കണക്കുകളില്‍ സി പി രാധാകൃഷ്ണന്റെ വിജയം ഉറപ്പ്; ഇന്ത്യാ മുന്നണിയില്‍ വിള്ളലുണ്ടാക്കാന്‍ ലക്ഷ്യമിട്ട് എന്‍ഡിഎ നീക്കങ്ങള്‍; പിന്തുണ തേടി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ വിളിച്ച് മന്ത്രി രാജ്നാഥ് സിങ്; തമിഴനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയതില്‍ സന്തോഷം, എന്നാല്‍ പിന്തുണയില്ലെന്ന് ഡിഎംകെ; ഡിഎംകെയില്‍ നിന്ന് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി കളത്തിലിറക്കാന്‍ ഇന്ത്യാ മുന്നണിയും

കണക്കുകളില്‍ സി പി രാധാകൃഷ്ണന്റെ വിജയം ഉറപ്പ്

Update: 2025-08-18 10:01 GMT

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സിപി രാധാകൃഷ്ണന് പിന്തുണ തേടി കേന്ദ്രം. ഇന്ത്യ സഖ്യത്തിന്റെ പിന്തുണ തേടി നേതാക്കളെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഫോണ്‍ ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അടക്കംരാജ്‌നാഥ് സിംഗ് ഫോണില്‍ വിളിച്ചിട്ടുണ്ട്. സി പി രാധാകൃഷ്ണനെ പിന്തുണയ്ക്കില്ല എന്നാണ് ഡിഎംകെയുടെ നിലപാട്. ഇന്ന് ചേര്‍ന്ന ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രത്യേക യോഗം ചേര്‍ന്നേക്കുമെന്നാണ് വിവരം.

എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി സിപി രാധാകൃഷ്ണനെ തിരഞ്ഞെടുത്തതോടെ പ്രതിപക്ഷത്തിന്റെ പിന്തുണ കൂടി തേടുകയാണ് ബിജെപി. പ്രതിപക്ഷ നേതാക്കളുമായി ഇക്കാര്യം സംസാരിക്കാന്‍ പ്രതിരോധ മന്ത്രി രാജനാഥ് സിംഗിനെ ചുമതലപ്പെടുത്തുകയായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനുമായി ഡിഎംകെ പിന്തുണ തേടി പ്രതിരോധ മന്ത്രി രാജ്നാസിംഗ് ഫോണില്‍ സംസാരിച്ചു.

പാര്‍ട്ടി ഏതായാലും തമിഴ്നാട് എംപിമാര്‍ സി.പി. രാധാകൃഷ്ണനെ പിന്തുണയ്ക്കണമെന്ന് മുന്‍ തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടു. തിരുവണ്ണാമലയിലെ അണ്ണാമലയാര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരെ കാണുകയായിരുന്നു എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ഇപിഎസ്. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ രാധാകൃഷ്ണന്‍ വിജയം ഉറപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.

''മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചു.രാധാകൃഷ്ണന്‍ തമിഴ്നാട്ടില്‍ നിന്നുള്ളയാളായതിനാല്‍, ഇത് സംസ്ഥാനത്തിന് നല്ലൊരു അവസരമാണ്, പാര്‍ട്ടി പരിഗണിക്കാതെ തമിഴ്നാട്ടിലെ എല്ലാ പാര്‍ട്ടി എംപിമാരും സി.പി. രാധാകൃഷ്ണനെ പിന്തുണച്ച് അദ്ദേഹത്തെ വിജയിപ്പിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.''ഇ പി എസ് പറഞ്ഞു.

അതേസമയം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയും തമിഴ്‌നാട് സ്വദേശിയുമായ സി.പി. രാധാകൃഷ്ണനെ പിന്തുണക്കില്ലെന്ന് ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) വ്യക്തമാക്കി. സി.പി. രാധാകൃഷ്ണന്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ഥിയാണ്. അതിനാല്‍ ഡി.എം.കെക്ക് പിന്തുണക്കാന്‍ സാധിക്കില്ലെന്ന് ഡി.എം.കെ ടി.കെ.എസ്. ഇളങ്കോവന്‍ വ്യക്തമാക്കി. ഒരു തമിഴനെ എന്‍.ഡി.എ സ്ഥാനാര്‍ഥിയാക്കിയതില്‍ സന്തോഷമുണ്ട്. എന്നാല്‍, ഇന്‍ഡ്യ സഖ്യം സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ പിന്തുണക്കും. ഡി.എം.കെ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമാണ്. സഖ്യത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്‌നാടിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. സംസ്ഥാനത്തിന് ധനസഹായം നല്‍കുന്നില്ല. ഭാഷാ, വിദ്യാഭ്യാസം അടക്കമുള്ള വിഷയങ്ങളില്‍ തമിഴ്‌നാടിന്റെ നയം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. തമിഴനായ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ പിന്തുണക്കുന്നില്ലെന്ന് ബി.ജെ.പി പ്രചാരണം നടത്തിയാല്‍ കേന്ദ്രത്തിനെതിരെ നിരവധി കാര്യങ്ങള്‍ പറയാന്‍ സംസ്ഥാനത്തിന് സാധിക്കുമെന്നും ടി.കെ.എസ്. ഇളങ്കോവന്‍ ചൂണ്ടിക്കാട്ടി.

