പള്‍സര്‍ സുനിയെ 'അറിയില്ല' എന്ന് ദിലീപ് വാദിച്ച ആ നുണ പൊളിക്കാന്‍ ഒരു ഫോട്ടോ മാത്രം മതി; നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ 'ആ രഹസ്യ മെമ്മറി കാര്‍ഡ്' ദിലീപിന്റെ കൈവശം എത്തിയെന്നതിനും തെളിവുണ്ട്; ആ 'നാല് പേജ് നോട്ടില്‍' മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ അക്കമിട്ട് നിരത്തി; അപ്പീലില്‍ പ്രതീക്ഷയുമായി പ്രോസിക്യൂഷന്‍; വിധി വന്നാലുടന്‍ ഹൈക്കോടതിയിലേക്ക്

Update: 2025-12-10 00:39 GMT

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരേയുള്ളത് 'പേരിനൊരു കേസ്' അല്ല. ഇത് അപ്പീലില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന്‍. ശബ്ദിക്കുന്നതും സംസാരിക്കുന്നതുമായ തെളിവുകളുടെ ഒരു വലിയ ശേഖരം പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ എത്തിക്കും. ഗൂഢാലോചനക്കുറ്റത്തിലെ തെളിവ് വിലയിരുത്തുന്നതില്‍ വിചാരണക്കോടതിക്ക് വന്‍ പിഴവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാകും പ്രോസിക്യൂഷന്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുക. ഉത്തരവ് പുറത്തുവന്ന ഉടന്‍ തന്നെ നീക്കമുണ്ടാകുമെന്നാണ് അറിയുന്നത്.

ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ 'അറിയില്ല' എന്ന് ദിലീപ് വാദിച്ച ആ നുണ, ഒരു ഫോട്ടോ മാത്രം മതി പൊളിച്ചടുക്കാന്‍ എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. ഈ നിര്‍ണായക ഫോട്ടോ അടക്കം 19-ഓളം അതിശക്തമായ തെളിവുകളാണ് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ സമര്‍പ്പിച്ചത്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ 'ആ രഹസ്യ മെമ്മറി കാര്‍ഡ്' ദിലീപിന്റെ കൈവശം എത്തിയിട്ടുണ്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന്റെ കൈയിലുള്ള തുറുപ്പുചീട്ടും നിര്‍ണ്ണായക തെളിവാണ്. ദിലീപിന്റെ സഹോദരന്റെ മൊബൈലില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ച ആ 'നാല് പേജ് നോട്ടില്‍' മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ അക്കമിട്ട് നിരത്തിയിരിക്കുന്നു. ദൃശ്യങ്ങള്‍ നടന്‍ കണ്ടതിന് വ്യക്തമായ തെളിവാണ് ഈ നോട്ട് എന്നും പ്രോസിക്യൂഷന്‍ ഉറപ്പിച്ചു പറയുന്നു.

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം: ഫോണിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപ് നടത്തിയ 'ഡിജിറ്റല്‍ നീക്കങ്ങളെ'ക്കുറിച്ചും പ്രോസിക്യൂഷന് വ്യക്തമായ സാക്ഷിമൊഴികളും രേഖകളുമുണ്ട്. കൂടാതെ, സാക്ഷികളെയും ജുഡീഷ്യല്‍ ഓഫീസര്‍മാരെയും സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ 'ചൂടുള്ള തെളിവുകളും' കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും വിചാരണ കോടതി കാര്യമായെടുത്തില്ല.

