14 മാസത്തെ ഇടവേളയ്ക്ക് ശേഷം ദുല്‍ഖറിന്റെ ഗംഭീര തിരിച്ചുവരവ്; ഒരേ സമയം ആവേശകമായൊരു ഫൈനാന്‍ഷ്യല്‍ ക്രൈം ത്രില്ലറും ഹൃദയഹാരിയായൊരു കുടുംബ ചിത്രം: തെലുങ്കില്‍ തൊട്ടതെല്ലാം പൊന്നാക്കിയ ദുല്‍ഖറിന് ഇതിലും പിഴച്ചില്ല; 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ലക്കി ഭാസ്‌ക്കര്‍
ജീവിക്കാന്‍ പണം അവശ്യമാണ്. എന്നാല്‍ പണമുണ്ടാക്കാന്‍ മാത്രമായാണ് നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ കഥ മാറും. അദമ്യമായ ഒരു ലഹരിയായി അത് നിങ്ങളെ ചുറ്റിവരിയുകയും നിങ്ങള്‍ നിങ്ങളല്ലാതായി മാറുകയും ചെയ്യും. ആ കഥയാണ് റൈറ്റര്‍ ഡയറക്ടര്‍ വെങ്കി അറ്റ്‌ലൂരിയുടെ തെലുങ്ക്/മലയാളം ഡബ് ചിത്രം ലക്കി ഭാസ്‌കര്‍ പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ഒരാക്റ്ററെന്ന നിലയ്ക്കും സ്റ്റാര്‍ എന്ന നിലയ്ക്കും കരിയറിന്റെ അടുത്ത ലെവലിലേക്ക് പ്രവേശിച്ചുകഴിഞ്ഞതായി പ്രഖ്യാപിക്കുന്ന ലക്കി ഭാസ്‌കര്‍, ഒരേ സമയം ആവേശകമായൊരു ഫൈനാന്‍ഷ്യല്‍ ക്രൈം ത്രില്ലറും ഹൃദയഹാരിയായൊരു കുടുംബ ചിത്രവുമാണ്.
കിംഗ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം നീണ്ട 14 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുല്‍ഖര്‍ സിനിമയായ ലക്കി ഭാസ്‌കര്‍ തിയേറ്ററുകളിലെത്തിയത്. മലയാള സിനിമയല്ലാതിരുന്നിട്ട് കൂടി ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് കേരളത്തില്‍ നിന്നും ലഭിച്ചത്. തെലുങ്കിലും തമിഴ് ബോക്സോഫീസിലും മികച്ച പ്രതികരണം ലഭിച്ചതോടെ മുന്‍വിധികളെ മാറ്റിമറിച്ച സിനിമ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ്. കുടുംബത്തോടൊപ്പം കണ്ടിരിക്കാം പറ്റിയ മനോഹരമായ ചിത്രമാണ് ദുല്‍ഖറിന്റെ ലക്കി ഭാസ്‌കര്‍. കേരളത്തില്‍ ലക്കി അല്ലെങ്കിലും തെലുങ്കില്‍ ദുല്‍ഖര്‍ തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമേ ഒള്ളൂ. ആ ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ് ഈ ചിത്രത്തിലൂടെ.
കുടുംബത്തോടുള്ള സ്‌നേഹവും, വൈകാരികതയും ഈ ചിത്രത്തില്‍ എടുത്ത് കാണിക്കുന്നുണ്ട്. കണ്ട് കഴിയുമ്പോള്‍ എല്ലാ ആളുകള്‍ക്കും കണക്ട് ചെയ്യാന്‍ പറ്റുന്ന ഒരു സൂപ്പര്‍ ചിത്രം തന്നെയാണ് ലക്കി ഭാസകര്‍. തിയേറ്ററില്‍ പോയി എക്‌സ്പീരയന്‍സ് ചെയ്യാവുന്ന ഒരു സൂപ്പര്‍ ഡൂപ്പര്‍ ഫാമിലി എന്‍ടെന്റ്റേയ്‌നര്‍ തന്നെ എന്ന് പറയാന്‍ സാധിക്കും.
ദീപാവലിക്ക് ആഗോള റിലീസായെത്തിയ ദുല്‍ഖര്‍ സല്‍മാന്റെ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിന്റെ 4 ദിവസത്തെ ആഗോള കലക്ഷന്‍ 55 കോടി 40 ലക്ഷം. കേരളത്തിലും ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറുന്ന ചിത്രം റിലീസ് ചെയ്ത് നാലാം ദിവസം നേടിയ കേരളാ ഗ്രോസ് 2 കോടി 60 ലക്ഷമാണ്.
7.50 കോടിയാണ് ആദ്യത്തെ ദിനം 'ലക്കി ഭാസ്‌കര്‍' ഇന്ത്യയില്‍ നിന്നു നേടിയത്. റിലീസിന്റെ തലേദിവസമായ ഒക്ടോബര്‍ 30 ന് ചിത്രത്തിന്റെ സ്‌പെഷ്യല്‍ പ്രിവ്യു ഷോകള്‍ അണിയറപ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ നിന്ന് ഒരു കോടി രൂപയാണ് ചിത്രം നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ചിത്രത്തിന്റെ കളക്ഷന്‍ 8.50 കോടിയായി. കേരളത്തിലും ചിത്രത്തിന് വലിയ വരവേല്‍പ്പാണ് ലഭിക്കുന്നത്. എട്ടു കോടിയോളമാണ് ചിത്രം ഇതുവരെ കേരളത്തില്‍ നിന്ന് മാത്രം നേടിയത്.
കേരളത്തിലും ഗള്‍ഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്. കുടുംബ പ്രേക്ഷകരും യുവാക്കളുമുള്‍പ്പെടെ എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ സ്വീകരിക്കുന്ന ചിത്രം ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. വെങ്കി അറ്റ്‌ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം, 1992 ല്‍ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ഭാസ്‌കര്‍ എന്ന ഒരു സാധാരണ ബാങ്ക് ക്ലര്‍ക്കിന്റെ കഥയാണ് പറയുന്നത്.