'ധര്‍മസ്ഥലയില്‍വെച്ച് മരിച്ചാല്‍ മോക്ഷം കിട്ടുമെന്ന് വിശ്വാസമുണ്ട്; മരണങ്ങള്‍ ഉണ്ടാകുമ്പോള്‍ പഞ്ചായത്തിനെ അറിയിക്കുകയും അവര്‍ സംസ്‌ക്കരിക്കയുമാണ് പതിവ്; ട്രസ്റ്റിനെ ലക്ഷ്യമിട്ട് കഴിഞ്ഞ 14 വര്‍ഷമായി സംഘടിത പ്രചാരണം; കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം': മൗനം വെടിഞ്ഞ് ഡോ വീരേന്ദ്ര ഹെഗ്ഡെ
മൗനം വെടിഞ്ഞ് ഡോ വീരേന്ദ്ര ഹെഗ്ഡെ
ധര്‍മസ്ഥല: ശ്രീ മഞ്ചുനാഥ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ കത്തിനില്‍ക്കവേ, വില്ലന്റെ പരിവേഷമായിരുന്നു ക്ഷേത്രത്തിലെ ധര്‍മ്മാധികാരി ഡോ വീരേന്ദ്ര ഹെഗ്ഡേക്ക് ഉണ്ടായിരുന്നത്. ധര്‍മ്മസ്ഥല കേസുകളിലെ പ്രതികളെ രക്ഷിക്കുന്നത്, വീരേന്ദ്ര ഹെഗ്ഡേയാണെന്നും അദ്ദേഹത്തിന്റെ സഹോദരനാണ് യഥാര്‍ത്ഥ വില്ലനെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്.
നൂറോളം പേരുടെ മൃതദേഹങ്ങള്‍ അടക്കിയെന്ന് അവകാശപെട്ട സാക്ഷി ചിന്നയ്യയെ, വ്യാജ മൊഴികൊടുത്തതിന് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അരക്കോടിയിലേറെ രൂപ ചെലവിട്ട് നേത്രാവതി നദിക്കരയില്‍ പൊലീസ് നടത്തിയ തിരിച്ചിലില്‍, കാര്യമായി ഒന്നും കിട്ടിയിരുന്നില്ല എന്നാണ് പറയുന്നത്. ഇതോടെ സംശയം തോന്നിയ എസ്ഐടി 17 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ചിന്നയ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2003-ല്‍ തന്റെ മകളെ ധര്‍മ്മസ്ഥലയില്‍ വെച്ച് കാണാതായി എന്ന് പറഞ്ഞ് രംഗത്തെിയ സുജാതാ ഭട്ട് മൊഴിമാറ്റിയിരുന്നു. അനന്യ ഭട്ടിന്റെ തിരോധാനം നുണക്കഥയാണെന്നും തനിക്ക് അങ്ങനെയൊരു മകളില്ലെന്നും ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്ന് സുജാത പറയുന്നു.
എസ്ഐടി അന്വേഷണം നടക്കുമ്പോഴും, ക്ഷേത്രത്തിനെതിരെ കേരള മാധ്യമങ്ങളിലടക്കം പ്രചാരണം കൊടുമ്പിരിക്കൊളുമ്പോഴും, ധര്‍മ്മസ്ഥല ട്രസ്റ്റ് തലവന്‍ കൂടിയായ ഡോ വീരേന്ദ്ര ഹെഗ്ഡേ നിശബ്ദനായിരന്നു. നിഷ്പക്ഷമായ അന്വേഷണം നടക്കണമെന്നും പ്രതികള്‍ ശിക്ഷിക്കപ്പെടണം എന്നുമാത്രമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇപ്പോള്‍ പുതിയ ട്വിസ്റ്റുകളുടെ പശ്ചാത്തലത്തില്‍, അദ്ദേഹം പ്രതികരിച്ചിരിക്കയാണ്.
'പ്രചാരണം വേദനിപ്പിച്ചു'
കന്നഡ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വീരേന്ദ്രഹെഗ്ഡേ ഇങ്ങനെ പറയുന്നു. -'ഈ വിഷയം അടിസ്ഥാനരഹിതവും വ്യാജവുമാണ്. ആരോപണങ്ങള്‍ എന്നെ ശരിക്കും വേദനിപ്പിച്ചു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെല്ലാം തെറ്റാണ്. ധര്‍മസ്ഥലയെയും ട്രസ്റ്റിനെയും ലക്ഷ്യമിട്ട് കഴിഞ്ഞ 14 വര്‍ഷമായി സംഘടിത പ്രചാരണം നടക്കുന്നുണ്ട്. എസ് ഐ ടി അന്വേഷണത്തെ ഞങ്ങള്‍ നേരത്തെ തന്നെ സ്വാഗതം ചെയ്തതാണ്. സത്യം പുറത്തുവരണം. എത്രയും വേഗം അന്വേഷണം അവസാനിക്കണമെന്നും പ്രശ്‌നം പരിഹരിക്കപ്പെടണമെന്നുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എസ് ഐ ടി ആരോപണങ്ങള്‍ സമഗ്രമായി അന്വേഷിക്കണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം'- വീരേന്ദ്ര ഹെഗ്ഡെ പറഞ്ഞു.
