾക്കും സംഗീതയെ ഇഷ്ടമായതോടെ 1999-ൽ ഇരു വീട്ടുകാരുടെയും സമ്മതത്തോടെ അവർ വിവാഹിതരായി. മതം പ്രണയത്തിന് തടസ്സമാകാതെ ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം.
വിജയിന്റെ നിഴലായി സംഗീത
വിജയിന്റെ കരിയറിലെ ഓരോ വളർച്ചയിലും സംഗീതയുടെ സാന്നിധ്യമുണ്ടായിരുന്നു. താരത്തിന്റെ വസ്ത്രധാരണം മുതൽ സിനിമകളുടെ തിരഞ്ഞെടുപ്പിൽ വരെ സംഗീത അഭിപ്രായങ്ങൾ പറയാറുണ്ടായിരുന്നു. 2022-ൽ നൽകിയ ഒരു അഭിമുഖത്തിൽ "അവൾ എന്റെ ഏറ്റവും വലിയ വിമർശകയാണ്" എന്ന് വിജയ് തന്നെ പറഞ്ഞിട്ടുണ്ട്. വിജയ് ആരുടെ വാക്ക് കേട്ടില്ലെങ്കിലും സംഗീതയുടെ വാക്കുകൾ മാനിക്കാറുണ്ടെന്ന് താരത്തിന്റെ പിതാവ് എസ്.എ. ചന്ദ്രശേഖറും പണ്ട് വെളിപ്പെടുത്തിയിരുന്നു. ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നീ രണ്ട് മക്കളാണ് ഇവർക്കുള്ളത്.
വിവാഹമോചന വാർത്ത പുറത്തുവന്നതോടെ വിജയിന്റെ ആരാധകർ വലിയ നിരാശയിലാണ്. തന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ സുപ്രധാന ഘട്ടത്തിൽ നിൽക്കുന്ന വിജയ്‌ക്ക് ഈ വ്യക്തിജീവിതത്തിലെ പ്രതിസന്ധി വലിയൊരു വെല്ലുവിളിയാകും. തമിഴകത്തെ ചക്രവർത്തിയായി തിളങ്ങുമ്പോഴും തന്റെ കുടുംബം സംരക്ഷിക്കാൻ താരത്തിന് കഴിഞ്ഞില്ലേ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
