മരുഭൂമി നാട്ടിലെ ആകാശത്ത് എന്തും സംഭവിക്കാമെന്ന അവസ്ഥ; 40,000 അടിയിലേക്ക് വിമാനം പറത്താൻ പൈലറ്റുമാർക്കും ആശങ്ക; കാര്യങ്ങൾ ശുഭകരമല്ലാതെ പോകുന്നതിനിടെ മറ്റൊരു നീക്കവുമായി രാജ്യം; അബുദാബിയിൽ നിന്ന് പ്രത്യേക കാർഗോ വിമാനം കൊച്ചിയിലെത്തും; വരുന്നത് ഈ ആവശ്യത്തിന്
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള ചരക്ക് കയറ്റുമതിക്ക് വലിയ തിരിച്ചടി. കൊച്ചിയിൽ നിന്നുള്ള ചരക്ക് നീക്കത്തിൽ 60 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയതായും, ഈ പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി പച്ചക്കറികൾ മാത്രം ശേഖരിക്കുന്നതിനായി അബുദാബിയിൽ നിന്ന് ഒരു പ്രത്യേക കാർഗോ വിമാനം ഇന്ന് കൊച്ചിയിലെത്തുമെന്നും അധികൃതർ അറിയിച്ചു. സാധാരണയായി യാത്ര വിമാനങ്ങളിലാണ് ചരക്കുകൾ കയറ്റി അയക്കാറുള്ളത്.
പഴം, പച്ചക്കറി, മത്സ്യ വിഭവങ്ങൾ എന്നിവയുടെ കയറ്റുമതി കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് പൂർണ്ണമായും നിലച്ചിരിക്കുകയാണ്. ഇത് കയറ്റുമതി മേഖലയ്ക്ക് കോടികളുടെ നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്. വിമാന സർവീസുകൾ മുടങ്ങിയതോടെ വ്യോമമാർഗമുള്ള കയറ്റുമതി നിലയ്ക്കുകയും, ഹോർമുസ് കടലിടുക്ക് അടച്ചതോടെ കപ്പൽ വഴിയുള്ള ചരക്ക് നീക്കവും തടസ്സപ്പെടുകയും ചെയ്തതാണ് പ്രതിസന്ധിയുടെ ആഘാതം വർദ്ധിപ്പിച്ചത്.
ഈ റംസാൻ കാലയളവിൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി താളം തെറ്റിയത് മേഖലയിലെ വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. പ്രതിദിനം 150 ടൺ പഴം, പച്ചക്കറി വിഭവങ്ങളാണ് കേരളത്തിലെ വിമാനത്താവളങ്ങൾ വഴി സാധാരണയായി കയറ്റുമതി ചെയ്തിരുന്നത്. ഇതിൽ മൂന്നിലൊന്ന് ശതമാനവും തിരുവനന്തപുരം വിമാനത്താവളം വഴിയായിരുന്നു. എന്നാൽ, ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷമാവുകയും വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തതോടെ ഒരു ടൺ പോലും പിന്നീട് കയറ്റുമതി ചെയ്യാനായിട്ടില്ല.
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) കാർഗോ വിഭാഗം തലവൻ സതീഷ് കുമാർ പൈ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ, പ്രതിസന്ധി മറികടക്കാൻ ഇനിയും സമയമെടുക്കുമെന്നും, പച്ചക്കറികൾ കാർഗോയിലേക്ക് എത്തിക്കുന്നതിൽ നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.
പ്രധാനമായും ഗൾഫ് മേഖലയിലേക്കാണ് കേരളത്തിൽ നിന്ന് പഴം, പച്ചക്കറി വിഭവങ്ങൾ കയറ്റുമതി ചെയ്തിരുന്നത്. റംസാൻ വിപണി കർഷകർക്കും കയറ്റുമതിക്കാർക്കും വലിയ സീസൺ ആയിരുന്നെങ്കിലും, നിലവിലെ സാഹചര്യം ഈ അവസരം പൂർണ്ണമായും നഷ്ടപ്പെടുത്തി. കയറ്റുമതി മുടങ്ങിയത് വലിയ നഷ്ടത്തിന് കാരണമായെന്ന് വ്യാപാരികൾ പറയുന്നു. നിലവിൽ ഒമാനിലേക്ക് മാത്രമാണ് പരിമിതമായ തോതിൽ വിമാന സർവീസുകൾ നടത്തുന്നത്. എന്നാൽ, ഈ റൂട്ടിൽ വിമാനക്കമ്പനികൾ സാധാരണ കാർഗോ നിരക്കിന്റെ മൂന്നിരട്ടിയാണ് ഈടാക്കുന്നത്.
സംഘർഷം നീണ്ടുനിൽക്കുകയാണെങ്കിൽ കർഷകർക്കും കയറ്റുമതിക്കാർക്കും ഇനിയും വലിയ നഷ്ടങ്ങൾ നേരിടേണ്ടി വരും. ഇതോടെ കയറ്റുമതി ചെയ്യാനാകാത്ത ഉത്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് നാട്ടിൽ വിറ്റഴിക്കേണ്ടി വരുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