മുന്‍ ശുചീകരണ തൊഴിലാളിയുടെ ആരോപണങ്ങളെക്കുറിച്ചും വീരേന്ദ്ര ഹെഗ്ഡെ പ്രതികരിച്ചു. 'ധര്‍മസ്ഥലയില്‍ വെച്ച് മരിച്ചാല്‍ മോക്ഷം കിട്ടുമെന്ന് ജനങ്ങള്‍ക്കിടയില്‍ വിശ്വാസമുണ്ട്. അവിടെ മരണങ്ങള്‍ ഉണ്ടാകുമ്പോള്‍ ഞങ്ങള്‍ പഞ്ചായത്തിനെ വിവരം അറിയിക്കുകയും അവരെത്തി കൃത്യസമയത്ത് മൃതദേഹം സംസ്‌കരിക്കുകയും ചെയ്യുമായിരുന്നു. യുവാക്കളെ വിശ്വാസത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ ലക്ഷ്യം. കാര്യങ്ങള്‍ ചിത്രീകരിക്കപ്പെട്ട രീതി ഞങ്ങളെ ഞെട്ടിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയ വളരെ ശക്തമായ ഒരു മാധ്യമമാണ്. ഞങ്ങള്‍ ചെയ്ത നല്ല കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഞങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചില്ലെന്ന് പല അഭ്യുദയാകാംഷികളും പറഞ്ഞു. സമൂഹത്തിനുവേണ്ടി ഞങ്ങള്‍ ചെയ്യുന്ന പ്രവൃത്തികളെല്ലാം ഞങ്ങളുടെ കടമയാണെന്നാണ് വിശ്വസിക്കുന്നത്. അത് സമൂഹത്തോടുളള പ്രതിബദ്ധതയും സേവനവുമാണ്. എല്ലാ ഗ്രാമങ്ങളിലുമെത്തി, സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ 55 ലക്ഷം കുടുംബങ്ങളെ ഞങ്ങള്‍ സഹായിച്ചു'-വീരേന്ദ്ര ഹെഗ്ഡെ പറഞ്ഞു.
2012-ല്‍ ധര്‍മസ്ഥലയില്‍ കൊല്ലപ്പെട്ട സൗജന്യ എന്ന പതിനേഴുകാരിയുടെ കേസിനെക്കുറിച്ചും വീരേന്ദ്ര ഹെഗ്ഡെ പ്രതികരിച്ചു. 'അങ്ങനൊരു സംഭവം ഉണ്ടായതായി അറിഞ്ഞ അന്നുതന്നെ ഞങ്ങള്‍ സര്‍ക്കാരിനെ വിഷയം അറിയിച്ചിരുന്നു. ഞങ്ങളുടെ കുടുംബാംഗങ്ങളെക്കുറിച്ചുളള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി അവര്‍ ആ സമയത്ത് വിദേശത്തായിരുന്നു. അതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയതുമാണ്. ഇതെല്ലാം ദുഷ്പ്രചാരണങ്ങളാണ്. സി ബി ഐ വരെ അന്വേഷിച്ച കാര്യങ്ങളാണ് ഇതൊക്കെ. ഞങ്ങള്‍ അന്വേഷണവുമായി സഹകരിച്ചിട്ടുമുണ്ട്. എല്ലാ അന്വേഷണങ്ങളെയും സ്വാഗതം ചെയ്തിട്ടുമുണ്ട്'- വീരേന്ദ്ര ഹെഗ്ഡെ പറഞ്ഞു.
