ദിലീപ് കുറ്റവിമുക്തന്‍; പള്‍സര്‍ സുനി കുറ്റക്കാരനും; നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചന തെളിഞ്ഞില്ല; എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നും നിര്‍ണ്ണായക വിധി; ദിലീപ് ഇനി സര്‍വ്വസ്വതന്ത്രന്‍; നിരാശയില്‍ പ്രോസിക്യൂഷന്‍; അപ്പീല്‍ സാധ്യതകള്‍ പരിശോധിക്കാന്‍ അതിജീവിത; കോടതിയ്ക്കുള്ളില്‍ ജയിച്ചത് രാമന്‍പിള്ളയുടെ വാദങ്ങള്‍

Update: 2025-12-08 05:35 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ആശ്വാസം. ഗൂഡാലോചന കേസ് നിലനില്‍ക്കില്ലെന്ന് കോടതി. ഇതോടെ എട്ടാം പ്രതിയായ ദിലീപിന് കേസില്‍ നിന്നും കുറ്റ വിമുക്തി വരികയാണ്. എന്നാല്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കം കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മലയാള സിനിമാരംഗത്ത് കോളിളക്കം സൃഷ്ടിച്ച കേസില്‍ വിധി പറഞ്ഞത്. വന്‍ ജനക്കൂട്ടമാണ് വിധി കേള്‍ക്കാന്‍ എത്തിയത്. ദിലീപിനെ കുറ്റവിമുക്തനാക്കുന്നതോടെ മലയാള സിനിമാ ലോകത്തെ അമ്പരപ്പും മാറുകയാണ്. വിധിക്കെതിരെ അതിജീവിത അപ്പീല്‍ നല്‍കാന്‍ സാധ്യതയുണ്ട്. പ്രോസിക്യൂഷനെ തീര്‍ത്തും നിരാശയിലാക്കുന്നതാണ് വിധി. ആദ്യ ആറു പ്രതികളും കുറ്റക്കാരാണ്.

പെരുമ്പാവൂര്‍ സ്വദേശി പള്‍സര്‍ സുനി ഒന്നാംപ്രതിയും നടനും നിര്‍മാതാവുമായ ദിലീപ് എട്ടാം പ്രതിയുമാണ്. കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ദിലീപിനെതിരേ ചുമത്തിയത്. കൊരട്ടി സ്വദേശി മാര്‍ട്ടിന്‍ ആന്റണി, തമ്മനം സ്വദേശി മണികണ്ഠന്‍, വിജീഷ് വി.പി, ആലപ്പുഴ സ്വദേശി വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ്, ഇരട്ടി സ്വദേശി ചാര്‍ളി തോമസ്, സനല്‍കുമാര്‍, ദിലീപിന്റെ സുഹൃത്തും ആലുവയിലെ വ്യവസായിയുമായ ജി.ശരത് എന്നിവരാണ്പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവര്‍. ഒന്നുമുതല്‍ അറുവരെയുള്ള പ്രതികളാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത്. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചെന്ന കുറ്റമാണ് ഏഴാം പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, പ്രതികളെ ഒളിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, ബലപ്രയോഗത്തിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ എന്നീകുറ്റകൃത്യങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്.

ഐ.പി.സി 376 (ഡി) പ്രകാരം കൂട്ടബലാത്സംഗത്തിന് 20 വര്‍ഷം കഠിന തടവുമുതല്‍ ജീവപര്യന്തം തടവും പിഴയും ലഭിക്കാവുന്നതാണ്. പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങളൊക്കെ രണ്ടുവര്‍ഷം മുതല്‍ തടവുശിക്ഷ ലഭിക്കുന്നതായിരുന്നു. 2017 ഫെബ്രുവരി 17 നാണ് കേരളത്തെ നടുക്കിയ ആക്രമണം യുവനടിക്കുനേരെ നടക്കുന്നത്. തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ അത്താണിക്കു സമീപം കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌തെന്നാണ് കേസ്. ആദ്യ പ്രതിപ്പട്ടികയില്‍ ദിലീപ് ഉണ്ടായിരുന്നില്ല.

എന്നാല്‍ കേസിലെ ഗൂഢാലോചന സംബന്ധിച്ച് പൊലിസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ദിലീപിനെ എട്ടാം പ്രതിയാക്കിയത്. സംഭവം നടന്ന് എട്ട് വര്‍ഷത്തിനുശേഷമാണ് കേസില്‍ വിധി വന്നത്. 28 സാക്ഷികള്‍ കൂറുമാറുകയും ചെയ്തിരുന്നു. അഡ്വ രാമന്‍പിള്ളയായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍. രാമന്‍പിള്ളയുടെ വാദമാണ് ദിലീപിന് രക്ഷയാകുന്നത്.

Tags:    

Similar News