പരിശ്രമിച്ചതും ആറ്റുനോറ്റിരുന്നതും ഡോക്ടറാകാന്‍ വേണ്ടി; നീറ്റില്‍ മികച്ച റാങ്ക് കിട്ടാതെ വന്നപ്പോള്‍ നിരാശ; എന്‍ജിനീയറിങ്ങിലേക്ക് കളംമാറ്റി ചവിട്ടിയപ്പോള്‍ ഭാഗ്യദേവതയെത്തി; റോള്‍സ് റോയ്‌സില്‍ നിന്ന് 72.3 ലക്ഷം ശമ്പളത്തില്‍ ജോലി വാഗ്ദാനം; ഋതുപര്‍ണയുടെ വിജയകഥ ഇങ്ങനെ

ഋതുപര്‍ണയുടെ വിജയകഥ ഇങ്ങനെ

Update: 2025-07-23 11:43 GMT

ബംഗളുരു: ഉന്നത വിദ്യാഭ്യാസ രംഗം ഇന്നത്തെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തുറക്കുന്നത് അവസരങ്ങളുടെ മായാപ്രപഞ്ചം തന്നയാണ്. പരമ്പരാവഗത വഴിയില്‍ നിന്നും മാറി നടക്കാന്‍ തയ്യാറാകുന്ന വിദ്യാര്‍ഥികളെ പോലും കാത്തിരിക്കുന്നത് വലിയ അവസരങ്ങളാണ്. അത്തരമൊരു വിജയ കഥയാണ് ബംഗളുരു സ്വദേശിനി ഋതുപര്‍ണയുടേത്. ഡോക്ടറാകാന്‍ മോഹിച്ച യുവതി എഞ്ചിനീയറായതോടെ കാത്തിരിക്കുന്നത് അവള്‍ സ്വപ്‌നത്തില്‍ പോലും നിരുവിക്കാത്ത ശമ്പളമാണ്. റോള്‍സ് റോയ്‌സ് എന്ന ആഗോള ബ്രാന്‍ഡില്‍ 72.3 ലക്ഷം രൂപ ശമ്പളവാഗ്ദാനമാണ് ഋതുപര്‍ണക്ക് ലഭിച്ചിരിക്കുന്നത്. ഈ വിജയകഥ സോഷ്യല്‍ മീഡിയയിലും വൈറലാണ്.

പരമ്പരാഗത ചിന്തകളായിരുന്നു പഠനത്തില്‍ ഋതുപര്‍ണയ്ക്ക്. ഡോക്ടറാവുക എന്നതായിരുന്നു അവളുടെ അഭിളാഷം. അതും സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പഠിച്ച്. ഇതിനായി ആഗ്രഹിച്ചു പഠിച്ചെങ്കിലും നീറ്റ് എന്ന കടമ്പയില്‍ പിന്നോക്കമായി. നീറ്റ് പരീക്ഷയില്‍ മികച്ച റാങ്ക് നേടാന്‍ കഴിയാതായതോടെ നിരാശയോടെയാണെങ്കിലും ഋതുപര്‍ണ ആ സ്വപ്നം എന്നേക്കുമായി ഉപേക്ഷിച്ചു. പിന്നീട് ഡോക്ടര്‍ എന്നതിന് അപ്പുറത്തേക്ക് എന്തെന്ന ചിന്തയായി അവര്‍ക്ക്. യുപിഎസി വഴിയില്‍ കൂറേ പഠിച്ചു.

പിതാവിന്റെ ഉപദേശം അവളുടെ ജീവിതം മാറ്റിമറിക്കുന്നതായിരുന്നു. എംബിബിഎസ് എന്ന സ്വപ്നം കൈയെത്തും ദൂരത്ത് നഷ്ടമായ ഋതുപര്‍ണയോട് എഞ്ചിനീയറിങ്ങിന് പോകാനാണ് പിതാവ് പറഞ്ഞത്. ഇതോടെ എന്‍ജിനീയറിങ്ങിലേക്ക് കളംമാറ്റി ചവിട്ടുകയും ചെയ്തു. ജീവിതത്തില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളില്‍ ഒന്നായിരുന്നു അതെന്ന് ഇപ്പോള്‍ ഋതുപര്‍ണ പറയുന്നു. മംഗളൂരുവിലെ സഹ്യാദ്രി കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്‌മെന്റിലായിരുന്നു പഠനം. റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍ എന്‍ജിനീയറിങ് ആയിരുന്നു സബ്ജക്ട്. ആറാം സെമസ്റ്ററില്‍ റോള്‍സ് റോയ്‌സില്‍ എട്ടുമാസത്തെ ഇന്റേണ്‍ഷിപ്പ് ചെയ്യാനായി പോയി. അതാണ് കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവ്.