കേസില്‍ ഒന്നുമുതല്‍ ആറുവരെ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള മറ്റു പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു. 'അപൂര്‍വങ്ങളില്‍ അപൂര്‍വം' ആയതെന്ന നിലയില്‍ കോടതി പ്രത്യേക ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അഭിപ്രായമുയര്‍ന്ന കേസ്, മൊഴിമാറ്റമുള്‍പ്പെടെ ഏറെ നാടകീയതകള്‍ക്കും സാക്ഷ്യം വഹിച്ചു. 2017 ഫെബ്രുവരി 17ന്, കൊച്ചിക്ക് സമീപം പ്രമുഖ നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി ലൈംഗിക അതിക്രമം നടത്തുകയും അത് വിഡിയോയില്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് കേസ്. കേസില്‍ നടന്‍ ദിലീപ് ക്രിമിനല്‍ ഗൂഢാലോചനക്ക് അറസ്റ്റിലായി, 85 ദിവസം ജയിലില്‍ കഴിയുകയുമുണ്ടായി. എന്നാല്‍ പിന്നീട്, കുറ്റാരോപിതനായ നടന്‍ വീണ്ടും സജീവമാകുകയും, അതിജീവത കോടതികളിലും മൊഴിപീഠങ്ങളിലും, നിയമത്തിന്റെ പേരിലുള്ള തുടര്‍ച്ചയായ മാനസിക പീഡനത്തിന്റെയും നാണക്കേടിന്റെയും ഭാരമേറ്റുനില്‍ക്കേണ്ടിവന്നതും സമൂഹത്തില്‍ നിന്നും അകറ്റപ്പെടുകയും ചെയ്തതിനും കേരളം സാക്ഷിയായി.

ഈ കേസ് സാധാരണമായൊരു ലൈംഗികാതിക്രമ കുറ്റകൃത്യമായി മാത്രം പരിഗണിക്കാവുന്ന ഒന്നല്ല. തനിക്കു നടിയോടുള്ള വൈരാഗ്യം മൂലം അവരെ ശിക്ഷിക്കാനും അപമാനിക്കാനുമായി, ഒന്നാം പ്രതി പള്‍സര്‍ സുനിക്കും സംഘത്തിനും, കുറ്റാരോപിതനായ നടന്‍ തന്റെ കൈകൊണ്ട് 'ക്വട്ടേഷന്‍' നല്‍കി ആക്രമണം സംഘടിപ്പിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇതിനായി ഏകദേശം ഒന്നര കോടി രൂപയുടെ കരാര്‍ നല്‍കിയെന്നും അഞ്ച് സ്ഥലങ്ങളില്‍വെച്ച് കുറ്റകൃത്യം നടപ്പാക്കാനായി ഗൂഢാലോചന നടത്തിയെന്നും പൊലീസ് പറഞ്ഞിരുന്നു.

ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അഞ്ച് സ്ഥലങ്ങളില്‍ കണ്ടുമുട്ടിയതായാണ് പൊലീസ് പറയുന്നത്. അവിടെതന്നെയാണ് തട്ടിക്കൊണ്ടുപോകലും ആക്രമണവും, അതിന്റെ വിഡിയോ പകര്‍ത്തലും തുടങ്ങി നിര്‍ണായക തീരുമാനങ്ങള്‍ രൂപപ്പെട്ടതെന്നാണ് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നത്. ഈ യോഗങ്ങളുടെ ദിവസങ്ങളില്‍ ഇരുവരുടെയും ഫോണ്‍ ടവര്‍ ലൊക്കേഷനുകള്‍ ഒത്തുവന്നുവെന്ന ഫോണ്‍ റെക്കോഡുകള്‍, ദിലീപിന്റെ പേരില്‍ എടുത്ത ഹോട്ടല്‍ മുറികളുടെ രേഖകള്‍, മുഖ്യപ്രതി എഴുതിയ ഭീഷണിക്കത്തും, ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷക്കും ഡ്രൈവര്‍ അപ്പുണ്ണിക്കും വന്ന പണമാവശ്യപ്പെട്ട സന്ദേശങ്ങളുമെല്ലാം ചേരുമ്പോള്‍ 'ക്വട്ടേഷന്‍' എന്ന ഗൂഢാലോചന കണ്ടെത്തലിന് അടിത്തറയായി പ്രോസിക്യൂഷന്‍ കണക്കുകൂട്ടി. പക്ഷേ, വിധിയിലത് പരിഗണിക്കപ്പെട്ടില്ല. ഇതെല്ലാം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമ്പോള്‍ ഗൗരവത്തില്‍ പരിഗണിക്കുമെന്നാണ് സൂചന.

Tags:    

Similar News