ഞായറാഴ്ചയാണ് മഹാരാഷ്ട്ര ഗവര്‍ണറും ബി.ജെ.പി തമിഴ്‌നാട് മുന്‍ അധ്യക്ഷനുമായ സി.പി. രാധാകൃഷ്ണന്‍ എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് രാധാകൃഷ്ണനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. രാധാകൃഷ്ണന്‍ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയായിരുന്നു.

ജഗ്ദീപ് ധന്‍കറിന്റെ പിന്‍ഗാമിയാക്കാന്‍ ബി.ജെ.പി. തിരഞ്ഞെടുത്തത് ഭരണപരിചയവും രാഷ്ട്രീയ പാരമ്പര്യവും സമംചേര്‍ന്ന നേതാവിനെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്. തിനാറാം വയസില്‍ ആര്‍.എസ്.എസിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച സി.പി.രാധാകൃഷ്ണന്‍ തമിഴ്‌നാട്ടില്‍ പാര്‍ട്ടിക്ക് മേല്‍വിലാസമുണ്ടാക്കിയ പ്രധാനിയാണ്. 2004 മുതല്‍ 2007 വരെ ബി.ജെ.പി, സംസ്ഥാന അധ്യക്ഷനായിരുന്നു. 1998 ലും 1999 ലും കോയമ്പത്തൂരില്‍ നിന്ന് ലോക്‌സഭയിലെത്തി. ബി.ജെ.പിയുടെ പ്രഭാരിയായി കേരളത്തേയും അടുത്തറിഞ്ഞിട്ടുണ്ട് സി.പി.രാധാകൃഷ്ണന്‍.

കയര്‍ ബോര്‍ഡ് അധ്യക്ഷസ്ഥാനവും വഹിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ 31 നാണ് മഹാരാഷ്ട്ര ഗവര്‍ണറായി ചുമതലയേറ്റത്. അതിന് മുന്‍പ് ജാര്‍ഖണ്ഡ് ഗവര്‍ണറായും സേവനമനുഷ്ഠിച്ചു. കണക്കുകള്‍ വച്ച് സി.പി.രാധാകൃഷ്ണന് ജയം അനായാസമാണ്. ഇലക്ടറല്‍ കോളജിലെ 786 അംഗങ്ങളില്‍ 394 പേരുടെ പിന്തുണയാണ് ആവശ്യം. ലോക്‌സഭയിലെയും രാജ്യസഭയിലെയും നിലവിലെ അംഗബലം അനുസരിച്ച് 422 പേരുടെ പിന്തുണ എന്‍.ഡി.എയ്ക്കുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്നുള്ളതടക്കം ഏതാനും പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടി പിന്തുണ ഉറപ്പിക്കാനാകും എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി,. കഴിഞ്ഞ തവണ ജഗ്ദീപ് ധന്‍കറിന് 528 വോട്ടുകള്‍ ലഭിച്ചിരുന്നു.

ജയിച്ചാല്‍ വെങ്കയ്യ നായിഡുവിന് ശേഷം ദക്ഷിണേന്ത്യയില്‍ നിന്ന് ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്ന വ്യക്തികൂടിയാണ് സി.പി.രാധാകൃഷ്ണന്‍. തമിഴ്‌നാട്ടിലും കേരളത്തിലും വേരോട്ടം വര്‍ധിപ്പിക്കാനുള്ള ബി.ജെ.പിയുടെ നീക്കങ്ങള്‍ക്ക് തീരുമാനം കരുത്തുപകരും. അതേസമയം എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടും ഇന്ത്യ മുന്നണി സ്വന്തം സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല. പ്രത്യേക യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് ഇന്ത്യ മുന്നണി തയ്യാറെടുക്കുന്നത്. ബിജെപിയെ പ്രതിരോധിക്കാന്‍ ഡിഎംകെയില്‍ നിന്ന് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാനും ഇന്ത്യ മുന്നണി പദ്ധതിയിടുന്നുണ്ട്. രാജ്യസഭാ എംപി തിരുച്ചി ശിവയെ ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയാക്കിയേക്കും എന്നാണ് സൂചന.

Tags:    

Similar News