ഇന്റേണ്‍ഷിപ്പ് കഴിഞ്ഞതിന് പിന്നാലെ റോള്‍സ് റോയ്‌സില്‍ നിന്ന് 2024 ഡിസംബറില്‍ പ്രീ-പ്ലേസ്‌മെന്റ് ഓഫര്‍ ലഭിച്ചു. ഇന്റേണ്‍ഷിപ്പ് സമയത്തെ അസൈന്‍മെന്റുകളിലെ മികച്ച പ്രകടനമാണ് കമ്പനിയില്‍ ജോലിക്കെടുക്കാന്‍ കാരണം. അന്ന് 39.6 ലക്ഷം രൂപയായിരുന്നു വാര്‍ഷിക ശമ്പളമായി ഓഫര്‍ ചെയ്തത്. 2025 ഏപ്രിലില്‍ ശമ്പളം 72.3 ലക്ഷം രൂപയായി കമ്പനി ഉയര്‍ത്തി.

പുതിയ കാര്യങ്ങള്‍ പഠിക്കുന്നതും ആശയങ്ങള്‍ വികസിപ്പിക്കുന്നതും പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നല്‍കുന്നതും തനിക്ക് വലിയ ഇഷ്ടമാണെന്ന് ഋതുപര്‍ണ കെ.എസ് തന്റെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലില്‍ എഴുതിയിട്ടുണ്ട്. അതോടൊപ്പം ആളുകളുമായുള്ള തന്റെ ആശയവിനിമയവും വളരെ നല്ലതാണെന്നും ഋതുപര്‍ണ കുറിച്ചിട്ടുണ്ട്. പഠനകാലത്ത് കവുങ്ങ് കര്‍ഷകരെ സഹായിക്കുന്നതിന് റോബോട്ട് നിര്‍മിക്കുന്ന പ്രോജക്ടില്‍ സഹകരിച്ചിരുന്നു. ഗോവയില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ അവര്‍ മെഡലുകളും നേടി.

കഠിനമായിരുന്നു ഋതുപര്‍ണയുടെ ഇന്റേണ്‍ഷിപ്പ് കാലത്തെ ജീവിതം. ഒരുവശത്ത് പഠനവും മറുവശത്ത് ഇന്റേണ്‍ഷിപ്പും ഒരു കുറവുമില്ലാതെ സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകാന്‍ ഋതുപര്‍ണയ്ക്ക് സാധിച്ചു. രാത്രി വൈകിയുള്ള ഷിഫ്റ്റുകളിലാണ് റോള്‍സ് റോയ്സിനുവേണ്ടി ഋതുപര്‍ണ ജോലി ചെയ്തത്. ഏഴാം സെമസ്റ്റര്‍ പൂര്‍ത്തിയാക്കിയശേഷം യുഎസ്സിലെ ടെക്സാസിലുള്ള റോള്‍സ് റോയ്സിന്റെ ജെറ്റ് ഡിവിഷനിലേക്ക് പോകാനൊരുങ്ങുകയാണ് ഋതുപര്‍ണ ഇപ്പോള്‍.

റോള്‍സ് റോയ്‌സിലെ ജെറ്റ് ഡിവിഷനിലെ ഏറ്റവും പ്രായം കുറഞ്ഞ ജീവനക്കാരിയും ഋതുപര്‍ണയാകും. എന്തൊക്കെ തിരിച്ചടികളുണ്ടായാലും പകരമായി മറ്റെന്തെങ്കിലും ജീവിതം നമുക്ക് കാത്ത് വെച്ചിട്ടുണ്ടാകും എന്നാണ് ഋതുപര്‍ണയുടെ ജീവിതം നല്‍കുന്ന പാഠം. മംഗളൂരിലെ സെന്റ് ആഗ്‌നസ് സ്‌കൂളിലാണ് ഋതുപര്‍ണ പഠിച്ചത്.

Tags:    

Similar News