ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യയെ കണ്ടപ്പോള്‍ ട്രംപിന് ഇളക്കം..! വിക്ടോറിയ സ്റ്റാമറിനെ അമേരിക്കയിലുടനീളം ബഹുമാനിക്കപ്പെടുന്ന വ്യക്തിയെന്ന് വിശേഷിപ്പിച്ചു ട്രംപ്; ട്രംപിന്റെ അപ്രതീക്ഷിത പുകഴ്ത്തലില്‍ അന്തംവിട്ട് വിക്ടോറിയ
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യയെ കണ്ടപ്പോള്‍ ട്രംപിന് ഇളക്കം..!
ലണ്ടന്‍: മറ്റുള്ളവരുടെ ഭാര്യമാരെ കാണുമ്പോള്‍ ഉള്ള അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഇളക്കം തീരുന്നില്ല. യു.കെ സന്ദര്‍ശനവേളയിലും അദ്ദേഹത്തിന്റെ പതിവ് സ്വഭാവ രീതികളില്‍ മാറ്റം വരുത്തിയിട്ടില്ല എന്നാണ് മനസിലാക്കുന്നത്. സ്‌കോട്ട്ലന്‍ഡില്‍ നടന്ന നേതാക്കളുടെ യോഗത്തില്‍ പങ്കെടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമറിന്റെ ഭാര്യയെ അദ്ദേഹം വാനോളം പുകഴ്ത്തി. വിക്ടോറിയ സ്റ്റാമറിനെ അമേരിക്കയിലുടനീളം ബഹുമാന്യയായ വ്യക്തി എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
ഇത് കേട്ട് വിക്ടോറിയ അമ്പരക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ട്രംപിനും കീര്‍ സ്റ്റാമറിനും ഒപ്പം അവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയെ സന്തോഷിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് ട്രംപ് പറയുന്നതും കേള്‍ക്കാന്‍ കഴിയും. പ്രധാനമന്ത്രി എന്താണ് ചെയ്യുന്നതെന്ന് തനിക്കറിയില്ല എന്നും അദ്ദേഹത്തെപ്പോലെ തന്നെ ഭാര്യയും ബഹുമാനിക്കപ്പെടുന്നതായും ട്രംപ് പറഞ്ഞു. കൂടുതല്‍ പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അത് തന്നെത്തന്നെ കുഴപ്പത്തിലാക്കുമെന്നും കൂട്ടിച്ചേര്‍ത്ത ട്ര്ംപ് പല തവണ വിക്ടോറിയ ഒരു മികച്ച സ്ത്രീയാണ് എന്നും ആവര്‍ത്തിച്ചു.
കുഴപ്പങ്ങള്‍ ഇല്ലാതാക്കാന്‍ നിയമവിരുദ്ധ കുടിയേറ്റം അവസാനിപ്പിക്കാന്‍ ബ്രിട്ടണും യൂറോപ്യന്‍ രാജ്യങ്ങളും ഇടപെടണമെന്നും സ്‌കോട്ട്ലന്‍ഡില്‍ കൂടിക്കാഴ്ചക്കിടെ ട്രംപ് ആവശ്യപ്പെട്ടു. ഗാസലെ മാനുഷിക പ്രശ്നങ്ങളെ കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെതിരെയും ട്രംപ് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. കുടിയേറ്റക്കാരുടെ വിഷയത്തില്‍ ബ്രിട്ടന്‍ സ്വീകരിച്ച ശക്തമായ നിലപാടിനെ ട്രംപ് അഭിനന്ദിച്ചു.
ഫലസ്തീന്‍ വിഷയത്തില്‍ ബ്രിട്ടന് എന്ത് നിലപാടും സ്വീകരിക്കാമെന്നും ട്രംപ് വ്യക്തമാക്കി. ഹമാസും ഇസ്രയേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചകള്‍ നീളുന്നതിനിടെയാണ് ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. ഫ്രാന്‍സിന്റെ മാതൃക പിന്തുടര്‍ന്ന് യു.കെയും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു കത്തില്‍ ഒമ്പത് പാര്‍ട്ടികളില്‍ നിന്നുള്ള ഏകദേശം 255 എംപിമാര്‍ ഇപ്പോള്‍ ഒപ്പുവച്ചിട്ടുണ്ട്.
ഒപ്പിട്ടവരില്‍ ഭൂരിഭാഗവും ലേബര്‍ പാര്‍ട്ടിയിലെ എം.പിമാരാണ്. എന്നാല്‍ ഇക്കാര്യത്തില്‍ മന്ത്രിസഭയിലും തര്‍ക്കം നിലനില്‍ക്കുന്നതായിട്ടാണ് കരുതപ്പെടുന്നത്. കഴിഞ്ഞ മാസം നടന്ന ജി7 ഉച്ചകോടിയില്‍ ഒപ്പുവച്ച യുഎസ്-യുകെ കരാര്‍ ഇരു രാജ്യങ്ങളിലെയും സാധനങ്ങള്‍ക്കുള്ള വ്യാപാര തടസ്സങ്ങള്‍ കുറച്ചിരിക്കുകയാണ്. ട്രംപിന്റെ സന്ദര്‍ശനം പ്രമാണിച്ച് സ്‌ക്കോട്ട്ലന്‍ഡില്‍ അതിശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.