സ്വത്ത് ദുരുപയോഗം സംബന്ധിച്ച ആരോപണങ്ങളും വീരേന്ദ്ര ഹെഗ്ഡെ നിഷേധിച്ചു. 'കുടുംബത്തിന്റെ പേരില്‍ വളരെ കുറച്ച് സ്വത്ത് മാത്രമാണുളളത്. എല്ലാ സ്വത്തുക്കളും ട്രസ്റ്റിന്റെ പേരിലാണ്. അതിനെല്ലാം രേഖകളുമുണ്ട്. കുടുംബാംഗങ്ങള്‍ സുതാര്യതയോടെ തന്നെ ട്രസ്റ്റിന്റെ കാര്യങ്ങള്‍ നോക്കിനടത്തുന്നുണ്ട്. ഞങ്ങള്‍ നാല് സഹോദരന്മാരാണ്. ഒരാള്‍ ബെംഗളൂരുവിലെ വിദ്യാഭ്യാസ കാര്യങ്ങള്‍ നോക്കുന്നു. മറ്റൊരാള്‍ ക്ഷേത്രവും ക്ഷേത്രവുമായി ബന്ധപ്പെട്ട സാമൂഹിക പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്യുന്നു. ഒരു സഹോദരിയുണ്ട്. അവരുടെ ഭര്‍ത്താവാണ് എസ്ഡിഎം സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്രസ്റ്റിന്റെ പേരിലാണ്'- വീരേന്ദ്ര ഹെഗ്ഡെ പറയുന്നു.
'ഗൂഢാലോചന' ആദ്യമുന്നയിച്ചത് ഡി കെ
അതിനിടെ ധര്‍മ്മസ്ഥല കൂട്ടക്കുഴിമാടക്കേസുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പ്രസ്താവിച്ചു. അജ്ഞാത പരാതിക്കാരനായി പ്രത്യക്ഷപ്പെട്ടിരുന്ന ചിന്നയ്യയെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാതിയുമായി ബന്ധപ്പെട്ട് 'ഗൂഢാലോചന' എന്ന പോയിന്റ് ആദ്യമായി ഉന്നയിച്ചത് താനാണെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു.
'ഞങ്ങള്‍ അവരുടെ പക്ഷത്തോ ഈ പക്ഷത്തോ അല്ല. ഞങ്ങള്‍ നീതിയുടെ പക്ഷത്താണ്. മതപരമായ കാര്യങ്ങളില്‍ രാഷ്ട്രീയം കളിക്കരുത് എന്ന് മാത്രമാണ് ഞങ്ങള്‍ പറയുന്നത്.ധര്‍മ്മസ്ഥല ക്ഷേത്ര മാനേജ്‌മെന്റിന്റെ കുടുംബാംഗങ്ങള്‍ തന്നെ മുഖ്യമന്ത്രിയുമായി സംസാരിക്കുകയും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കുന്നത് നല്ല നടപടിയാണെന്ന് പറയുകയും ചെയ്തു. ന്വേഷണം പുരോഗമിക്കുകയാണ്. കുറ്റക്കാര്‍ ആരായാലും,സര്‍ക്കാര്‍ അവര്‍ക്കെതിരെ നടപടിയെടുക്കും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇത് നിയമസഭയിലും സിഎല്‍പി യോഗത്തിലും പറഞ്ഞിട്ടുണ്ട്''- ഡി കെ പറഞ്ഞു.
അനന്യ ഭട്ട് തന്റെ മകളല്ലെന്ന സുജാത ഭട്ടിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍, 'ആഭ്യന്തരമന്ത്രി അത് പരിശോധിക്കും' എന്ന് അദ്ദേഹം പറഞ്ഞു. പരാതിക്കാരന്റെ അറസ്റ്റ് ആഭ്യന്തരമന്ത്രി ജി. പരമേശ്വര സ്ഥിരീകരിച്ചു. 'അയാളുടെ പിന്നില്‍ ആരെങ്കിലും ഉണ്ടോ ഇല്ലയോ എന്ന് അന്വേഷണത്തിന് ശേഷം മാത്രമേ ഞങ്ങള്‍ക്ക് അറിയാന്‍ കഴിയൂ. എസ്‌ഐടി അന്വേഷണം തുടരുകയാണ്, അവര്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കും.' മകളെ കാണാതായെന്ന് ആദ്യം അവകാശപ്പെടുകയും പിന്നീട് പ്രസ്താവന പിന്‍വലിക്കുകയും ചെയ്ത സുജാത ഭട്ടിനെയും എസ്‌ഐടി ചോദ്യം ചെയ്യുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.
'പരാതി നല്‍കുന്നവര്‍ക്കും ഉത്തരവാദിത്തമുണ്ട്. അന്വേഷണത്തില്‍ സുതാര്യത ഉണ്ടായിരിക്കണമെന്ന് ഞങ്ങള്‍ അടിവരയിട്ടു. കുറ്റവാളികള്‍ ആരായാലും സര്‍ക്കാര്‍ അവരെ ശിക്ഷിക്കും. കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ രാഷ്ട്രീയപരമാണ്, അവ ശരിയല്ല.'മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിയമ ഉപദേഷ്ടാവും കോണ്‍ഗ്രസ് എംഎല്‍എയുമായ എ എസ് പൊന്നണ്ണയും കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലെ പ്രതിപക്ഷമായ ബിജെപിയും ധര്‍മ്മസ്ഥലക്ക് ഒപ്പമാണ്.