ജാസ്ലിയയുടെ മരണം: പ്രതിയായ ഡോക്ടറെ ഒളിവില്‍ പോകാന്‍ സഹായിച്ചു; സിറിയക് പി. ജോര്‍ജിന്റെ അച്ഛന്‍ അറസ്റ്റില്‍; മകനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്; പ്രതിയെ കണ്ടെത്താന്‍ സൈബര്‍ പോലീസ് അടക്കം സജീവം; അച്ഛനില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയെന്ന് സൂചന
അങ്കമാലി: അങ്കമാലിയില്‍ ബി.കോം വിദ്യാര്‍ത്ഥിനി ജാസ്ലിയ ജോണ്‍സണ്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പ്രതിയായ ഡോക്ടറെ ഒളിവില്‍ പോകാന്‍ സഹായിച്ച അച്ഛന്‍ അറസ്റ്റില്‍. കോട്ടയം അതിരമ്പുഴ പണ്ടാരകളം വീട്ടില്‍ ജോര്‍ജ് മാത്യുവിനെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്ന മകന്‍ ഡോ. സിറിയക് പി. ജോര്‍ജിനെ ഒളിപ്പിക്കാന്‍ ശ്രമിച്ചതിനാണ് നടപടി. പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
കഴിഞ്ഞ ഫെബ്രുവരി 28-നാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജാസ്ലിയയെ അമിതവേഗത്തില്‍ വന്ന മഹീന്ദ്ര എക്‌സ്.യു.വി 700 ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയി. ചാലാക്കല്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥിയായ സിറിയക് പി. ജോര്‍ജാണ് വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി സിറിയക് പി. ജോര്‍ജിനെതിരെ കുറ്റകരമായ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അതിരമ്പുഴയിലെ വീട് പൂട്ടിക്കിടക്കുകയാണ്. പ്രതിക്കായി ഇടുക്കി, ഏലപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആലുവ ഡിവൈ.എസ്.പി എന്‍. ബാബുകുട്ടന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അപകടമുണ്ടാക്കിയ കാര്‍ തുറവൂരില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിലുണ്ടായിരുന്ന സുഹൃത്ത് അക്ഷയ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
അങ്കമാലി മോണിംഗ് സ്റ്റാര്‍ കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയായിരുന്നു എടവനക്കാട് സ്വദേശിനിയായ ജാസ്ലിയ. മസ്തിഷ്‌ക മരണം സംഭവിച്ച ജാസ്ലിയയുടെ അവയവങ്ങള്‍ നാല് പേര്‍ക്ക് ദാനം ചെയ്താണ് കുടുംബം അവളെ യാത്രയാക്കിയത്. ഒളിവില്‍ കഴിയുന്ന പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.